ന്യൂഡൽഹി: ഏവരും ഉറ്റുനോക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചു. ആകെയുള്ള 70 സീറ്റുകളിൽ 54 എണ്ണത്തിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മുൻ എഎപി നേതാവ് അൽക ലാംബ, മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ കൊച്ചുമകനും ദ്വാരക എംഎൽഎയുമായ ആദർശ് ശാസ്ത്രി എന്നിവർ പട്ടികയിൽ ഇടംപിടിച്ചു. ശനിയാഴ്ച വൈകിട്ടാണ് ആദർശ് കോൺഗ്രസിൽ ചേർന്നത്.
മുൻ കേന്ദ്രമന്ത്രി കൃഷ്ണ തിരാത് പട്ടേൽ നഗറിൽ നിന്നും മുൻ മന്ത്രി അരവിന്ദർ ലവ്‌ലി ഗാന്ധി നഗറിൽ നിന്നും മത്സരിക്കും. ചാന്ദിനി ചൗക്കിൽ നിന്നാണ് അൽക ലാംബ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാൻ കീർത്തി ആസാദിന്റെ ഭാര്യ പൂനം ആസാദ് സംഘവിഹാറിൽ നിന്നാണ് ജനവിധി തേടുന്നത്. ന്യൂഡൽഹിയിൽ മത്സരിക്കുന്ന അരവിന്ദ് കേജ്‌രിവാളിന്റെ എതിരാളിയെ കോൺഗ്രസ് പ്രഖ്യാപിച്ചില്ല. ലക്ഷ്മണ്‍ റാവത്താണ് പട്പർഗഞ്ചിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കോൺഗ്രസ് എതിരാളി.
നേരത്തെ, ഭരണകക്ഷിയായ എഎപി 70 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും ബിജെപി 54 ഇടങ്ങളിലേക്കുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിരുന്നു. 15 സിറ്റിങ് എംഎൽഎമാർക്ക് എഎപി സീറ്റ് നിഷേധിച്ചതോടെയാണ് ആദർശ് ശാസ്ത്രിയടക്കമുള്ളവർ കോൺഗ്രസിനെ സമീപിച്ചത്. അടുത്ത മാസം എട്ടിനാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. 11ന് ഫലം അറിയാം.
Post Your Comments