Latest NewsIndia

അതിവിശിഷ്‌ട സേവാ മെഡല്‍ മൂന്നു മലയാളികൾക്ക്

പ്രത്യേക അടിയന്തിര ഓപ്പറേഷനുകളായ ഓപ്പറേഷന്‍ റിനോയില്‍ പങ്കെടുത്ത ഒരാള്‍ക്കും ഓപ്പറേഷന്‍ രക്ഷകില്‍ പങ്കെടുത്ത 15 പേര്‍ക്കു പ്രത്യേക പരാമര്‍ശങ്ങളും ലഭിച്ചു.

ന്യൂഡല്‍ഹി: റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ചുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. മണിപ്പുരില്‍ ഇന്റലിജന്‍സ്‌-സൈനിക വിഭാഗത്തില്‍ സ്‌തുത്യര്‍ഹ സേവനം കാഴ്‌ചവച്ച ലഫ്‌. കേണല്‍ ജ്യോതി ലാമ, മേജര്‍ കെ. ബിജേന്ദ്ര സിങ്‌, ബിഹാര്‍ റജിമെന്റ്‌ ശിപായി കര്‍മെഡോ ഒറോണ്‍, ബാലാക്കോട്ട്‌ ആക്രമണത്തില്‍ പങ്കുവഹിച്ച പാരാ കമാന്‍ഡോ നയിബ്‌ സുബേദാര്‍ നരേന്ദ്ര സിങ്‌ എന്നിവരെയും മരണാനന്തര ബഹുമതിയായി നയിബ്‌ സുബേദാര്‍ സോംബിറിനെയും രാജ്യം ശൗര്യ ചക്ര നല്‍കി ആദരിച്ചു.

പരമ വിശിഷ്‌ട സേവാ മെഡലിന്‌ 19 പേരും ഉത്തം യുദ്ധ്‌ സേവാ മെഡലിന്‌ നാലുപേരും അതിവിശിഷ്‌ട സേവാ മെഡലിന്‌ 32 പേരും അര്‍ഹരായി. മലയാളികളായ മേജര്‍ ജനറല്‍ ജോണ്‍സണ്‍ പി. മാത്യു, മേജര്‍ ജനറല്‍ പി. ഗോപാലകൃഷ്‌ണ മേനോന്‍, മേജര്‍ ജനറല്‍ പ്രദീപ്‌ ചന്ദ്രന്‍ നായര്‍ എന്നിവര്‍ അതിവിശിഷ്‌ട സേവാ മെഡലിന്‌ അര്‍ഹരായി. അതേസമയം വിശിഷ്‌ട സേവാ മെഡലിനു മലയാളികളായ ബ്രിഗേഡിയര്‍മാരായ രമേഷ്‌ ബാലന്‍, രാമന്‍കുട്ടി പ്രേം രാജ്‌, കേണല്‍മാരായ അക്ഷയ്‌ ചന്ദ്രന്‍, അജയ്‌ കുമാര്‍, നായിബ്‌ സുബേദാര്‍ ജിന്‍സണ്‍ ജോണ്‍സണ്‍ എന്നിവരുള്‍പ്പെടെ 76 പേര്‍ അര്‍ഹരായി.

പ്രത്യേക അടിയന്തിര ഓപ്പറേഷനുകളായ ഓപ്പറേഷന്‍ റിനോയില്‍ പങ്കെടുത്ത ഒരാള്‍ക്കും ഓപ്പറേഷന്‍ രക്ഷകില്‍ പങ്കെടുത്ത 15 പേര്‍ക്കു പ്രത്യേക പരാമര്‍ശങ്ങളും ലഭിച്ചു.യുദ്ധ്‌ സേവാ മെഡലിന്‌ എട്ടുപേരും ധീരതയ്‌ക്കുള്ള ബാര്‍ ടു സേനാ മെഡലിനു നാലുപേരും ധീരതയ്‌ക്കുള്ള സേനാ മെഡലിന്‌ 107 പേരും വിശിഷ്‌ട സേവനത്തിനുള്ള ബാര്‍ ടു സേനാ മെഡലിന്‌ നാലുപേരും വിശിഷ്‌ട സേവനത്തിനുള്ള സേനാ മെഡലിന്‌ 36 പേരും അര്‍ഹരായി. വിശിഷ്‌ട സേവനത്തിനുള്ള സേനാ മെഡല്‍ മലയാളികളായ കേണല്‍ സഞ്‌ജു മാത്യു, ലഫ്‌ കേണല്‍ ബിശ്വാസ്‌ രാമചന്ദ്രന്‍ നമ്പ്യാർ എന്നിവര്‍ക്കു ലഭിച്ചു.

shortlink

Post Your Comments


Back to top button