തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൂട്ടു കച്ചവടമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻറെ ലാവ്‌ലിൻ അഴിമതി കേസിൽ നിന്ന് അദ്ദേഹത്തെ കേന്ദ്ര സർക്കാർ രക്ഷിക്കുമെന്ന് ഉറപ്പു നൽകിയിട്ടുള്ളതായി സംശയിക്കുന്നെന്ന് ചെന്നിത്തല പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണറെ നീക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു കൊണ്ടാണ് പ്രതിപക്ഷം അസാധാരണ പ്രതിഷേധം നടത്തിയത്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് സഭയിലേക്ക് ആനയിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി നിന്നത്.
ഇവരെ നീക്കാനുളള അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിച്ച് വരുത്തി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രതിപക്ഷാംഗങ്ങളെ നീക്കുകയായിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വലയത്തിലാണ് ഗവര്‍ണറെ സ്പീക്കറുടെ പോഡിയത്തില്‍ എത്തിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പത്തുമിനിറ്റ് വൈകിയാണ് സഭാ നടപടികള്‍ തുടങ്ങിയത്. ഗവര്‍ണറുടെ നയ പ്രഖ്യാപനം പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷം സഭയില്‍ നിന്ന ഇറങ്ങിപ്പോയി.
അതേസമയം, ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം പ്രസിദ്ധീകരിച്ചു. സഭാബുള്ളറ്റിനിലാണ് രമേശ് ചെന്നിത്തല നൽകിയ പ്രമേയം പ്രസിദ്ധീകരിച്ചത്. നിയമസഭയിൽ ഇന്നു നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18–ാം പാരഗ്രാഫ് വായിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. ഇന്ന് രാവിലെ ഒൻപതു മണിക്കാണ് നയപ്രഖ്യാപന പ്രസംഗം.
Post Your Comments