KeralaLatest NewsNews

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി; നേപ്പാള്‍ ‘മുതല്‍ ‘കുറ്റിപ്പുറം’ വരെ കളവു പറയുന്ന വിദേശകാര്യ സഹമന്ത്രി; വി മുരളീധരനെതിരെ വിമര്‍ശനവുമായി അഡ്വ. സുഭാഷ് ചന്ദ്രന്‍

തൃശ്ശൂര്‍: വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ വിമർശനവുമായി അഡ്വ. കെആര്‍ സുഭാഷ് ചന്ദ്രന്‍ രംഗത്ത്. കഴിഞ്ഞ ദിവസം സംഭവിച്ച നേപ്പാള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ വിമർശനം. വിമുരളീധരന്റെ പേജ് തിരഞ്ഞപ്പോഴാണ് ‘ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’യെന്ന ചൊല്ല് അന്വര്‍ത്ഥമാക്കും വിധം, കഴിഞ്ഞ ദിവസം സംഭവിച്ച നേപ്പാള്‍ ദുരന്തത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഗുരുതര വീഴ്ചയും കൃത്യവിലോപവും ശ്രദ്ധയില്‍പ്പെട്ടതെന്ന് സുഭാഷ് ചന്ദ്രന്‍ ഫേസ്ബുക്കിലൂടെ ആരോപിക്കുന്നു.

Read also: ചരിത്രപ്രാധാന്യമുള്ള സമരമാണ് എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖല, എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിരിക്കുന്നു : ആഷിഖ് അബു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം;

‘നേപ്പാൾ ‘മുതൽ ‘കുറ്റിപ്പുറം’ വരെ കളവു പറയുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.

കുറ്റിപ്പുറം പഞ്ചായത്തിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളെയും മതസ്പർദ്ധ വളർത്തുന്ന പരാമർശങ്ങൾ നടത്തിയ ശോഭ കരന്തലജെയും ന്യായീകരിച്ചു കൊണ്ട് BJP നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി.മുരളീധരൻ രംഗത്തെത്തിയിട്ടുണ്ട്.
പ്രസ്തുത വിഷയത്തിൽ കേരള പോലീസ് പ്രാഥമിക അന്വേഷണം നടത്തി, BJP നേതാക്കൾ ബോധപൂർവ്വം സാമുദായിക സ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്ന് ബോധ്യപ്പെട്ടതിനാൽ കേസെടുത്തിട്ടുണ്ട് എന്നതിനാൽ കൂടുതൽ മറുപടി അർഹിക്കുന്നില്ല;
നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ !

എന്നാൽ പ്രസ്തുത പ്രതികരണം വായിക്കാനായി വി.മുരളീധരന്റെ പേജ് തിരഞ്ഞപ്പോഴാണ് ‘ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’യെന്ന ചൊല്ല് അന്വർത്ഥമാക്കും വിധം, കഴിഞ്ഞ ദിവസം സംഭവിച്ച നേപ്പാൾ ദുരന്തത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഗുരുതര വീഴ്ചയും കൃത്യവിലോപവും ശ്രദ്ധയിൽപ്പെട്ടത്.

നാലു കുഞ്ഞുങ്ങളുൾപ്പടെ എട്ടു മലയാളികൾ ദാരുണമായി കൊല്ലപ്പെട്ട ദുരന്തത്തിന്റെ വേദനയിൽ നിന്നും മന:സാക്ഷിയുള്ള മനുഷ്യരൊന്നും ഇനിയും മുക്തരായിട്ടില്ല. ഇതിനിടയിൽ ദുരന്ത സ്ഥലം സന്ദർശിച്ച മലയാള മാധ്യമങ്ങൾ നേപ്പാളിലെ ഇന്ത്യൻ എംബസിയുടേയും കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റേയും ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായി എംബസി ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടെന്ന ആരോപണം പോലും നിലനിൽക്കുന്നു. വിവാദങ്ങൾക്കിടെ സംസ്ഥാന സർക്കാറിനു കീഴിലുള്ള നോർക്ക റൂട്ട്സാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചിലവ് വഹിച്ചത്.

പ്രസ്തുത വിവാദ വാർത്തകളെ തള്ളി ജനുവരി 23 ന് വി.മുരളീധരൻ നൽകിയ പ്രതികരണത്തിൽ നോർക്ക ചിലവു വഹിക്കുമെന്ന് കേരള സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നതായി അവകാശപ്പെടുന്നു.അതുകൊണ്ടു മാത്രമാണ് വിദേശകാര്യ മന്ത്രാലയം സാമ്പത്തിക ചിലവ് വഹിക്കാത്തതെന്നും വിദേശകാര്യ സഹമന്ത്രി അവകാശപ്പെടുന്നുണ്ട്.

ദുരന്തമുണ്ടായ ജനുവരി 21ന് വി.മുരളീധരൻ തന്റെ ഫേസ്ബുക്ക് പേജിൽ അവകാശപ്പെട്ടിരിക്കുന്നത് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും അവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നാണ്.

വ്യക്തിപരമായി ലഭിച്ച വിവരങ്ങളിൽ നിന്നും മാധ്യമ വാർത്തകളിൽ നിന്നും വ്യക്തമായത് കേന്ദ്ര സർക്കാർ സാമ്പത്തിക ബാധ്യത വഹിക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് നോർക്ക ആ ഉത്തരവാദിത്വം ഏറ്റെടുത്തതെന്നാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഇന്ത്യൻ എംബസികൾക്ക് സ്വതന്ത്ര ഫണ്ട് ഉണ്ടെന്നിരിക്കെയാണ് നേപ്പാൾ അപകടത്തിലെ ഇരകളോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കടുത്ത അനീതി തന്നെയാണ് കാട്ടിയത്.

BJP നേതാവായിരുന്നിട്ടുപോലും പക്ഷഭേദമില്ലാതെ ഊർജ്ജസ്വലവും നീതിപൂർവ്വവുമായ ഇടപെടലുകളിലൂടെ പ്രവാസി ഇന്ത്യക്കാരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയ ശ്രീമതി സുഷമ സ്വരാജ് കൈകാര്യം ചെയ്യുന്ന വകുപ്പാണ് താങ്കൾ കൈകാര്യം ചെയ്യുന്നതെന്ന് മറക്കരുത്.
വർഗ്ഗീയ പ്രസ്താവനകൾക്കും വിഭജനതന്ത്രങ്ങൾക്കുമായി മാറ്റിവെക്കുന്ന സമയം മാത്രം മതി പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ക്ഷേമപദ്ധതികൾ കൈകാര്യം ചെയ്യുവാനുമെന്ന് വിനീതപൂർവ്വം ഓർമ്മപ്പെടുത്തട്ടെ!

കുവൈറ്റ് എംബസിയിൽ വെച്ച് ഇന്ത്യൻ അംബാസിഡറുടെ ലൈംഗിക പീഡനത്തിനിരയായ ഒരു ഇന്ത്യൻ വനിത മാസങ്ങളോളം കാത്തിരുന്നിട്ടും ഒരു കൂടിക്കാഴ്ചക്കു പോലും താങ്കൾ സമയമനുവദിച്ചില്ല; ഒടുവിൽ കോടതി നിർദ്ദേശപ്രകാരം ദില്ലി ക്രൈംബ്രാഞ്ച് കുവൈറ്റ് അംബാസഡർക്കെതിരെ ।PC 354, 354 A, 354 B,506 & 509 ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം FlR രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുമ്പോഴും ആരോപണ വിധേയൻ താങ്കളുടെ വകുപ്പിനു കീഴിൽ ഇപ്പോഴും സുരക്ഷിതനായി തുടരുന്നു.

കൃത്യവിലോപം മറച്ചുവെക്കാൻ കളവു പറയുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ലാത്തത് താങ്കളുടെ ഭാഗ്യം !
അല്ലെങ്കിൽ ശോഭാ കരന്തലജെ യെപ്പോലെ താങ്കളും കുറ്റിപ്പുറം പോലീസ് സ്റ്റേഷന്റേയും തിരൂർ കോടതിയുടേയും വരാന്തകൾ പലവട്ടം കയറിയിറങ്ങിയേനെ!

നബി: കളവും വർഗ്ഗീയതും പറയുക മാത്രമാണ് താങ്കളുടെ ഉദ്ദേശ്യമെങ്കിൽ കുറേക്കൂടി ഭേദപ്പെട്ട സോഷ്യൽ മീഡിയാ ടീമിനെ വെക്കുന്നത് നന്നാകും.

അഡ്വ.സുഭാഷ് ചന്ദ്രൻ.കെ.ആർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button