ദില്ലി ഗാന്ധിനഗറില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് ദില്ലി കര്‍ക്കഡൂമാ പോക്‌സോ കോടതി. അഞ്ചുവര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. നിര്‍ഭയ സംഭവത്തിനുശേഷം രാജ്യ മനസാക്ഷിയെ പിടിച്ചുലച്ച, ഗുഡിയാ കേസ് എന്നറിയപ്പെട്ട ദില്ലി ഗാന്ധിനഗര്‍ പീഡനക്കേസിലെ പ്രതികളായ മനോജ് ഷാ, പ്രദീപ് കുമാര്‍ എന്നിവരെയാണ് കര്‍ക്കഡുമ പോക്‌സോ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.കുഞ്ഞുങ്ങളെ ദേവതമാരെപ്പോലെയാണ് കാണേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ശിക്ഷ ഈമാസം 30ന് വിധിക്കും.
ദേവതമാരെപ്പോലെ ആരാധിക്കേണ്ട കുഞ്ഞുങ്ങളോട് പ്രതികള്‍ ക്രൂരതയാണ് കാണിച്ചതെന്നും തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ തെളിയിക്കാനായെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നരേഷ് കുമാര്‍ മല്‍ഹോത്ര പറഞ്ഞു.ഇതിനിടെ കോടതിയില്‍ നിന്നു പുറത്തിറക്കുന്നതിനിടെ കേസിലെ പ്രതികളിലൊരാളായ മനോജ് ഷാ മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
2013 ഏപ്രില്‍ 15 നാണ് ഗാന്ധി നഗറില്‍ അഞ്ചുവയസ്സുകാരി ക്രൂരപീഡനത്തിരയായത്. രാജ്യത്ത് നിര്‍ഭയ പീഡനത്തിന്റെ മുറിവുണങ്ങും മുമ്പായിരുന്നു അത്. മരിച്ചെന്നു കരുതി കുഞ്ഞിനെ മുറിയിലുപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു. പിന്നീട് നാല്‍പത് മണിക്കൂറിന് ശേഷം ഏപ്രില്‍ 17 നാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. ശേഷം മുസഫര്‍പൂരില്‍ നിന്നും ബിഹാറില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. തൊട്ടടുത്ത വര്‍ഷം തന്നെ കുറ്റപത്രം സമര്‍പ്പിച്ചു.
Post Your Comments