Latest NewsNewsInternational

സമുദ്രത്തിന് മധ്യത്തിലെ ‘ മരുഭൂമി’ : പറക്കും തളികകളുടെ കേന്ദ്രമെന്ന് സംശയം

തെക്കന്‍ പസഫിക്കിലായാണ് ഏതൊരു വന്‍കരയിലുള്ള വ്യക്തിക്കും എത്തിച്ചേരാന്‍ കഴിയാത്തത്ര ദൂരത്തില്‍ സമുദ്രത്തിന്റെ മധ്യഭാഗത്തായി ഒരു മരുഭൂമി സ്ഥിതി ചെയ്യുന്നത്. ഈ മേഖലയെ മരുഭൂമി എന്നു വിളിയ്ക്കാനുള്ള കാരണവും ആര്‍ക്കും എത്തിച്ചാരാന്‍ കഴിയാത്ത പ്രദേശം എന്ന അര്‍ഥത്തിലാണ്. സൗത്ത് പസിഫിക് ഗയര്‍ എന്നറിയപ്പെടുന്ന ഈ മേഖലയ്ക്ക് ഇനിയും നിരവധി പേരുകളുണ്ട്. സമുദ്രത്തിലെ ധ്രുവമേഖല, പറക്കും തളികകളുടെ ഗാരേജ് തുടങ്ങിയ പേരുകളും ഈ മേഖലയ്ക്കുണ്ട്.

ഭൂമിയില്‍ മനുഷ്യന് എത്തിച്ചേരാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള മേഖലയാണ് ഈ പസിഫിക് മേഖല. സ്‌പേസ്‌ക്രാഫ്റ്റ് സെമിത്തേരി എന്ന ഒരു വിളിപ്പേര് കൂടി ഈ പ്രദേശത്തിനുണ്ട്. ഇതിന് കാരണം അമേരിക്കയുടെ പരീക്ഷണ വിജയം കണ്ടതും അല്ലാത്തതുമായ എല്ലാ മിസൈലുകളും ശൂന്യാകാശ വാഹനങ്ങളും ഒടുവില്‍ യാത്ര അവസാനിപ്പിക്കുന്നത് ഭൂമിയിലെ ഈ പ്രദേശത്താണ്. ചുറ്റുമുള്ള വന്‍കരകളില്‍ നിന്നെല്ലാം ഏറെയകന്നു സ്ഥിതി ചെയ്യുന്നതിനാല്‍ ഈ സമുദ്രമേഖലയെക്കുറിച്ച് അധികം പഠനങ്ങളും നടന്നിട്ടില്ല.

ഭൂമിയിലെ ആകെ സമുദ്രമേഖലയുടെ ഏതാണ്ട് 10 ശതമാനം വരും പസഫിക് ഗയര്‍. പക്ഷെ കാര്യമായ പഠനങ്ങള്‍ നടക്കാത്തതിനാല്‍ തന്നെ ഈ മേഖലയിലെ ജൈവവൈവിധ്യത്തെക്കുറിച്ച് വലിയ ധാരണയൊന്നും ശാസ്ത്രലോകത്തിനില്ല. ഭൂമിയിലെ ഏറ്റവും വലിയ അഞ്ച് സമുദ്രപ്രവാഹങ്ങളില്‍ ഒന്നു പോലും കടന്നു പോകാത്ത ഏക സമുദ്ര മേഖലയും ഇതാണ്. അക്കാരണം കൊണ്ട് തന്നെ മറ്റ് സമുദ്രമേഖലകളില്‍ നിന്നുള്ള ധാതുക്കളും മറ്റ് ജൈവീക അംശങ്ങളും ഈ സമുദ്രമേഖലയിലേക്ക് കാര്യമായി എത്തുന്നില്ല. അതിനാല്‍ ഒരു പക്ഷേ ഈ മേഖലയിലെ ജൈവവ്യവസ്ഥയ്ക്ക് തനതായ അംശങ്ങള്‍ ഉണ്ടാകാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഈ മേഖല ഒറ്റപ്പെട്ടതാണെന്നത് മാത്രമല്ല ഇവിടുത്ത ജൈവവൈവിധ്യത്തെക്കുറിച്ച് പഠിക്കുന്നത് ബുദ്ധിമുട്ടേറിയ ഒന്നാക്കി മാറ്റുന്നത്. മറിച്ച് ഈ പ്രദേശത്തിന്റെ വിസ്തൃതി കൂടിയാണ്. ഏതാണ്ട് 37 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഈ പ്രദേശത്തിന്റെ വിസ്തീര്‍ണം. ഇത്രയും വിസ്തൃതമായ ഒരു പ്രദേശത്തെക്കുറിച്ച് ആയിരക്കണക്കിന് കിലോമീറ്റര്‍ കപ്പലില്‍ യാത്ര ചെയ്‌തെത്തി പഠിക്കുക എന്നത് ഇപ്പോള്‍ പോലും ഏറെ സാങ്കേതിക പരിമിതികളുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഈ വ്യത്യസ്തതകളുള്ള സമുദ്രമേഖലയെക്കുറിച്ച് വിശദമായ പഠനത്തിന് ഗവേഷകര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

shortlink

Post Your Comments


Back to top button