KeralaLatest NewsNews

പി.എസ്.സി. പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സര്‍ക്കാര്‍ ; വിദ്യാഭ്യാസ അവകാശനിയമത്തിനു വിരുദ്ധമെന്ന് അധ്യാപക സംഘടനകള്‍

കൊല്ലം :പി.എസ്.സി. പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പി.എസ്.സി. പി.എസ്.സി. പരീക്ഷകള്‍ സുഗമമായും കാര്യക്ഷമമായും നടത്തുന്നതിനാണ് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരേ അധ്യാപകസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

പരീക്ഷാകേന്ദ്രങ്ങളില്‍ ഇന്‍വിജിലേറ്റര്‍മാരായി അധ്യാപകരെ മാത്രമേ നിയോഗിക്കാവൂ എന്ന് ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. മാത്രവുമല്ല പി.എസ്.സി. ആവശ്യപ്പെടുന്നപക്ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും കോളേജുകളും പരീക്ഷാകേന്ദ്രങ്ങളാക്കാന്‍ സ്ഥാപനമേധാവികള്‍ അനുമതി നല്‍കേണ്ടതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പി.എസ്.സി. സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

എഴുത്തുപരീക്ഷകളുടെ നടത്തിപ്പില്‍ പി.എസ്.സി. നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാരിന്റെ സഹകരണം തേടിയായിരുന്നു കമ്മിഷന്‍ സെക്രട്ടറിയുടെ കത്ത്. പരീക്ഷയ്ക്കായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്നതിന് ചില മേധാവികള്‍ വിസമ്മതം പ്രകടിപ്പിക്കുന്നതായി പി.എസ്.സി. കത്തില്‍ പരാമര്‍ശിച്ചിരുന്നു. പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പരീക്ഷ തുടങ്ങുന്നതിന് ഏതാനും സമയംമുന്‍പുമാത്രമാണ് എത്താറുള്ളതെന്നും ഇതുമൂലം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട പരീക്ഷാനടപടികളുടെ നടത്തിപ്പിന് വളരെയധികം പ്രയാസം നേരിടേണ്ടിവരുന്നുണ്ടെന്നും അവര്‍ക്ക് മതിയായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ പി.എസ്.സി.യില്‍നിന്നു പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് കഴിയാറില്ലെന്നും കമ്മിഷന്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഈ ഉത്തരവ് വിദ്യാഭ്യാസ അവകാശനിയമത്തിനു വിരുദ്ധമാണിതെന്ന് അധ്യാപക സംഘടനകള്‍ പറഞ്ഞു. സംഘടനകളോട് ആലോചിക്കാതെയുള്ള തീരുമാനമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പി.എസ്.സി. പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിനു വിരുദ്ധമാണ് കെ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് കെ.ജെ.ഹരികുമാര്‍ പ്രതികരിച്ചു. നിയമവിരുദ്ധമായി അധികജോലികള്‍ അധ്യാപകരുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്നായിരുന്നു എ.എച്ച്.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എസ്.മനോജ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button