ക്ലാസിനും സ്‌കൂളിനും മൊത്തം വികൃതിയായിരുന്ന പയ്യന്‍ സങ്കടം പെരുകി നാളുകളേറെ ജീവിച്ച അനുഭവം പങ്കുവെച്ച് കൗണ്‍സിലര്‍ കല. വിവേചനവും ഒരാളോടുള്ള വാത്സല്യ കൂടുതലും ഒരു കുഞ്ഞിന്റെ മനസിനുണ്ടാക്കിയ മുറിവ് എത്ര വലുതാണെന്ന് തുറന്ന കാട്ടുകയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്.
കുറിപ്പ് വായിക്കാം
കൗൺസിലർ ആയി ആദ്യ കാലങ്ങളിൽ ജോലി നോക്കിയിരുന്ന ഒരു സ്കൂളിലെ ഒരു കുട്ടി..
അവനെ കുറിച്ച് പറയുക ആണേൽ ,
ചട്ടമ്പിത്തരത്തിനു കയ്യും കാലും വെച്ച പോലെ ഒരു പയ്യൻ..അത് കൊണ്ട് തന്നെ കൗൺസിലർ ആയ എന്റെ സ്വന്തം കുട്ടി ആയി അവനെ അറിയപ്പെട്ടു..
അതങ്ങനെ ആണല്ലോ..
സ്കൂളിലെ ചട്ടമ്പി പിള്ളേര് മുഴുവൻ കൗൺസിലർ നു സ്വന്തം ആണ്..!
ഇവനെ തല്ക്കാലം അപ്പു എന്ന് വിളിക്കാം..
അപ്പു കാണിക്കുന്ന കുരുത്തക്കേടുകൾ സഹിക്കാൻ പാകത്തിന് അവിടെ ഒരു അദ്ധ്യാപികയും ഇല്ല എന്ന അവസ്ഥ എത്തി..
എനിക്കും വയ്യ..
പറഞ്ഞു കൊടുക്കുമ്പോൾ ,
ഒക്കെ തലയാട്ടി സമ്മതിക്കും..
ഇല്ല ടീച്ചറെ , ഇനി ഞാൻ നല്ല കുട്ടി..
ചിരിച്ചു കൊണ്ട് എന്റെ മുറി വിട്ടിറങ്ങുന്ന അവൻ നേരെ പോകുന്നത് അടുത്ത കുസൃതി ഒപ്പിക്കാൻ ആകും..
പക്ഷെ , ഒരു കാര്യമുണ്ട്..
എത്ര വഴക്കു പറഞ്ഞാലും കേട്ട് നിൽക്കും..
മറുത്തു ഒരക്ഷരം പറയില്ല…!
സ്റ്റാഫ് റൂമിൽ ഒന്നടങ്കം അത് പറയും..
പഠിക്കാനും ബുദ്ധിയുണ്ട്..
പക്ഷെ ശ്രമിക്കില്ലല്ലോ.
.
അങ്ങനെ അപ്പു പുരാണം നീളുന്ന വേളയിൽ പുതിയ ഒരു ടീച്ചർ ചാർജ് എടുത്തു….
അപ്പുന്റെ ക്ലാസ്സിൽ എത്തിയാൽ ആദ്യം തന്നെ അദ്ധ്യാപകർ അവനെ പിടിച്ചു ബോർഡിൻറെ കീഴെ താഴെ ഇരുത്തും..
കുട്ടികളുടെ ഇടയിൽ ഇരുത്തിയാൽ അവിടെ ബഹളം..
പുറത്ത് നിർത്തിയാൽ റോഡിൽ കൂടി പോകുന്ന ആളുകളെ ഒക്കെ കൂയ് എവിടെ പോകുന്നു എന്നൊക്കെ ഇവിടെ നിന്നവൻ വിളിച്ചു ചോദിക്കും..
പുതിയ ടീച്ചർ അവനെ ആദ്യം ബോർഡിൻറെ കീഴെ ഇരുത്തി..
രക്ഷയില്ല..
അവിടെ ഇരുന്നും ബഹളം..
കോക്രി കാട്ടി കുട്ടികളെ ചിരിപ്പിക്കുന്ന അവനെ കണ്ടിട്ട് ടീച്ചർ പൊട്ടിത്തെറിച്ചു..
തിരിഞ്ഞു ഇരിക്കെടാ..!
അവൻ അനുസരിച്ചു..
തിരിഞ്ഞു ഇരുന്ന അവനോടു ,
മര്യാദയ്ക്ക് വസ്ത്രം ധരിച്ചൂടെ ..?
നിന്റെ അടിവസ്ത്രം പാന്റിന്റെ മുകളിൽ കാണാലോ..!
ടീച്ചർ ദേഷ്യത്തിൽ ചോദിച്ചു..
പെട്ടന്ന് അവൻ തിരിഞ്ഞു..
ആഹാ..ടീച്ചർ കണ്ടോ..?
എന്ന പറ , എന്താ എന്റെ നിക്കറിന്റെ നിറം..?
പിന്നെ എന്താണ് അവിടെ സംഭവിച്ചത് എന്ന് ഊഹിക്കാൻ പോലും വയ്യ..
ഇയാളുടെ പുത്രൻ !!
ഇതാണ് അവനെ കുറിച്ച് എന്നോട് പറയുക..
എന്റെ പുത്രന്റെ ഈ തെറ്റിന് ഞാൻ എന്താണ് ചെയ്യേണ്ടത്..?
നാളെ അച്ഛനെ കൊണ്ട് വാ..
ഇത്രയും നാൾ അച്ഛനെ വിളിപ്പിക്കാൻ അവൻ സമ്മതിക്കില്ല..
‘അമ്മ വരും..
കുറെ പരാതി കേൾക്കും..
തിരിച്ചും അവനെ കുറിച്ച് പരാതികൾ പറയും..പോകും,.
വേണ്ട ടീച്ചറെ ,.അത് വേണ്ട..!
അച്ഛനെ വിളിക്കേണ്ട,…
ഓരോ വട്ടവും അവനോടു തോന്നുന്ന സഹതാപം മാറ്റി വെച്ച് ഇത്തവണ കർശനമായി അമ്മയെ വിളിച്ചു ,
അപ്പുവിന്റെ പിതാവ് തന്നെ സ്കൂളിൽ എത്തണം എന്ന് പറഞ്ഞു..
കുറച്ചു നേരം നിശ്ശബ്ദമായി നിന്നിട്ടവർ ഫോൺ വെച്ചു…
അദ്ദേഹം എത്തി..
അപ്പുവും അച്ഛനും എന്റെ കൗൺസിലിങ് റൂമിൽ..
സ്കൂളിൽ എത്ര പറഞ്ഞാലും വൃത്തിയില്ലാത്ത വരുന്ന ഒരു കുട്ടി ആണ് അപ്പു..
അമ്മയെ കാണുമ്പോൾ അദ്ധ്യാപികമാർ അതും പറയാറുണ്ട്..
എന്റെ മുന്നിലിരിക്കുന്ന അച്ഛനും ,
അവന്റെ അമ്മയെ പോലെ തന്നെ ഭംഗിയായി ഒരുങ്ങി വന്ന ഒരു വ്യക്തി..
അപ്പു ഇവരുടെ രണ്ടുപേരുടെയും മകൻ തന്നെയാണോ എന്നൊരു സംശയം ആർക്കും തോന്നാം..
ഞാൻ എന്തെങ്കിലും പറഞ്ഞു തുടങ്ങും മുൻപ് തന്നെ..,
അദ്ദേഹം അവനെ കുറിച്ചുള്ള കുറെ കുറ്റങ്ങൾ ഇങ്ങോട്ടു നിരത്തി..
ചിലപ്പോഴൊക്കെ ശപിച്ചു..
സാധാരണ വഴക്കു പറയുമ്പോൾ ,
ചെറു ചിരിയോടെ ,തലകുനിച്ചു നിൽക്കുന്നവൻ ..
അവൻ കൈകെട്ടി എന്റെ നേർക്ക് നോക്കി ഇരിക്കുന്നു..
തൊട്ടപ്പുറത്ത് ഇരുന്നു അവനെ വഴക്കു പറയുന്ന അച്ഛൻ പറയുന്നതും കേട്ട്…!
ഇവന് താഴേ ഒരു പെൺകുട്ടി ആണ്,.
അതിനും കൂടി അപമാനായി മാറും…!
അച്ഛൻ
വഴക്കുകൾ തുടരവേ ,
പെട്ടന്ന് അവൻ പൊട്ടി തെറിച്ചു..
ഇയാളുണ്ടല്ലോ…ഇയാൾ..,
എന്നെ ഇന്ന് വരെ സ്നേഹിച്ചിട്ടില്ല..
ഇയാൾക്ക് ഇയാളുടെ മോൾ മതി..
എന്നെ അങ്ങോട്ടും ഇങ്ങോട്ടും വിടില്ല..
അവളെ എവിടെ വേണേലും പോകാൻ സമ്മതിക്കും..
അവൾ പറയുന്നത് ഒക്കെ അപ്പോൾ വാങ്ങി കൊടുക്കും..
ഇഷ്‌ടം ഉള്ള ഭക്ഷണ സാധനങ്ങൾ പോലും..
എന്നെ ആർക്കും ആ വീട്ടിൽ വേണ്ട..!
ബെൽറ്റ് ഊരി ആണ് എന്നെ അടിക്കുക…
ഇതും പറഞ്ഞു അവൻ വാ വിട്ടു കരഞ്ഞു,,
അവന്റെ അച്ഛൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് ആ മുഖ ഭാവം വ്യക്തമാക്കി..
ആ മുഖത്തു ആദ്യം കണ്ട അമ്പരപ്പ്..
പിന്നെ സങ്കടമായി വന്നു..’
മോനെ..എന്ന് വിളിച്ചു അയാൾ അവന്റെ കൈ പിടിക്കാൻ ശ്രമിച്ചപ്പോൾ ആ കൈ അവൻ തട്ടിമാറ്റി..
”അവൾ മറ്റൊരു കുടുംബത്ത് ചെന്ന് കേറേണ്ടവൾ അല്ലെ..
അത് കൊണ്ടാണ്..
നീ എന്റെ മോനാ ..
എനിക്ക് അവസാന ശ്വാസം വരെ കൂടെ ഉണ്ടാകേണ്ടവൻ..
വെള്ളം ഒഴിച്ച് തരേണ്ടവൻ..”
ഇങ്ങനെ എന്തൊക്കെയോ അയാൾ പറഞ്ഞു..
മകനും അച്ഛനും ഒപ്പം കരഞ്ഞു..
എന്റെ ഇന്നേ വരെ ഉള്ള കൗൺസിലിങ് ജീവിതത്തിൽ മറക്കാൻ ആകാത്ത ദിനം..
എന്റെ അമ്മയെ ഓർത്തിട്ടാ, അല്ലേൽ എവിടേലും ഇറങ്ങി പോയേനെ..
അവന്റെ ഈ പറച്ചിൽ ഒന്നും ആ മനുഷ്യന് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല..
മകന്റെ ”’ഈ മുഖം”’ അദ്ദേഹം കണ്ടിട്ടില്ല.
അവന്റെ ഉള്ളം അറിഞ്ഞിട്ടില്ല..
ആൺകുട്ടി അല്ലെ കൂടുതൽ സ്നേഹം പ്രകടിപ്പിച്ചാൽ വഷളാകും..
അതല്ലാതെ അദ്ദേഹം മറ്റൊന്നും ചിന്തിച്ചിരുന്നില്ല.
കൗമാര പ്രായത്തിൽ എത്തുന്ന ആൺകുട്ടികളെ അച്ചടക്കത്തിന് വളർത്തണം എന്നേ അദ്ദേഹത്തിന് അറിയൂ..
നാളെ അവനാണ് കുടുംബം നിലനിർത്തേണ്ടത്…
അപ്പുവിനെ അച്ഛനും ,
അച്ഛനെ അപ്പുവിനും മനസ്സിലായില്ല….
സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ് സർ..
കുട്ടികൾ അത് ആഗ്രഹിക്കുന്നുണ്ട്…അവരെ അതിലൂടെ മാത്രമേ ശെരി തെറ്റ് മനസ്സിലാക്കി കൊണ്ട് വരാൻ പറ്റൂ….
അത്രയുമേ എനിക്ക് പറയാൻ ഉണ്ടായിരുന്നു..
അമിതമായ ശിക്ഷണം അവനെ കൂടുതൽ അപകടകാരി ആക്കും..
പെൺകുട്ടികൾ പൊരിച്ച മീനിന്റെ കഥ പറയാറുണ്ട്..
എക്കാലത്തും..
അതെ പോലെ ,
അർഹിക്കുന്ന പരിഗണയും സ്നേഹവും കിട്ടാതെ പോയ ഒരു അപ്പു ,
അവൻ പലരിലും ഉണ്ട്…
ചേര്ത്ത് നിർത്തി ഒരു തലോടലിലും ഉമ്മയിലും അലിഞ്ഞു പോകേണ്ടിയിരുന്ന സങ്കടം പെരുകി വർഷങ്ങൾ ആ പിരിമുറുക്കത്തിൽ ജീവിച്ചവർ ഉണ്ട്..
ആരുടേയും കുറ്റമല്ല..
സാഹചര്യവും അവസ്ഥയും രീതിയും ഒക്കെ പലപ്പോഴും ,
ഇങ്ങനെ ചില സങ്കടങ്ങൾക്കു വഴിയൊരുക്കുന്നു..
https://www.facebook.com/kpalakasseril/posts/10157559055959340
Post Your Comments