തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിയ്ക്കും. നോര്‍ക്കയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. അതിനായി നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കാനാകും എന്നാണ് കരുതുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), ടി ബി രഞ്ജിത്ത് കുമാര്‍(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒന്‍പത്), അഭിനന്ദ് സൂര്യ (ഒന്‍പത്), അഭി നായര്‍(ഏഴ്), വൈഷ്ണവ് രഞ്ജിത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്.
ഒരു മുറിയില്‍ രണ്ട് ഭാഗത്തായാണ് ഇവര്‍ താമസിച്ചത്. വാതിലുകളും ജനാലകളും അടച്ച് ഉറങ്ങിയതിനാല്‍ രാവിലെ വാതില്‍ തുറക്കാതായപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.പിന്നീട് ഹോട്ടല്‍ അധികൃതര്‍ എത്തി മുറി തുറന്നപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന ഇവരെ കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസെത്തി, ഹോട്ടലില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ എട്ട് പേരും മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. മുറിക്കകത്തെ ഗ്യാസ് ഹീറ്റര്‍ ലീക്കായതാവാം മരണകാരണമെന്നാണ് നിഗമനം. എംബസി ഡോക്ടറിന്റെ സാന്നിധ്യത്തിലാകും പോസ്റ്റുമോര്‍ട്ടം. മരിച്ച രഞ്ജിത്തിന്റെ ഒരു കുട്ടിക്ക് അപകടം സംഭവിച്ചിട്ടില്ല.
Post Your Comments