Latest NewsNewsIndia

സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് സാമ്പത്തിക സഹായം : പ്രതികരണവുമായി പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി•സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് മുന്നോടിയായി പോപുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും 120 കോടി രൂപ നീക്കം ചെയ്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന പറഞ്ഞു. ഇതുസംബന്ധിച്ച് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെ സംഘടന ശക്തമായി അപലപിക്കുന്നു. എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ലെ ചില ‘അജ്ഞാത സ്രോതസ്സുകളെ’ ഉദ്ദരിച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഇ.ഡി അധികൃതര്‍ പോപുലര്‍ ഫ്രണ്ടിനെ ബന്ധപ്പെടുകയോ, ഏതെങ്കിലും പ്രസ്താവനകള്‍ പുറത്തിറക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ 73 ബാങ്ക് അക്കൗണ്ടുകള്‍ നിലവിലുണ്ടെന്നും അതിലൂടെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളെ സാമ്പത്തികമായി സഹായിച്ചുവെന്നുമാണ് വാര്‍ത്തകളില്‍ ആരോപിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ ഇതിനകം പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് മുമ്പ് സംഘടനാ അക്കൗണ്ടില്‍ നിന്നും പണം നീക്കം ചെയ്തുവെന്ന അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കാന്‍ തയ്യാറാവണമെന്നും ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

പോപുലര്‍ ഫ്രണ്ട് കേരള സംസ്ഥാന ഘടകത്തിന്റെ അക്കൗണ്ടില്‍ നിന്നും അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദവേ, ഇന്ദിരാ ജയ്‌സിംഗ് എന്നിവര്‍ക്ക് പണം നല്‍കിയെന്നാണ് ചില ചാനലുകളുടെ ആരോപണം. ഹാദിയ കേസ് നടത്തിപ്പിന്റെ വക്കീല്‍ ഫീസ് ഇനത്തില്‍ 2017 ല്‍ നല്‍കിയ തുകയാണ് ഇത്. വിവിധ പൊതുയോഗങ്ങളിലടക്കം, നിരവധി വേദികളില്‍ ഇക്കാര്യം പോപുലര്‍ ഫ്രണ്ട് പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്തം പോപുലര്‍ ഫ്രണ്ടിനു മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള സങ്കുചിത താല്‍പ്പര്യമാണ് വസ്തുതകളെ വളച്ചൊടിച്ചുകൊണ്ടുള്ള ഇത്തരം ആരോപണങ്ങളിലൂടെ വ്യക്തമാവുന്നത്. 2017 ല്‍ വക്കീല്‍ ഫീസിനത്തില്‍ നടത്തിയ ഒരു ഇടപാടിനെ 2019ലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നത് തികഞ്ഞ അസംബന്ധവും പോപുലര്‍ ഫ്രണ്ടിനെ കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ്.

പോപുലര്‍ ഫ്രണ്ടിന്റെ കശ്മീര്‍ ഘടകത്തിന് തുക നീക്കം ചെയ്തുവെന്നാണ് മറ്റൊരു ആരോപണം. ജമ്മു കശ്മീരില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം ഇല്ലെന്നത് പകല്‍പോലെ വ്യക്തമായ വസ്തുതയാണ്. കശ്മീരില്‍ പോപുലര്‍ ഫ്രണ്ടിന്റെ ഏതെങ്കിലും ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തെളിയിക്കാന്‍ ‘പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ’ ഞങ്ങള്‍ വെല്ലുവിളിക്കുന്നു. 2014 ലെ പ്രളയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കശ്മീരില്‍ സജീവമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇരകളായവര്‍ക്ക് നൂറിലധികം വീടുകള്‍ വച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. 2014 ല്‍ തന്നെ ഇക്കാര്യം ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൂടെ സംഘടന പരസ്യപ്പെടുത്തിയിട്ടുള്ളതാണ്. 2014 ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ 2019 ല്‍ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി മാറുന്നത്, സംഘടനയുടെ വളര്‍ച്ച തടയാനും മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താനും ലക്ഷ്യമിട്ട് ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുവെന്നതിന്റെ തെളിവാണ്.

ഇതിനു മുമ്പുണ്ടായിട്ടുള്ളതു പോലെ തെളിയിക്കപ്പെടാനാവാത്ത ആരോപണങ്ങളുടെ ആവര്‍ത്തനമായി ഇവയും മാറുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. യു.പിയിലും ആസാമിലും നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് സംഘടനയുടെ സംസ്ഥാന നേതാക്കളെ ഇരു സംസ്ഥാനങ്ങളിലും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച യാതൊരു ആരോപണങ്ങളും കോടതിയില്‍ തെളിയിക്കാന്‍ കഴിയാതെ പരാജയപ്പെടുകയും നേതാക്കള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. പോപുലര്‍ ഫ്രണ്ടിന്റെ പ്രയാണത്തിന് തടയിടാന്‍ ഫാഷിസ്റ്റുകളുടെ പങ്കുപറ്റുന്നവര്‍ പടച്ചു വിടുന്ന ഇത്തരം തരംതാണ ആരോപണങ്ങള്‍ക്കു മുമ്പില്‍ സംഘടന മുട്ടുമടക്കില്ല. വിയോജിപ്പുകളെ അടിച്ചമര്‍ത്തി നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റു ശക്തികള്‍ക്കെതിരായ പോരാട്ടം അതിശക്തമായി തുടരുമെന്നും എം മുഹമ്മദലി ജിന്ന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button