ന്യൂഡൽഹി: വ്യാജന്മാർ ഓൺലൈനിൽ വൈറസായി പടരുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. കൊറോണ വൈറസിനേക്കാൾ പേടിക്കേണ്ട വൈറസാണ് അവർ. പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും അവർ വെറുതെ വിടാൻ തയ്യാറല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെൻ പൗരത്വ നിയമത്തിനെതിരായ സമരത്തിൽ അണിചേർന്നുവോ? അവർ ഒരു പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം, ‘പൗരത്വ നിയമത്തിനെതിരെ പ്രധാനമന്ത്രിയുടെ ഭാര്യ’ എന്ന അടിക്കുറിപ്പോടെ വ്യാപകമായി വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിക്കുകയാണ്.
എന്നാൽ, ഈ ചിത്രം 2016ൽ അഹമ്മദാബാദിൽ നടന്ന സമരത്തിൽ നിന്നുള്ളതാണ്. അവിടെ ചേരികൾ തകർക്കുമ്പോൾ പാർക്കാനിടമില്ലാത്തവർക്കു വേണ്ടി നടത്തിയ പ്രതിഷേധ സമരമാണിത്. ഇതല്ലാതെ, യശോദ ബെൻ പൗരത്വ നിയമത്തിന്റെ പേരിലുള്ള ഒരു പൊതു സമരത്തിലും പങ്കെടുത്തിട്ടില്ല.
ചൈനയിൽ പടർന്നു പിടിക്കുകയും ലോകമാകെ ഭീതി പരത്തുകയും ചെയ്യുന്ന നിഗൂഢ കൊറോണ വൈറസ് ബാധ സംബന്ധിച്ച് ഒട്ടേറെ വ്യാജ വിവരങ്ങളും വാർത്തകളുമൊക്കെ അവിടെ പ്രചരിക്കുകയാണത്രേ. നേരത്തേ പറഞ്ഞതു പോലെ അവിടെനിന്നു കാര്യങ്ങൾ പുറത്തെത്താൻ അൽപം സമയമെടുക്കുമെന്നതു കൊണ്ട്, ആ വ്യാജന്മാർ ഇങ്ങ് എത്താനിരിക്കുന്നതേയുള്ളൂ.
അതേസമയം, ചൈനയുടെ സമീപമുള്ള തയ്‍വാനിൽ വൈറസിനെക്കുറിച്ചുള്ള വ്യാജ വിവരങ്ങളെ നേരിടാൻ സർക്കാർ നേരിട്ടു രംഗത്തിറങ്ങിയിരിക്കുകയാണ്. കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളെക്കുറിച്ചു പരിഭ്രാന്തി പരത്തുന്ന ശബ്ദ സന്ദേശം വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണിത്. തയ്‍വാൻ ആരോഗ്യവിഭാഗം തള്ളിക്കളഞ്ഞ ഈ സന്ദേശമോ സമാനമായ മറ്റു വ്യാജ വിവരങ്ങളോ പ്രചരിപ്പിക്കുന്നവർക്ക് 30 ലക്ഷം ന്യൂ തയ്‍വാൻ ഡോളർ (71.25 ലക്ഷം രൂപ) വരെയാണു പിഴ നിശ്ചയിച്ചിരിക്കുന്നത്. പോരാത്തതിന് ജയിലിൽ കിടക്കാനുള്ള അവസരവുമൊരുങ്ങും.
Post Your Comments