ശ്രീനഗര്‍: എന്തിനാണെന്ന് വെളിപ്പെടുത്താതെ സൈനിക ഉദ്യോഗസ്ഥര്‍ പ്രദേശവാസികളുടെ കാര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി പരാതി. ശ്രീനഗര്‍ ഷോപിയാനിലെ രണ്ട് ഗ്രാമങ്ങളിലാണ് സംഭവം. രാത്രിയില്‍ വാഹനം സൈനിക ക്യാമ്പുകളിലെത്തിച്ച് രാവിലെ തിരിച്ചെടുക്കാന്‍ പറയും. വാഹനം ഉപയോഗിച്ചതിന് സൈനികര്‍ പണമൊന്നും തരുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
ഷോപിയാനിലെ അഗ്ലാര്‍ ഗ്രാമത്തില്‍ നിന്നുള്ള പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാളാണ് ഇക്കാര്യം പുറം ലോകത്ത് അറിയിച്ചത്. മിക്ക ദിവസങ്ങളിലും ആര്‍മി ക്യാമ്പുകളില്‍ നിന്നും ഞങ്ങള്‍ക്ക് ഫോണ്‍കോള്‍ വരും. വാഹനം ക്യാമ്പിലെത്തിക്കണമെന്നാവും അവരുടെ ആവശ്യം. രാത്രി മുഴുവന്‍ കാര്‍ അവരുടെ പക്കലാവും. രാവിലെ ക്യാമ്പില്‍ പോയി കാര്‍ ഞങ്ങള്‍ തിരിച്ചെടുക്കു. ഇതാണ് പതിവെന്നും അയാള്‍ പറയുന്നു.
ഷോപിയാനില്‍ സ്വന്തമായി കാര്‍ ഉള്ളവരില്‍ പലര്‍ക്കും ആര്‍മി ക്യാമ്പുകളില്‍ നിന്നുള്ള സന്ദേശങ്ങളെത്താറുണ്ട്. വാഹനങ്ങള്‍ ക്യാമ്പിലെത്തിക്കണമെന്നാണ് വിളിക്കുന്നവരുടെ ആവശ്യം. രാത്രി ഉപയോഗത്തിനുശേഷം രാവിലെ കാര്‍ തിരിച്ചെടുക്കാനാവശ്യപ്പെടും. പ്രതിഫലമായി പണം നല്‍കാറില്ലെങ്കിലും ഇടയ്ക്കെങ്കിലും വാഹനങ്ങളില്‍ ഇന്ധനം നിറച്ചുകൊടുക്കും.
എന്നാല്‍ എന്തിനാണ് കാര്‍ ഉപയോഗിക്കുന്നതെന്നോ രാത്രി മാത്രമുള്ള കാറിന്റെ ഉപയോഗമെന്താണോ എന്നതിനെക്കുറിച്ച് പ്രദേശവാസികള്‍ക്കാര്‍ക്കും അറിവില്ല. റോഡിലൂടെ പോകുമ്പോള്‍ പോലും സൈനിക ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞുനിര്‍ത്തി കാര്‍ വൈകുന്നേരം ക്യാമ്പിലെത്തിക്കണമെന്ന് പറഞ്ഞതായി ഷോപിയാനിലെ ഹീര്‍പോറയിലെ പ്രദേശവാസികള്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാന്‍ തയ്യാറായ ശ്രീനഗറിലെ പ്രതിരോധവക്താവ് കേണല്‍ രാജേഷ് കാലിയയ്ക്ക് വിഷയത്തില്‍കൃത്യമായ വിശദീകരണം തരാനും സാധിച്ചില്ല. വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് പ്രതിഫലം നല്‍കാറുണ്ടെന്നും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Post Your Comments