അന്വേഷണത്തിന്റെ ഭാഗമായി തെളിവു നല്‍കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഗൂഢനീക്കമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രട്ടേറിയറ്റ് പറഞ്ഞു. സംഘടനയെ അടിച്ചമര്‍ത്താന്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ നീക്കം മാത്രമാണിത്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഗൂഢപദ്ധതികള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുകയും ഉറച്ച നിലപാടു സ്വീകരിക്കുകയും ചെയ്യുന്ന പോപുലര്‍ ഫ്രണ്ടിനെതിരായ രാഷ്ട്രീയ പകപോക്കലാണ് ഇത്. രാജ്യത്തെ സത്യസന്ധരും വിവേകമതികളുമായ എല്ലാ വ്യക്തികളും പ്രസ്ഥാനങ്ങളും ഇത് മനസ്സിലാക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
ജനവിരുദ്ധമായ സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭം ദിനംപ്രതി ശക്തിപ്പെട്ടുവരികയും അത് രാജ്യത്തിന്റെ ശബ്ദമായി മാറുകയും ചെയ്യുകയാണ്. ഇത് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ പ്രക്ഷോഭങ്ങളെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനുമായി എല്ലാ വൃത്തിക്കെട്ട കളികളും കളിക്കുകയാണ്. ഹിന്ദുത്വ അജണ്ടയെ പ്രതിസന്ധിയിലാക്കിയ അതിശക്തമായ പ്രക്ഷോഭത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പോപുലര്‍ ഫ്രണ്ടിനെ ബലിയാടാക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവര്‍ ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയും നിരപരാധികളായ മുസ്‌ലിംകളെ, പ്രത്യേകിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും അനുഭാവികളെയും ലക്ഷ്യംവയ്ക്കുകയും ചെയ്തു. ഒപ്പം അവരുടെ വാലാട്ടികളായ ഒരുപറ്റം മാധ്യമങ്ങളുടെ സഹായത്തോടെ സംഘടനക്കെതിരേ കുപ്രചാരണം നടത്തുകയും ചെയ്തു. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണത്തിന്റെ പേരിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിന്റെ മറവില്‍ അധികാരികള്‍ നടത്തിയ നീക്കങ്ങളില്‍ നിന്നു തന്നെ ബി.ജെ.പി സര്‍ക്കാരിന്റെ യഥാര്‍ഥ അജണ്ട വ്യക്തമാണ്.
ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ തങ്ങള്‍ക്കു മേല്‍ അന്യായമായി അടിച്ചേല്‍പ്പിച്ച എല്ലാ പ്രതിസന്ധികളെയും ചെറുത്തുതോല്‍പ്പിച്ച പാരമ്പര്യമാണ് പോപുലര്‍ ഫ്രണ്ടിനുള്ളത്. നിലവിലെ ഭീഷണികളെയും ജനാധിപത്യപരമായും നിയമപരമായും സംഘടന മറികടക്കും. രാജ്യത്തെ ജനങ്ങളിലും നമ്മുടെ ഭരണഘടനയിലും അതുയര്‍ത്തിപ്പിടിക്കുന്ന മതേതര, ജനാധിപത്യ ആശയങ്ങളിലും ഞങ്ങള്‍ക്ക് പൂര്‍ണ്ണവിശ്വാസമാണുള്ളത്. അതുകൊണ്ടുതന്നെ അത്യന്തികമായി തിന്മയുടെ ശക്തികള്‍ തകരുകയും സത്യം വിജയിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Post Your Comments