നെടുങ്കണ്ടം : വരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയതിനെ തുടര്‍ന്ന് വിവാഹം വൈകി. വാഹന പരിശോധനയെ തുടര്‍ന്ന് വഴിയില്‍ കിടന്നതോടെ നിശ്ചയിച്ചിരുന്ന സമയവും തെറ്റി. എഴുകുംവയല്‍ കാക്കനാട് റെനിറ്റിന്റെ മനസ്സമ്മതം രാജാക്കാട് ക്രിസ്തുരാജ് ദേവാലയത്തില്‍ ഇന്നലെ രാവിലെ 11.30നാണു നിശ്ചയിച്ചിരുന്നത്. രാജാക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയായിരുന്നു വധു. എഴുകുംവയലില്‍ നിന്നു യാത്ര ആരംഭിച്ച് കുമളി- മൂന്നാര്‍ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുമ്പോഴാണു മൈലാടുംപാറയില്‍ മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വരന്‍ സഞ്ചരിച്ച വാഹനം കള്ളടാക്‌സി എന്നാരോപിച്ചു പിടികൂടിയത്.
Read Also : വരനെത്താന്‍ വൈകിയതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്നുവച്ച് അയല്‍വാസിയെ വിവാഹം ചെയ്ത് യുവതി
വരനും സുഹൃത്തുക്കളും കേണപേക്ഷിച്ചെങ്കിലും വാഹനം വിട്ടുനല്‍കാന്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറായില്ല. വാഹനം പിടിച്ചെടുത്തതോടെ സ്ഥലത്തുണ്ടായിരുന്നവരും നാട്ടുകാരും വിവാഹസംഘത്തില്‍ ഉണ്ടായിരുന്നവരും ചെറിയ തോതില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. വരന്‍ സഞ്ചരിച്ചിരുന്ന വാഹനം സുഹൃത്തും സമീപവാസിയുമായ വ്യക്തിയുടേത് ആയിരുന്നു. ഈ വാഹനത്തിനു മോട്ടര്‍ വാഹന വകുപ്പ് 6000 രൂപ പിഴയിട്ടു. അര മണിക്കൂര്‍ വിവാഹസംഘം വഴിയില്‍ കുടുങ്ങി. 11.30നാണു വിവാഹസമയം നിശ്ചയിച്ചിരുന്നത്.
11.50നാണു വിവാഹസംഘത്തിനു ദേവാലയത്തില്‍ എത്താന്‍ കഴിഞ്ഞത്. വിവാഹച്ചടങ്ങുകള്‍ക്കു കള്ള ടാക്‌സി ഉപയോഗിക്കുന്നതായി പരാതികള്‍ ഉണ്ടെന്നു മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments