ന്യൂഡല്‍ഹി: ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങി. കൊറോണ വൈറസ് പ്രഭവകേന്ദ്രമാണ് ചൈനയിലെ വുഹാന്‍. എയര്‍ ഇന്ത്യ വിമാനത്തിന് വുഹാനിലിറങ്ങാന്‍ ചൈന അനുമതി നല്‍കിയിട്ടുണ്ട്. ബെയ്‌ജിങ്ങിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതെന്ന് വിദേശകാര്യ വക്‌താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്‌തു.
വുഹാനിലുള്ള ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും വിദ്യാര്‍ഥികളാണ്. ചൈനീസ് അധികൃതരുമായും ഹുബേ പ്രവിശ്യയിലെ ഇന്ത്യക്കാരുമായും എംബസി സമ്ബര്‍ക്കം പുലര്‍ത്തുന്നുണ്ട്. നടപടിയുടെ പുരോഗതി പിന്നാലെ അറിയിക്കുമെന്നും ട്വീറ്റിലുണ്ട്. ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ടതായും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുകയാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ വൈകാതെ ചില മാര്‍ഗങ്ങള്‍ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്നു ബെയ്‌ജിങ്ങിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. വിസയോ വര്‍ക്ക് പെര്‍മിറ്റോ പുതുക്കുന്നതിനുവേണ്ടി പാസ്‌പോര്‍ട്ട് ചൈനീസ് അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളവരാണ് വിവരങ്ങള്‍ കൈമാറേണ്ടത്. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ വുഹാന്‍ നഗരത്തിലേക്കും നഗരത്തില്‍നിന്നുമുള്ള എല്ലാവിധ ഗതാഗത സംവിധാനങ്ങളും ചൈനീസ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പ്രദേശം ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ്.
വുഹാനിലെ വിവിധ മെഡിക്കല്‍ കോളജുകളിലായി അഞ്ഞൂറിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇവരില്‍ ഒരു വിഭാഗം പേര്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തതിനു പിന്നാലെ നഗരത്തില്‍നിന്നു പുറത്തു കടന്നു. എന്നാല്‍, 250 മുതല്‍ 300 പേര്‍ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. പാസ്‌പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് വിവരങ്ങള്‍ അറിയിക്കാന്‍ പ്രത്യേക ഇ മെയില്‍ ഐ.ഡിയും തയാറാക്കിയിട്ടുണ്ട്. എംബസിയുടെ മൂന്നു ഹോട്ട്‌ലൈനുകള്‍ക്ക് പുറമെയാണിത്. ഭക്ഷണത്തിലും വെള്ളത്തിനും ബുദ്ധിമുട്ട് നേരിടുന്നവരും വിവരം അറിയിക്കണമെന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്. ചൈനീസ് അധികൃതരുമായി ബന്ധപ്പെട്ട് ഭക്ഷണവും വെള്ളവും എത്തിക്കുമെന്നാണ് അധികൃതരുടെ വാഗ്‌ദാനം.
ALSO READ: കൊറോണ വൈറസ്: കേരളത്തിൽ ജാഗ്രത ശക്തമാക്കി ; ആകെ നിരീക്ഷണത്തിലുള്ളത് 633 പേർ
പുറംലോകത്തിനുനേരേ വാതിലുകള്‍ കൊട്ടിയടച്ച് ചൈനീസ് ഗ്രാമങ്ങള്‍. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4,500 കടന്നതോടെയാണു പല ചൈനീസ് ഗ്രാമങ്ങളും സ്വന്തം രീതിയില്‍ പ്രതിരോധ നടപടി തുടങ്ങിയത്. വൈറസ് ഏറ്റവും ബാധിച്ച ഹുബെയ് പ്രവിശ്യയില്‍നിന്നു പുറത്തേക്കു പോകുന്നതില്‍ ഇപ്പോള്‍തന്നെ വിലക്കുണ്ട്.
Post Your Comments