ന്യൂഡല്‍ഹി : പൗരത്വഭേദഗതി നിയമം യുക്തിരഹിതവും അധാര്‍മികവും അനവസരത്തിലുള്ളതുമാണെന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് നിയമം പിന്‍വലിക്കാന്‍ തയ്യാറാകണം. ഇല്ലങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്നും ഗുഹ മുന്നറിയിപ്പു നല്‍കി. ഒരു പ്രമുഖ ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാവണം. എന്നാല്‍ അക്രമരഹിതമാകണം പ്രതിഷേധങ്ങള്‍. സിഎഎ വിരുദ്ധ സമരം കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ചിരിക്കുന്നു എന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.പൗരത്വഭേദഗതി നിയമം പ്രത്യക്ഷത്തില്‍ത്തന്നെ യുക്തിരഹിതമാണ്. നിയമം നടപ്പിലായാല്‍ മുസ്ലിങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരെ ഇത് കൂടുതല്‍ അരക്ഷിതത്വത്തിലാക്കും എന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിനെതിരെ മുസ്ലിം ഇതര വിഭാഗത്തില്‍ നിന്നുള്ളവരും തെരുവിലിറങ്ങി എന്നത് വളരെയധികം ആവേശം നല്‍കുന്ന കാര്യമാണ്. സമരത്തിന്റെ വ്യാപ്തിയും തീവ്രതയും സര്‍ക്കാരിനെയും സര്‍ക്കാരിന്റെ വിമര്‍ശകരെയും അമ്പരപ്പിച്ചിരിക്കുകയാണെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.
അനവസരത്തിലുള്ള നിയമമാണിതെന്നും രാജ്യത്ത് തൊഴിലില്ലായ്മയും. സാമ്പത്തിക തകര്‍ച്ചയും പാരിസ്ഥിതിക അപകടാവസ്ഥകളും അടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിയമം നടപ്പാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സമരത്തെ നേരിടാന്‍ ഇന്റര്‍നെറ്റ് നിരോധനം അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് വളരെ മോശം സൂചനകളാണ് നല്‍കുന്നതെന്നും തിരഞ്ഞെടുപ്പുകളല്ല ജനാധിപത്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments