ചില കുഞ്ഞുങ്ങള്‍ രാത്രി വളരെ വൈകിയാണ് ഉറങ്ങാറുള്ളത്. കുഞ്ഞുങ്ങള്‍ രാത്രിയില്‍ നന്നായി ഉറങ്ങാന്‍ എന്ത് ചെയ്യണമെന്ന് ചില രക്ഷിതാക്കള്‍ ചോദിക്കാറുണ്ട്. ഈ നാല് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രാത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.
മുറിയിലെ വെളിച്ചത്തിനും കുഞ്ഞിന്റെ ഉറക്കത്തില്‍ പങ്കുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. കുഞ്ഞുങ്ങളെ ഉറക്കുന്ന സമയം അധികം പ്രകാശം ആവശ്യമില്ല. ഉറങ്ങുന്നതിന് മുന്‍പായി അരണ്ട വെളിച്ചം ലഭിക്കുന്ന രീതിയില്‍ മുറി ക്രമീകരിക്കുക. ക്രമേണ ഈ വെളിച്ചം ഇടുന്നത് ഉറങ്ങാനുള്ള സമയമായെന്നതിന്റെ സൂചനയാണെന്ന് കുഞ്ഞ് മനസ്സിലാക്കി തുടങ്ങും.
ഉറക്കത്തിന് മുന്‍പായി കുഞ്ഞുങ്ങളെ ചെറുചൂടു വെള്ളത്തില്‍ കുളിപ്പിക്കുന്നത് ഗുണം ചെയ്യും. ശരീര പേശികള്‍ക്ക് അയവു വരുന്നതിനും ഉറക്കം വരാനും ഇത് സഹായിക്കും. കുഞ്ഞിന്റെ ശരീരം മൃദുവായി മസാജ് ചെയ്യുന്നതും ഉറക്കത്തെ വളരെ അധികം സഹായിക്കും.
കുഞ്ഞുങ്ങളുടെ ഉറക്കം ഓരോ ദിവസം ഓരോ മുറിയിലാക്കരുത്. പതിവായി ഒരേ സ്ഥലത്ത് തന്നെ ഉറക്കുക. കിടക്കയിലും മുറിയിലും ഉണ്ടാകുന്ന മാറ്റം കുഞ്ഞിന്റെ ഉറക്കത്തെയും സാരമായി ബാധിച്ചേക്കാം. കുഞ്ഞിന്റെ സുഖമായ ഉറക്കത്തിന് മൃദുവായ കിടക്കയും തലയിണയും മറ്റും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
രാത്രി കാലങ്ങളില്‍ കുഞ്ഞ് ഉണര്‍ന്നാല്‍ ഉടനെ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ എടുക്കുന്നത് കുഞ്ഞിന്റെ ഉറക്കം മുറിയാനും അധികസമയം ഉണര്‍ന്നിരിക്കാനും കാരണമാകും. കുഞ്ഞ് ഉണര്‍ന്നാല്‍ താരാട്ടു പാടിയോ ശരീരം മൃദുവായി തലോടിയോ ഉറക്കാന്‍ ശ്രമിക്കുക.
Post Your Comments