KeralaLatest NewsIndia

വെള്ളാപ്പള്ളിയെ പിന്തുണച്ചും സുഭാഷ് വാസുവിനെതിരെയും 10 യൂണിയനുകള്‍ രംഗത്ത്‌

സ്‌ഥാനമാനങ്ങള്‍ നേടിയ ശേഷം സമുദായത്തെ തള്ളിപ്പറഞ്ഞും ജനമധ്യത്തില്‍ കരിവാരിത്തേച്ചും കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ തുരത്തണമെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം

കൊല്ലം: എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചും അദ്ദേഹത്തിനെതിരേ ആരോപണങ്ങളുന്നയിച്ച സുഭാഷ്‌ വാസു, ടി.പി. സെന്‍കുമാര്‍ എന്നിവരെ വിമര്‍ശിച്ചും യോഗത്തിന്റെ ആസ്‌ഥാന ജില്ലയിലെ പത്ത്‌ യൂണിയനുകളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും രംഗത്ത്‌. സ്‌ഥാനമാനങ്ങള്‍ നേടിയ ശേഷം സമുദായത്തെ തള്ളിപ്പറഞ്ഞും ജനമധ്യത്തില്‍ കരിവാരിത്തേച്ചും കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ തുരത്തണമെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം കൊല്ലം യൂണിയന്‍ പ്രസിഡന്റ്‌ മോഹന്‍ ശങ്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

എന്‍. രാജേന്ദ്രന്‍(കൊല്ലം), ഡോ. ജി. ജയദേവന്‍,അനില്‍കുമാര്‍(കുണ്ടറ), ബി.ബി. ഗോപകുമാര്‍, കെ. വിജയകുമാര്‍(ചാത്തന്നൂര്‍),കെ. സുശീലന്‍,എ. സോമരാജന്‍ (കരുനാഗപ്പള്ളി), ശ്രീകുമാര്‍, ഡോ. പി. കമലാസനന്‍(കുന്നത്തൂര്‍),ആദംകോട്‌ ഷാജി, ബിജു (പത്തനാപുരം), സതീഷ്‌ സത്യപാലന്‍, ജി. വിശ്വംഭരന്‍(കൊട്ടാരക്കര), ചന്ദ്രബോസ്‌, ശശാങ്കന്‍(കടയ്‌ക്കല്‍), ടി.കെ. സുന്ദരേശന്‍, ആര്‍.ഹരിദാസ്‌(പുനലൂര്‍), സഞ്‌ജയന്‍, കരയില്‍ അനീഷ്‌(ചവറ), എസ്‌.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍മാരായ പി. സുന്ദരന്‍, പച്ചയില്‍ സന്ദീപ്‌ എന്നിവരും പങ്കെടുത്തു.

മൈക്രോ ഫിനാന്‍സ്‌ വഴി വായ്‌പയെടുത്ത സംഘങ്ങള്‍ നിശ്‌ചിത സമയത്തു പണം തിരിച്ചടച്ചിട്ടും സുഭാഷ്‌ വാസു പ്രസിഡന്റായ മാവേലിക്കര യൂണിയന്‍ അതു ബാങ്കിലടയ്‌ക്കാതെ ചെലവഴിച്ചു. വ്യവസ്‌ഥകള്‍ക്കും യോഗ നിര്‍ദേശങ്ങള്‍ക്കും വിപരീതമായി വ്യക്‌തിപരമായ ആവശ്യങ്ങള്‍ക്ക്‌ തുക വിനിയോഗിച്ചു.
സംഘങ്ങളില്‍ നിന്ന്‌ വായ്‌പകള്‍ക്ക്‌ കൂടുതല്‍ പ്രോസസിങ്‌ ഫീസ്‌ ഈടാക്കി ദുര്‍വിനിയോഗം ചെയ്‌തു.

യൂണിയന്‍ ഓഫീസ്‌ നവീകരണത്തില്‍ ദര്‍ഘാസ്‌ നടപടികള്‍ സ്വീകരിക്കാതെ പ്രസിഡന്റ്‌ സുഭാഷ്‌ വാസു തന്റെ അനുയായിയായ കരാറുകാരന്‌ വന്‍ തുകയുടെ കരാര്‍ നല്‍കി, നോട്ട്‌ നിരോധന സമയത്ത്‌ യൂണിയന്റെ അക്കൗണ്ടിലൂടെ സുഭാഷ്‌ വാസുവും സെക്രട്ടറിയും കോടിക്കണക്കിന്‌ രൂപയുടെ കള്ളപ്പണം മാറ്റിയെടുത്തു. യൂണിയന്‍ വക ചാരുമ്മൂട്‌ ആശുപത്രിയും സ്വത്തുക്കളും അനധികൃതമായി ബാങ്കില്‍ പണയപ്പെടുത്തി തുക മുഴുവനായി അപഹരിച്ചു തുടങ്ങിയ ആരോപണങ്ങളാണു മോഹന്‍ ശങ്കര്‍ ഉന്നയിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button