കോഴിക്കോട്: കോഴിക്കോട് വെള്ളിമാട് കുന്നില്‍ ദുരൂഹ സാഹചര്യത്തില്‍ ഭിന്നശേഷി കുട്ടികള്‍ താമസിക്കുന്ന സര്‍ക്കാര്‍കേന്ദ്രത്തില്‍ ആറുവയസ്സുകാരന്‍ മരിച്ച നിലയില്‍. മാനന്തവാടി സ്വദേശികളായ ജിഷോയുടെയും നിത്യയുടെയും മകന്‍ അജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. ഒപ്പം താമസിക്കുന്ന മുതിര്‍ന്ന കുട്ടികള്‍ മര്‍ദിച്ചതാണു മരണ കാരണമെന്നാണു പൊലീസ് നിഗമനം.
ഇന്നലെ വൈകിട്ടോടെ മൂക്കില്‍ നിന്ന് ചോരയൊലിക്കുന്ന നിലയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെ കണ്ടത് ജീവനക്കാരനാണ്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇവിടെ നിന്ന മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.
രാത്രി പന്ത്രണ്ടുവരെ കുട്ടിക്ക് ബാഹ്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ഓട്ടിസം ബാധിച്ച കുട്ടിയാണെന്നുമാണ് ബന്ധപ്പെട്ടവര്‍ പോലീസിനോട് പറഞ്ഞത്. അജിന്റെ മാനസികവെല്ലുവിളി നേരിടുന്ന അമ്മ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ചുപോയി. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു കുട്ടി.
അജിന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഇവിടെയെത്തിയത്. ആറിനും 18നും ഇടയില്‍ പ്രായമുള്ള 38 കുട്ടികളാണ് വെള്ളിമാടുകുന്ന് എച്ച്എംഡിസിയിലുള്ളത്. അന്തേവാസികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് മരിച്ചത്. മുറിയില്‍ ഒപ്പമുണ്ടായിരുന്ന ചില കുട്ടികള്‍ രാത്രി ഈ കുട്ടിയെ മര്‍ദിച്ചതായി പറയുന്നുണ്ടെങ്കിലും അന്തേവാസികളെല്ലാം മാനസിക വെല്ലുവിളിയുള്ളവരായത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനു തടസ്സമാകുന്നുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
Post Your Comments