KeralaLatest NewsNews

സിഎഎയുടെയും എന്‍ആര്‍സിയുടെയും വെല്ലുവിളിയെ ഒന്നിച്ചെതിര്‍ക്കുന്നതിനു പകരം ഭരണപ്രതിസന്ധി സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് ; സിഎഎ നിലപാടില്‍ കേരള സര്‍ക്കാര്‍ ഒരു തരിമ്പും വിട്ടുവീഴ്ചയ്ക്കില്ല : തോമസ് ഐസക്

പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി തോമസ് ഐസക് രംഗത്ത്. പൗരത്വ നിയമഭേദഗതിയുടെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വെല്ലുവിളിയെ ഒന്നിച്ചെതിര്‍ക്കുന്നതിനു പകരം കേരളത്തിലൊരു ഭരണപ്രതിസന്ധി സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കൂറിച്ചു. പൗരത്വ നിയമഭേദഗതി സംബന്ധിച്ച രാഷ്ട്രീയ നിലപാടില്‍ ഒരു തരിമ്പും വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പൗരത്വനിയമഭേദഗതിയ്‌ക്കെതിരെ കേരളം സ്വീകരിച്ചതുപോലെ ശക്തമായ നിലപാട്, ഒറ്റക്കെട്ടായി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന എത്ര സംസ്ഥാനങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും അതത് സംസ്ഥാനങ്ങളിലെ പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്ത് വിശാലമായ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ എവിടെയൊക്കെ കോണ്‍ഗ്രസ് മുന്‍കൈയെടുത്തിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പിലൂടെ ചോദിച്ചു.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

പൗരത്വ നിയമഭേദഗതിയുടെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വെല്ലുവിളിയെ ഒന്നിച്ചെതിര്‍ക്കുന്നതിനു പകരം ഈ അവസരത്തെ കേരളത്തിലൊരു ഭരണപ്രതിസന്ധി സൃഷ്ടിക്കാനാണ് പ്രതിപക്ഷം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്. സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിയ്ക്കുള്ള മറുപടി കേരളത്തില്‍ ഭരണപ്രതിസന്ധി സൃഷ്ടിക്കുകയല്ല. കേരള സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി സംബന്ധിച്ച രാഷ്ട്രീയ നിലപാടില്‍ ഒരു തരിമ്പും വിട്ടുവീഴ്ചയ്ക്കുമില്ല. എന്നാല്‍ അത് കേരള ഗവര്‍ണറുമായുള്ള വ്യക്തിപരമായ സംഘര്‍ഷമായി ഈ പ്രശ്‌നം ചുരുക്കാന്‍ തയ്യാറുമല്ല.

കേന്ദ്രസര്‍ക്കാരിനെതിരെ പരമാവധി ജനങ്ങളെ അണിനിരത്തി സംഘപരിവാറിനെ രാഷ്ട്രീയമായി ചെറുത്തു തോല്‍പ്പിക്കലാണ് എല്‍ഡിഎഫ് മുന്നോട്ടു വെയ്ക്കുന്ന നിലപാട്. ആ കൂട്ടായ്മയില്‍ സങ്കുചിത രാഷ്ട്രീയനിലപാടുകള്‍ക്ക് പ്രസക്തിയും കാണുന്നില്ല. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിനെ വിശ്വാസത്തിലെടുക്കാനും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും സര്‍ക്കാരും മുഖ്യമന്ത്രിയും തയ്യാറായത്. ഇന്ത്യയാകെ പ്രകീര്‍ത്തിച്ച ഒരുമയാണ് കേരളത്തില്‍ കണ്ടത്.

എന്നാല്‍ പ്രതിപക്ഷ നേതാവിനെ സ്വന്തം പാര്‍ടി തന്നെ തള്ളിപ്പറയുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. സംഘപരിവാറിനെതിരെ ഒറ്റക്കെട്ടായ ജനമുന്നേറ്റം എന്ന, രാജ്യവും ലോകവും പ്രതീക്ഷയോടെ ഉറ്റുനോക്കിയ രാഷ്ട്രീയനീക്കത്തില്‍ പരസ്യമായി വിഷം കലക്കുകയായിരുന്നു കെപിസിസി പ്രസിഡന്റും സംഘവും. ഗത്യന്തരമില്ലാതെ ആ സമ്മര്‍ദ്ദത്തിന് പ്രതിപക്ഷ നേതാവിനുപോലും കീഴടങ്ങേണ്ടി വന്നു. കെപിസിസി പ്രസിഡന്റിന്റെ വഞ്ചനാപരമായ നിലപാടിനെ ഉമ്മന്‍ചാണ്ടി പോലും തള്ളിപ്പറഞ്ഞിട്ടും, ധീരമായ നിലപാടു സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവിനായില്ല.

ആ ജാള്യത മറയ്ക്കാനാണ് അദ്ദേഹം ഗവര്‍ണര്‍ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ഉന്നം വ്യക്തമാണ്. സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടാക്കുക. അതില്‍ നിന്ന് മുതലെടുപ്പു നടത്തുക. ഇത് അംഗീകരിക്കാനാവില്ല. കേരളത്തില്‍ ഭരണഘടനാപ്രതിസന്ധിയും ഭരണസ്തംഭനവും ഉണ്ടാക്കി, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചുകൊണ്ടല്ല, കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കേണ്ടത്.

പൗരത്വനിയമഭേദഗതിയ്‌ക്കെതിരെ കേരളം സ്വീകരിച്ചതുപോലെ ശക്തമായ നിലപാട്, ഒറ്റക്കെട്ടായി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന എത്ര സംസ്ഥാനങ്ങള്‍ തയ്യാറായിട്ടുണ്ട്.? അതത് സംസ്ഥാനങ്ങളിലെ പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്ത് വിശാലമായ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ എവിടെയൊക്കെ കോണ്‍ഗ്രസ് മുന്‍കൈയെടുത്തിട്ടുണ്ട്? കോണ്‍ഗ്രസ് ഭരണത്തിലുള്ള ആകെ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമാണ് പൌരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രമേയം പാസാക്കിയത്. അവര്‍ പോലും എന്‍ആര്‍സി നടപ്പിലാക്കില്ല എന്നു പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളാകട്ടെ ഇപ്പോഴും നിസംഗതയിലുമാണ്.

കേരളത്തെ മാതൃകയാക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് പ്രതിപക്ഷ നേതാവ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. അതിനു ശേഷം സമയമുണ്ടെങ്കില്‍ പോരേ, ഇതുപോലുള്ള പൊറാട്ടു നാടകങ്ങള്‍?

shortlink

Related Articles

Post Your Comments

Related Articles


Back to top button