ആലപ്പുഴ•ആലപ്പുഴയിലെ ചരിത്ര പ്രസിദ്ധമായ മുല്ലയ്ക്കൽ ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിന് മുന്നിൽ മാംസാഹാരങ്ങൾ വിൽക്കുവാനുള്ള ചിലരുടെ ശ്രമം ക്ഷേത്രാചാരങ്ങളോടുള്ള വെല്ലുവിളി ആണെന്ന് മുല്ലയ്‌ക്കൽ ക്ഷേത്രോപദേശക സമിതി ആരോപിച്ചു.
ദേവീ ചൈതന്യം നിറഞ്ഞുനിൽക്കുന്ന ഈ ക്ഷേത്രത്തിന് നേരെ എതിർവശം ഉള്ള ഹോട്ടലിൽ മൽസ്യ മാംസാദികൾ വിൽക്കുവാൻ പോകുന്നു എന്നത് ഭക്തജനങ്ങളിൽ ഏറെ വൈകാരികമായ പ്രതിക്ഷേധം ഉണ്ടാകുന്നതിന് കാരണമായിരുന്നു. നാളിതുവരെ ഇങ്ങനെ ഒന്ന് ഇവിടെ ഉണ്ടായിട്ടില്ല. തീർച്ചയായും ഇത് ഒരു മതവിഭാഗത്തേയും വിശ്വാസത്തെയും വൃണപ്പെടുത്തുവാൻ കരുതിക്കൂട്ടി നടത്തുന്ന നീക്കമായി ഭക്തജനങ്ങൾ കാണുന്നു. നിരവധി ആളുകൾ ഉപദേശക സമിതിയോട് ഇതിന്മേലുള്ള പ്രതിക്ഷേധം അറിയിച്ചു കഴിഞ്ഞു.
സാമുദായിക വികാരം ഇളക്കി സംഘർഷം ഉണ്ടാക്കുവാനുള്ള ചിലരുടെ ആസൂത്രിത നീക്കമായി ഇതിനെ കാണേണ്ടതുണ്ട്. ഇതിനെതിരെ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ, പോലീസ് മേധാവി. നഗരസഭാ സെക്രെട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. സത്വര നടപടി ഉണ്ടാകാത്ത പക്ഷം മറ്റു നടപടികൾ സ്വീകരിക്കുമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡണ്ട് ജി. വിനോദ് കുമാർ, മറ്റു ഭാരവാഹികളായ ജി.സതീഷ്‌കുമാർ, ആർ.വെങ്കിടേഷ് കുമാർ എന്നിവർ അറിയിച്ചു. കമ്മറ്റി അംഗങ്ങളായ പി. അനിൽ കുമാർ, കെ.എം.ബാബു, കെ.രാമചന്ദ്രൻ നായർ, സാബു.വി.സി, നാരായണൻ, ബി.വിജയൻ, ഹരികുട്ടൻ എന്നിവർ സംസാരിച്ചു.
Post Your Comments