KeralaLatest NewsIndiaNews Story

സമത്വവും സാഹോദര്യവും പുലർത്തേണ്ടത് മുദ്രാവാക്യങ്ങളിലൂടെ മാത്രമല്ല , മറിച്ച്‌ ഓരോരുത്തരുടെയും ഹൃദയങ്ങളിലാണ്! ബൂർഷ്വാ ഭരണഘടനയെ പൊളിച്ചെഴുതാൻ നടന്നവർ അതേ ഭരണഘടനയുടെ കാവൽക്കാർ ആകുന്നതിനെ കുറിച്ച്, അഞ്ജു പാർവതി പ്രഭീഷ്

1947 ആഗസ്റ്റ് 15ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും ഭരണം വെള്ളക്കാരില്‍ നിന്ന് കൊള്ളക്കാരിലേക്കാണെന്നും പറഞ്ഞ് 1951 വരെ ദേശവിരുദ്ധ പരിപാടികളുമായി നടക്കുകയായിരുന്ന നെഹ്റു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തെലുങ്കാന മോഡല്‍ സായുധ വിപ്ലവം നടത്തിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്നത്തെ നേതാക്കളും വക്താക്കളും അനുഭാവികളും ഇന്ത്യയുടെ ആത്മാവ് എന്ന് നെഹ്റു വിശേഷിപ്പിച്ച ആമുഖത്തെ നെഞ്ചോട് ചേർക്കുന്നത് കാലത്തിന്റെ കാവ്യനീതിയാവാം.

ബൂർഷ്വാ ഭരണഘടനയെ പൊളിച്ചെഴുതാൻ നടന്നവർ അതേ ഭരണഘടനയുടെ കാവൽക്കാർ ആയിരിക്കുന്നു. തിയേറ്ററിൽ ദേശീയ ഗാനം കാണിച്ചപ്പോൾ എഴുന്നേറ്റ് നിന്ന് കൂവിയ ഒരുവനു വേണ്ടി വാദിച്ചവർ, പിന്നീട് തീയേറ്ററുകളിൽ എന്തിന് ദേശീയഗാനം എന്ന് ചോദിച്ചവർ, തിയേറ്ററുകളിൽ ദേശീയഗാനം കേൾക്കുന്ന വേളയിൽ എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞപ്പോൾ അടിച്ചേൽപ്പിക്കണ്ടതല്ല ദേശഭക്തിയെന്നു ശക്തമായി വാദിച്ചവരെ ഒരിക്കൽ കൂടി ഒരു കാര്യം ഓർമ്മപ്പെടുത്തുന്നു.

കാരണം നിങ്ങൾ ഇന്ന് തിരുവനന്തപുരം മുതൽ കാസർഗോഡുവരെ തീർക്കുന്ന മനുഷ്യശൃംഖലയിലെ ഏറ്റവും ഹൈലൈറ്റ് ആയിട്ടുള്ള സംഗതി ഭരണഘടന ആയതുക്കൊണ്ട് ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ 51എ പ്രകാരം, “ഭരണഘടനയെ അനുസരിക്കുകയും, അതിന്റെ ആദർശങ്ങളെയും, ദേശിയ സ്ഥാപനങ്ങളെയും, ദേശീയപതാകയേയും, ദേശീയഗാനത്തെയും ബഹുമാനിക്കുകയും ചെയ്യണം എന്നത് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.

ആമുഖത്തിലെ ഭാഗമായ ” ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി , ചിന്ത,ആശയാവിഷ്കാരം,വിശ്വാസം,ഭക്തി,ആരാധന എന്നിവയ്ക്കുളള സ്വാതന്ത്ര്യം ,സ്ഥാനമാനങ്ങൾ ,അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുക്കൊണ്ടും എന്നുള്ള വരികളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള നീതി ,സ്വാതന്ത്ര്യം,സമത്വം,സാഹോദര്യം എന്നിവ പുലർത്തിപ്പോന്നത് 51 വെട്ടുകൾ,പാടത്ത് പണി വരമ്പത്ത് കൂലി, പെരിയ തുടങ്ങി ശബരിമല സ്ത്രീപ്രവേശം,ആർപ്പോ ആർത്തവം,നവോത്ഥാനമതിൽ തുടങ്ങിയവയിലൂടെയാവുമ്പോൾ ഈ മനുഷ്യചങ്ങലയ്ക്കു സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയുന്ന പ്രതിഫലനത്തിന്റെ പേര് പ്രഹസനമാണെന്ന് അറിയുന്നുവോ സഖാക്കളേ?

ഇന്ന് ഭരണഘടനയുടെ ആമുഖം വായിച്ച് രാജ്യസ്നേഹം തെളിയിക്കുകയും ദേശീയ ബോധം പ്രദർശിപ്പിക്കുകയും ചെയ്യുന്നവരോട് ഒരു ചോദ്യമുന്നയിക്കാതെ തരമില്ല. നിങ്ങൾ സഖാക്കൾ ആമുഖത്തിലെ നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ എന്ന ഒറ്റ വാചകത്തിനു വില കല്പിക്കുന്നുവെങ്കിൽ 1962ൽ ഇന്ത്യ ചൈന യുദ്ധത്തിൽ, ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലെ ഇന്ത്യൻ ആർമിയുടെ നീക്കം ചൈനയെ അറിയിച്ച കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അന്നത്തെ നിലപാടിനെ തള്ളിപ്പറയാൻ തയ്യാറാണോ? അന്ന് ചൈനക്കനുകുലം ആയി തീരുമാനം എടുത്ത ജ്യോതിബസുവെന്ന കമ്മ്യൂണിസ്റ്റ്‌ നേതാവിനെ ദേശദ്രോഹിയെന്നു വിളിക്കാൻ തയ്യാറാണോ?

ഭരണഘടനയെ സംരക്ഷിക്കേണ്ടത് ആമുഖത്തിലെ ഓരോ വരികളെയും ഹൃദയത്തിലാവാഹിച്ചുക്കൊണ്ട് പ്രവൃത്തിയിലൂടെ കൈവരിച്ച്‌ സമൂഹത്തിനു മാതൃകയായിക്കൊണ്ടാണ്‌.അല്ലാതെ ഒരു ദിവസം മാത്രം ചങ്ങലക്കണ്ണിയായി അണിനിരന്നല്ല. മാനവികതയേക്കാളും വലിയൊരു മതമില്ല, രാഷ്ട്രീയമില്ല എന്ന ഉറച്ച ബോധത്തോടെ ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാർക്ക് സ്വതന്ത്രപരമാധികാരദിനാശംസകൾ! സമത്വവും സാഹോദര്യവും അക്ഷരത്താളുകളിലല്ല പുലരേണ്ടത്,മറിച്ച് ഓരോരുത്തരുടേയും ഹൃദയങ്ങളിലാണ്! ഭാരത് മാതാ കീ ജയ്!

shortlink

Related Articles

Post Your Comments

Related Articles


Back to top button