Latest NewsNewsBusiness

കാലം മാറിയപ്പോൾ റെയില്‍വേ ബജറ്റും മാറി; 2016നു ശേഷം ബജറ്റിൽ വന്ന മാറ്റം ഇങ്ങനെ

ന്യൂഡൽഹി: കാലം മാറിയപ്പോൾ റെയില്‍വേ ബജറ്റും മാറി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഫെബ്രുവരിയിലെ മൂന്നാം ആഴ്ച ആദ്യം റെയില്‍വേ ബജറ്റും പിന്നാലെ കേന്ദ്ര ബജറ്റും അവതരിപ്പിക്കുന്നതായിരുന്നു ചരിത്രം. എന്നാലിപ്പോള്‍ കേന്ദ്ര ബജറ്റിനൊപ്പം തന്നെയാണ് റെയില്‍വേ ബജറ്റും അവതരിപ്പിക്കുന്നത്. റെയില്‍വേ ബജറ്റ് റെയില്‍വേ മന്ത്രിയല്ല, ധനമന്ത്രി തന്നെ അവതരിപ്പിക്കും. 2016ലാണ് അവസാനമായി കേന്ദ്ര-റെയില്‍വേ ബജറ്റുകള്‍ പ്രത്യേകമായി അവതരിപ്പിക്കപ്പെട്ടത്.

നീതി ആയോഗ് അംഗം ബിബേക് ദെബ്രോയി ആണ് രാജ്യത്തിന് ഒറ്റ ബജറ്റ് എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത്. റെയില്‍വേ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കേണ്ട ആവശ്യം ഇല്ലെന്നും പൊതുബജറ്റിന്റെ ഭാഗമായി തന്നെ അവതരിപ്പിച്ചാല്‍ മതിയെന്നും ബിബേക് ദെബ്രോയി പ്രധാനമന്ത്രിക്ക് ശുപാര്‍ശ നല്‍കി.

ദെബ്രോയി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ എന്തുകൊണ്ട് ഒറ്റ ബജറ്റ് എന്നതിനുളള കാരണങ്ങളും നിരത്തി. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് രണ്ട് പ്രത്യേക ബജറ്റുകള്‍ തയ്യാറാക്കാനുളള അധ്വാനം തന്നെയാണ്. മറ്റൊന്ന് രണ്ട് ബജറ്റുകള്‍ ഉണ്ടാകുമ്പോള്‍ വേണ്ടി വരുന്ന അധിക പണച്ചിലവാണ്. മൂന്നാമത്തെ പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാട്ടിയത് ബജറ്റുകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയവും റെയില്‍വേ മന്ത്രാലയവും തമ്മിലുളള ബന്ധം സങ്കീര്‍ണമാകുന്നു എന്നതാണ്.

അതിനുശേഷം, നരേന്ദ്ര മോദി സര്‍ക്കാര്‍ പൊതു ബജറ്റും റെയില്‍വേ ബജറ്റും ഒരുമിച്ച് അവതരിപ്പിക്കാനുളള തീരുമാനം 2016 സെപ്റ്റംബര്‍ 21ന് കൈക്കൊണ്ടു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ റെയില്‍വേയുടെ ബജറ്റ് അവതരണം എന്ന 92 വര്‍ഷം പഴക്കമുളള പതിവ് രീതിക്ക് തിരശ്ശീല വീണു.

ALSO READ: കേന്ദ്ര ബജറ്റ് 2020: മദ്യത്തിന് വില ഉയരുമോ? പുതിയ സൂചനകള്‍ പുറത്ത്

1920-21ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തെ അവസാനത്തെ റെയില്‍വേ ബജറ്റ് 2016 ഫെബ്രുവരി 25ന് അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു അവതരിപ്പിച്ചു.

shortlink

Post Your Comments


Back to top button