ഒരു ബിസ്‌ക്കറ്റോ ചിപ്സോ മറ്റോ വാങ്ങുമ്പോള്‍ അതിന്റ രുചി മാത്രമേ ശ്രദ്ധിക്കാറുള്ളോ? അല്ലെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. വാങ്ങുന്ന ഭക്ഷണ സാധനത്തിന്റെ ആകൃതിയും രൂപവും ആളുകളെ സ്വാധീനം ചെലുത്തുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ 88 ആളുകള്‍ക്കിടയില്‍ ആറ് തരത്തിലുള്ള ഓട്സ് ബിസ്‌ക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്. ആളുകള്‍ക്ക് മുന്നില്‍ അവ പ്രദര്‍ശിപ്പിച്ച ശേഷം രുചി, ക്രഞ്ചിനസ്, മധുരം, ചവയ്ക്കാനുള്ള എളുപ്പം, ഗുണമേന്മ, ഭംഗി എന്നിവക്ക് മാര്‍ക്ക് നല്‍കാന്‍ പറഞ്ഞു. ആര്‍ക്കും ബിസ്‌ക്കറ്റ് കഴിക്കാന്‍ നല്‍കിയില്ല കേട്ടോ… ബിസ്‌കറ്റുകളുടെ രൂപവും ആകൃതിയും അവയുടെ രുചിയും ഗുണമേന്മയും മനസിലാക്കാന്‍ ആളുകള്‍ കണക്കിലെടുക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.
ഗവേഷക സംഘത്തിന്റെ തലവന്‍ ഡോക്ടര്‍ ജെന്‍സണ്‍ ബോയ്ഡ് അഭിപ്രായപ്പെടുന്നതിങ്ങനെ,
ഈ കണ്ടെത്തലുകള്‍ ഉല്‍പാദകര്‍ക്ക് വളരെ അധികം സഹായകമാകും. ഉപഭോക്താക്കളുടെ ആവശ്യാനുസരണം അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ കൊണ്ടുവരാന്‍ ഈ കണ്ടുപിടിത്തം സഹായിക്കും. മൃദുവായതും ആരോഗ്യപ്രദമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കളുടെ ആകൃതിയും രൂപഘടനയും ആരോഗ്യകരമായ പദാര്‍ത്ഥങ്ങളില്‍ ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് ഉത്തമമായ വസ്തുക്കള്‍ രുചികരമല്ല എന്ന ധാരണ മറികടക്കുവാന്‍ ഉത്പാദകര്‍ക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments