മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുകള്‍ നിറച്ച ബാഗ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ കൈയ്യില്‍ മറ്റൊരു ബാഗ് കൂടി ഉണ്ടായിരുന്നു എന്ന് ഇയാളെ വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോഡ്രൈവര്‍ മൊഴി നല്‍കി. ഇതേ തുടര്‍ന്ന് കര്‍ണാടക പോലീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
500 മീറ്റര്‍ പരിധിയില്‍ നാശം വിതയ്ക്കാനാവുന്ന അത്യുഗ്ര സ്‌ഫോടനം നടത്താന്‍ ശേഷിയുള്ള ബോംബ് നിര്‍മ്മിക്കാന്‍ ഉള്ള സ്‌ഫോടക വസ്തുകളാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. ബാഗിലുണ്ടായിരുന്ന സ്‌ഫോടകവസ്തുക്കളിലേക്ക് വയറുകള്‍വഴി ബാറ്ററിയില്‍നിന്ന് വൈദ്യുതി കടത്തിവിട്ടിരുന്നെങ്കില്‍ സ്‌ഫോടനം നടക്കുമായിരുന്നു. എന്നാല്‍, ഇതു ഘടിപ്പിക്കാതെയാണ് ബാഗ് വിമാനത്താവളത്തില്‍ ഉപേക്ഷിച്ചത്.
പ്രതിയെന്ന് സംശയിക്കുന്നയാള്‍ തുളുവിലാണ് സംസാരിച്ചതെന്നും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് വിമാനത്താവള ടെര്‍മിനലിന് സമീപം വച്ച് തിരികെ ഓട്ടോയില്‍ കയറിയ ഇയാള്‍ രണ്ടാമത്തെ ബാഗുമായി രക്ഷപ്പെട്ടെന്നുമാണ് ഓട്ടോഡ്രൈവറുടെ മൊഴി. പമ്പ് വല്‍ ജംഗ്ഷനിലാണ് ഇയാള്‍ ഇറങ്ങിയതെന്നും ഓട്ടോഡ്രൈവര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
Post Your Comments