Latest NewsIndiaInternational

ദുബായിൽ വൻ സാമ്രാജ്യം: കേരളത്തില്‍ അറിയപ്പെടാത്ത തമ്പിയെ കേന്ദ്രം പൂട്ടിയതിങ്ങനെ? പുറത്തു വരുന്നത് അഴിമതിയുടെ മഞ്ഞുമലയിലെ ഒരറ്റം

ന്യൂഡല്‍ഹി: തൃശൂരിനു സമീപം കുന്നംകുളത്തെ സാധാരണകുടുംബത്തില്‍നിന്നു ദേശീയരാഷ്‌ട്രീയത്തിലെ ഏറ്റവും പ്രശസ്‌തമായ കുടുംബത്തിലെ മരുമകന്റെ അനുയായി എന്ന നിലയിലേക്കുള്ള സി.സി. തമ്പിയുടെ വളര്‍ച്ച സിനിമാക്കഥകളെയും വെല്ലുന്നത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വാധ്‌രയുടെ വിശ്വസ്‌തനായി മാറിയ തമ്പിയുടെ തുടക്കം ദുബായിലായിരുന്നു. 1980-ല്‍ ജോലി തേടി ഗള്‍ഫിലെത്തി. നാലുവര്‍ഷത്തിനകം സ്വന്തമായി വ്യാപാരം തുടങ്ങി.

കപ്പലുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന സ്‌ഥാപനത്തില്‍നിന്നു ഹോട്ടല്‍ വ്യവസായത്തിലേക്കു കടന്നു. കേരളത്തിന്റെ കപ്പയും മീനും ദുബായിലെ വിപണിയില്‍ വിശിഷ്‌ടവിഭവങ്ങളാക്കി. തമ്പിയുടെ വ്യാപാരതന്ത്രങ്ങള്‍ കിറുകൃത്യമായിരുന്നു. ഫോര്‍ സ്‌റ്റാര്‍ പദവിയുള്ള ഹോട്ടല്‍ വാടകയ്‌ക്ക്‌ ഏറ്റെടുത്തശേഷം നാലുകെട്ട്‌ എന്ന പേരില്‍ ഹോട്ടല്‍ ശൃംഖല തുടങ്ങി.മൂന്നരപ്പതിറ്റാണ്ടിലേറെയായുള്ള ഉന്നത രാഷ്‌ട്രീയബന്ധങ്ങളാണു തമ്പിയുടെ മൂലധനം. പ്രവാസി മലയാളികള്‍ക്കിടയില്‍ കരുത്തനായ തമ്പി ഒട്ടേറെപ്പേര്‍ക്കു വിദേശത്തു ജോലി നല്‍കിയിട്ടുണ്ട്‌.

കേരളത്തില്‍ സി.പി.എമ്മിലെ ഉന്നതരുമായും അടുത്ത ബന്ധമുണ്ട്‌. സി.പി.എമ്മിലും കോണ്‍ഗ്രസിലും സ്‌ഥാനാര്‍ഥിനിര്‍ണയം നടത്താനുള്ള സ്വാധീനവും തമ്പിയെ കേരളത്തിലെ അദൃശ്യശക്‌തിയാക്കി. കുന്നംകുളം കേന്ദ്രമാക്കി തേജസ് എന്ന പേരില്‍ എഞ്ചിനീയറിങ്ങ് കോളേജും തമ്പി നടത്തുന്നുണ്ട്. ചെറുവത്തൂര്‍ ഫൗണ്ടേഷന്റെ പേരിലാണ് കോളേജ്. തമ്പിയാണ് ചെയര്‍മാന്‍.

യുപിഎ ഭരണകാലത്ത് തമ്പിക്ക് വഴിവിട്ട പല സഹായങ്ങളും ലഭിച്ചിരുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. കേരളത്തില്‍ രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും തമ്പിയുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരാണ്. കേരളത്തിന് പുറത്ത് വന്‍കിട ഭൂമി ഇടപാടുകള്‍ നടത്തിയ ഹോളിഡേ ഗ്രൂപ്പ് ചെയര്‍മാന്‍ ചെറുവത്തൂര്‍ ചെക്കുട്ടി തമ്പി എന്ന സി സി തമ്പിയെ നേരത്തെ എന്‍ഫോഴ്‌സമെന്റെ ചോദ്യം ചെയ്തിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെയും അടിസ്ഥാനത്തിലാണ് ഹോളിഡേ തമ്പിയെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്.

എല്ലാ തെളിവുകളും കണ്ടെത്തിയ ശേഷമാണ് എൻഫോഴ്‌മെന്റ് തമ്പിയെ ഡൽഹിയിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. യഥാർത്ഥത്തിൽ തമ്പി അഴിമതിയുടെ മഞ്ഞുമലയിലെ ഒരറ്റം മാത്രമാണെന്നാണ് സൂചന. പുറത്തു വരാനിരിക്കുന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിച്ച തരത്തിലുള്ള ചില അഴിമതിക്കഥകൾ ആണെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2017 ല്‍ 1000 കോടിയുടെ തട്ടിപ്പില്‍ തമ്പിക്ക് ഇഡി, ഷോക്കോസ് നോട്ടീസ് അയച്ചിരുന്നു. ഫെമ നിയമം ലംഘിച്ച്‌ കേരളത്തില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ആ നോട്ടീസ്. തമ്പിയെ അറസ്റ്റ് ചെയ്യാന്‍ മുഖ്യകാരണം വധേരയുടെയും എന്‍ആര്‍ഐ വ്യവസായിയുടെയും മൊഴികളിലെ വൈരുദ്ധ്യം തന്നെ. കൂടാതെ സിബിഐ കേസും തമ്പിയുടെ പേരിലുണ്ട്.കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ സമയത്ത് ഹരിയാനയിലെ ഫരീദാബാദില്‍ 400 ഏക്കറോളം കാര്‍ഷിക ഭൂമി വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ടാണ് തമ്പിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നത്. റിയല്‍ എസ്റ്റേറ്റിനു പുറമെ റിസോര്‍ട്ടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയടക്കം ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ബിസിനസ് ഇടപാടുകളാണ് ഹോളിഡേ ഗ്രൂപ്പിനുള്ളത്.2010ലും തമ്പിക്കെതിരെ സിബിഐ അന്വേഷണം നടന്നിരുന്നു.

തമ്പിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിങ് കോളേജുകള്‍ക്ക് അടിസ്ഥാന സൗകര്യമില്ലാതിരുന്നിട്ടും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഈകേസ്. നേരത്തെ വധേരയെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലാണ് വധേര ഇപ്പോള്‍.തമ്പിയെ അറസ്റ്റ് ചെയ്യാന്‍ മുഖ്യകാരണം വധേരയുടെയും എന്‍ആര്‍ഐ വ്യവസായിയുടെയും മൊഴികളിലെ വൈരുദ്ധ്യം തന്നെ. 2019 ഫെബ്രുവരി ആറിന് ചോദ്യം ചെയ്തപ്പോള്‍ വധേര മൊഴി നല്‍കിയത് താന്‍ തമ്പിയെ കണ്ടുമുട്ടിയത് എമിറേറ്റ്‌സ് വിമാനത്തില്‍ വച്ചാണ് എന്നാണ്.

എന്നാല്‍, തമ്പിയാകട്ടെ, താന്‍ വധേരയെ കണ്ടുമുട്ടിയത് സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് മാധവന്‍ വഴിയാണെന്ന് പറഞ്ഞു.അതുപോലെ തന്നെ, ലണ്ടനില്‍ 12 ബ്രയാന്‍സ്റ്റണ്‍ സ്‌ക്വയറിലെ വസ്തുവിനെ കുറിച്ച്‌ തനിക്ക് ഒന്നുമറിയില്ലെന്നാണ് വധേര പറഞ്ഞത്. താന്‍ അവിടെ ഒരിക്കലും താമസിച്ചിട്ടില്ലെന്നും വധേര പറഞ്ഞു. എന്നാല്‍, തമ്പി മറിച്ചൊരു മറുപടി, അതായത് വധേര 12 ബ്രയാന്‍സ്റ്റണ്‍ സ്‌ക്വയറില്‍ താമസിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാക്കിയത്. ഇതുകൂടാതെ വധേരയുടെ ലണ്ടനിലെ മറ്റ് അഞ്ച് വസ്തുക്കള്‍ കൂടി ഇഡി കണ്ടെത്തി.ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരി ലണ്ടനിലെ കെട്ടിടം തമ്പിക്ക് കൈമാറിയെന്നാണ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍.

തമ്പിയെ ബിനാമിയാക്കി ഈ കെട്ടിടം റോബര്‍ട്ട് വധേര ഉപയോഗിച്ചിരുന്നുവെന്നും എന്‍ഫോഴ്‌സ് വിഭാഗത്തില്‍ നിന്ന് വിവരം ലഭിച്ചു. തമ്പി കെട്ടിടം വാങ്ങാന്‍ കടലാസ് കമ്പനി രൂപീകരിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.സി.സി.തമ്പിയും റോബര്‍ട്ട് വധേരയും, സഞ്ജയ് ഭണ്ഡാരിയും അടുത്ത സുഹൃത്തുക്കളാണെന്ന് ഇഡി പറയുന്നു.സഞ്ജയ് ഭണ്ഡാരിക്ക് പ്രതിരോധ ഇടപാടുകളിലും പെട്രോളിയം ഇടപാടിലും കോഴകള്‍ കിട്ടിയിട്ടുണ്ട്. ഈ പണം ഉപയോഗിച്ചാണ് വധേരയ്ക്ക് വേണ്ടി ബിനാമി വസ്തുക്കള്‍ വാങ്ങിയത്. വസ്തു സിസി തമ്പിക്ക് വിറ്റ ശേഷം പണം കൈമാറി പോയി.

ഈ ഇടപാടുകളെല്ലാം നടന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണെന്നും ഓപ് ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 2012 മുതല്‍ 2015 വരെ സഞ്ജയ് ഭണ്ഡാരി റഫാല്‍ ഇടപാടിന്റെ ഓഫ്‌സെറ്റ് പങ്കാളിയാകാന്‍ ലോബി ചെയ്തുവരികയായിരുന്നു. എന്നാല്‍, ദസോ കമ്ബനി ഭണ്ഡാരിയെ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും 126 റഫാല്‍ ജെറ്റുകളുടെ വാങ്ങലുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതെ പോവുകയും പിന്നീട് അത് റോഡില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഭണ്ഡാരി ഈ ഫയലുകള്‍ മോഷ്ടിച്ചുവെന്നാണ് ആരോപണം.

 രാഹുല്‍ ഗാന്ധിയും സഞ്ജയ് ഭണ്ഡാരിയും തമ്മിലും ബന്ധമുണ്ടെന്ന് ആരോപിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുണ്ട്. ഒരു ‘എച്ചഎല്‍ പഹ്വ’യുടെ പക്കല്‍ നിന്ന് രാഹുല്‍ ഗാന്ധി ഭൂമി വാങ്ങിയിരുന്നു. ഈ പഹ്വയ്ക്ക് വധേരയുമായും പ്രിയങ്കയുമായും ബന്ധമുണ്ട്. വധേരയും പ്രിയങ്കയും പഹ്വയുടെ പക്കല്‍ നിന്ന് നിരവധി തവണ ഭൂമി വാങ്ങിയെന്നും അത് കൂടിയ വിലയ്ക്ക് പിന്നീട് പഹ്വയ്ക്ക് തന്നെ മറിച്ചുവിറ്റുവെന്നും ഓപ് ഇന്ത്യ ഡോട്‌കോം പറയുന്നു.

ഈ സമയത്ത് ഇഡി നടത്തിയ അന്വേഷണത്തില്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ഈ ഭൂമി വാങ്ങാനുള്ള പണം പഹ്വയ്ക്ക് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. സിസി തമ്പിയാണ് ഇതിന് വേണ്ടി പണം മുടക്കിയതെന്നാണ് ഇഡി ആരോപിക്കുന്നത്.വധേരയുടെ ബിനാമി വസ്തുക്കള്‍ക്ക് ഇടനില നിന്നത് തമ്പിയും സഞ്ജയ് ഭണ്ഡാരിയുമാണെന്നും ഓപ് ഇന്ത്യ ഡോട്‌കോം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button