ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചാല്‍ ലഭിക്കുന്ന മുഴുവന്‍ പണവും കാട്ട് തീ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുമെന്ന് ജര്‍മ്മന്‍ യുവതാരവും 7-ാം സീഡുമായ അലക്സാണ്ടര്‍ സെവര്‍വ്വ്. ഇത് മാത്രമല്ല ഓരോ മത്സരം ജയിക്കുമ്പോള്‍ ലഭിക്കുന്ന 10,000 വീതം ഓസ്ട്രേലിയന്‍ ഡോളര്‍ അതായത് 5 ലക്ഷംരൂപ അവര്‍ക്ക് സംഭാവന ആയി നല്‍കുമെന്നും താരം പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തില്‍ ഇറ്റലിയുടെ മാര്‍കോ കെച്ചിനാറ്റോയെ പരാജയപ്പെടുത്തിയ ശേഷമാണ് സെവര്‍വ്വ് ഇക്കാര്യം പറഞ്ഞത്. മത്സരത്തില്‍ താരം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയിച്ചത്. സ്‌കോര്‍ : 6-4, 7-6 (7-4), 6-3.
താന്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിക്കാനുള്ള സാധ്യത കുറവാണെന്നും പക്ഷെ ജയിക്കാന്‍ ആയി താന്‍ പരമാവധി ശ്രമിക്കും എന്നും സെവര്‍വ്വ് പറഞ്ഞു. 2.84 മില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ആണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചാലുള്ള സമ്മാനത്തുക. ഏതാണ്ട് 20 കോടി ഇന്ത്യന്‍ രൂപക്ക് അടുത്ത് വരും ഇത്.
ഓസ്ട്രേലിയയെ വിഴുങ്ങിയ കാട്ട് തീ പ്രകൃതിക്കും മനുഷ്യര്‍ക്കും ഒരുപോലെയാണ് നാശം വിതച്ചത്. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായവുമായി ടെന്നീസ് ലോകം ഒന്നാടങ്കം മുന്നോട്ടു വന്നിരുന്നു. ടെന്നീസ് ഓസ്ട്രേലിയ പൈസ സമാഹരിക്കാന്‍ ആയി മത്സരങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ റോജര്‍ ഫെഡറര്‍ മുതല്‍ നിക് ക്യൂരിയോസ് വരെയുള്ള പ്രമുഖ താരങ്ങള്‍ വലിയ സഹായവുമായി രംഗത്ത് വന്നിരുന്നു.
Post Your Comments