വണ്ണപ്പുറം: വീട്ടില്‍ അച്ചടിച്ച കള്ളനോട്ടുകള്‍ മാറുന്നതിനിടെ പോലീസ് എത്തുന്നതറിഞ്ഞ് വഴിയിലുപേക്ഷിച്ച് മുങ്ങിയ രണ്ടുപേര്‍ പിടിയില്‍. കോതമംഗലം മാലിച്ചാന സ്വദേശി ഇടയത്തുകുടിയില്‍ ഷോണ്‍ ലിയോ (അമല്‍-25), കോതമംഗലം തലക്കോട് കോട്ടേക്കുടി സ്‌റ്റെഫിന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 23,400 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി.100 രൂപയുടെ 234 നോട്ടുകളോടെ കാളിയാര്‍ പോലീസാണ് ഇവരെ പിടികൂടിയത്.പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം കോതമംഗലത്തിന് കോണ്ടുപോയി.
വീട്ടില്‍ സജ്‌ജീകരിച്ച യന്ത്രത്തില്‍ അച്ചടിച്ച നൂറ് രൂപയുടെ കള്ളനോട്ടുകള്‍ മാറുന്നതിനായി എത്തിയപ്പോഴാണ് പിടിയിലാവുന്നത്. കോതമംഗലം സ്വദേശികളായ പ്രതികള്‍ ഒടിയപാറയിലുള്ള കടയില്‍ ബിസ്‌കറ്റ് വാങ്ങിയ ശേഷം 100 രൂപയുടെ കള്ളനോട്ട് നല്‍കുകയായിരുന്നു. കോതമംഗലം വണ്ണപ്പുറം റൂട്ടിലെ കടകളില്‍ കയറി ബിസ്‌കറ്റ് ഉള്‍പ്പെടെ ഉള്ള സാധനങ്ങള്‍ വാങ്ങി കള്ളനോട്ട് ചെലവഴിച്ചു. ഇതിനിടെ സംശയം തോന്നിയ ഒരു കടക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി.
പോലീസ് പിന്തുടരുന്നതായി സംശയം തോന്നിയ പ്രതികള്‍ 36 ജങ്‌ഷന്‍ ഭാഗത്ത് കൈയിലുണ്ടായിരുന്ന കള്ളനോട്ടുകള്‍ റോഡരികില്‍ ഉപേക്ഷിച്ച് മുണ്ടന്‍മുടി ഭാഗത്തേക്ക് പോയി. പിന്തുടര്‍ന്നെത്തിയ കാളിയാര്‍ എസ്.ഐ: വി.സി. വിഷ്‌ണു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ സഹിതം അറസ്‌റ്റ് ചെയ്യുകയായിരുന്നു.
Post Your Comments