KeralaLatest NewsNews

സൗര പുരപ്പുറ സോളാർ പദ്ധതി: 35 മെഗാവാട്ടിന്റെ കരാർ ഒപ്പിട്ടു; പവർ കട്ട് ഉണ്ടാവില്ലെന്ന് മന്ത്രി

തിരുവനന്തപുരം•സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സൗര പദ്ധതിയിൽ 35 മെഗാവാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി എം. എം. മണിയുടെ സാന്നിധ്യത്തിൽ കെ. എസ്. ഇ. ബി. യും ടാറ്റാ സോളാർ പവറും കരാർ ഒപ്പിട്ടു. ടാറ്റാ സോളാർ പവറിന്റെ പ്രതിനിധി രവീന്ദർ സിംഗും സൗരപദ്ധതിയുടെ സംസ്ഥാന കോഓർഡിനേറ്റർ നാസറുദ്ദീനുമാണ് കരാർ ഒപ്പുവച്ചത്.

ജൂൺ മാസം വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം ലഭ്യമാണെന്നും ഇത്തവണ പവർ കട്ട് ഉണ്ടാവില്ലെന്നും തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. കൂടംകുളം പവർ ഹൈവേ ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ അടിയന്തരമായി വൈദ്യുതി വാങ്ങേണ്ടി വന്നാൽ സംസ്ഥാനത്തിന് ഈ ലൈൻ പ്രയോജനപ്പെടുത്താനാവും. പുനലൂർ തൃശൂർ പവർ ഹൈവേയിൽ 1.2 കിലോമീറ്റർ മാത്രമാണ് ഇനി കേബിളിടാനുള്ളത്. ഇടുക്കിയിൽ രണ്ടാം നിലയം പരിഗണനയിലാണെന്നും ഇതിന്റെ പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ആയിരം മെഗാവാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. നിലവിൽ 200 മെഗാവാട്ടിൽ താഴെയാണ് ഉത്പാദനം. ഇപ്പോൾ കരാറായ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 46.5 മെഗാവാട്ട് സോളാർ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. ടാറ്റാ സോളാർ പവറിന് പുറമെ കേരള കമ്പനിയായ ഇൻകെൽ അഞ്ച് മെഗാവാട്ട് വൈദ്യുതിയും വാരി പ്രൈവറ്റ് ലിമിറ്റഡ് 6.5 മെഗാവാട്ടും ഉത്പാദിപ്പിക്കുന്നതിന് സംവിധാനം ഒരുക്കും. എ. ഡി. ബിയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടത്തുന്നത്. ഗാർഹിക മേഖലയിൽ 23 ഉം സ്വകാര്യ മേഖലയിൽ 14ഉം സർക്കാർ സ്ഥാനങ്ങളിൽ 9.5 മെഗാവാട്ടും വൈദ്യുതിയാവും ഉത്പാദിപ്പിക്കുക.

പുരപ്പുറ സോളാർ പദ്ധതിലൂടെ 500 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഇതിന് പുറമെ ഡാമുകളിലെ ഫ്‌ളോട്ടിംഗ് സോളാർ പാനലുകളിലൂടെ 500 മെഗാവാട്ടും ഉത്പാദിപ്പിക്കും. ഇടുക്കി ഡാമിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എൻ. ടി. പി. സി പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ 400 മെഗാവാട്ട് ഉത്പാദനം സാധ്യമാകുമെന്നാണ് കരുതുന്നത്. ബാണാസുരസാഗർ ഡാമിൽ നേരത്തെ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ പാനൽ സ്ഥാപിച്ചിരുന്നു. കാസർകോട് പൈവെളികയിലെ 55 മെഗാവാട്ട് സോളാർ പാർക്ക്, കായംകുളത്ത് എൻ.ടി.പി.സിയുമായി ചേർന്ന് 92 മെഗാവാട്ട് ഫ്‌ളോട്ടിംഗ് സോളാർ, വെസ്റ്റ് കല്ലടയിൽ എൻ. എച്ച്. പി. സിയുമായി ചേർന്ന് നടപ്പാക്കുന്ന 50 മെഗാവാട്ടിന്റെ ഫ്‌ളോട്ടിംഗ് സോളാർ പദ്ധതികളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്.
സൗരപദ്ധതിയുടെ ഭാഗമായുള്ള പുരപ്പുറ സോളാർ പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്തിരുന്ന 2,78,264 പേരിൽ 42500 പേരാണ് ആദ്യഘട്ടത്തിലെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയതെന്ന് മന്ത്രി പറഞ്ഞു.

ഊർജ സെക്രട്ടറി ഡോ. ബി. അശോക്, കെ. എസ്. ഇ. ബി ചെയർമാൻ ആന്റ് എം. ഡി എൻ. എസ്. പിള്ള, വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button