
ടോങ്ക്: പാക്കിസ്ഥാനിൽ നിന്നു വന്ന ‘കുടിയേറ്റക്കാരി’ക്ക് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയാകാൻ അവസരം ലഭിച്ചു. നാല് മാസം മുമ്പാണ് പാക് വംശജ നീത സോധയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. ഇതോടെ രാജസ്ഥാനിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ് ഇവർ.
രാജസ്ഥാനിലെ നട്വാരയിൽ നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ഇവർ മത്സരിക്കുന്നത്. തന്‍റെ ഭർത്താവിന്റെ/ അച്ഛന്‍റെ പാത പിന്തുടർന്നാണ് താൻ രാഷ്ട്രീയത്തിലിറങ്ങുന്നതെന്നാണ് നീത സോധ പറയുന്നത്. എന്‍റെ ഭർത്താവിന്‍റെ അച്ഛൻ പൊതുപ്രവർത്തകനാണ്, അദ്ദേഹമാണ് എന്നെ രാഷ്ട്രീയ ജീവിതത്തിലേക്ക് നയിച്ചത്. ഞാൻ ഇന്ത്യയിലെത്തിയിട്ട് 18 വർഷമായി, നാല് മാസം മുന്നേയാണ് എനിക്ക് പൗരത്വം ലഭിക്കുന്നത്. പിന്നാലെ തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുകയായിരുന്നു’ സോധ പറഞ്ഞു.
‘സ്ത്രീകളെ മുന്നോട്ട് നയിക്കാൻ എന്‍റെ കഴിവിന്‍റെ പരമാവധി ഞാൻ ശ്രമിക്കും. മികച്ച വിദ്യാഭ്യാസത്തിനും ആശുപത്രികൾക്കുമായി പ്രവർത്തിക്കും. ഏറ്റവും പ്രധാനമായി, ഗ്രാമത്തിന്‍റെ മെച്ചപ്പെട്ട വളർച്ചയ്ക്കും അഭിവൃദ്ധിക്കുമായി സ്ത്രീകൾക്ക് കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന് ഞാൻ ഉറപ്പാക്കും’ അവർ പറഞ്ഞു. തങ്ങളുടെ ഗ്രാമത്തിൽ സ്ത്രീ ശാക്തീകരണത്തിനും മികച്ച വിദ്യാഭ്യാസത്തിനുമായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്ന നീത പറയുന്നത്.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഓർമ്മകൾ പങ്കുവെച്ച അവർ പാകിസ്ഥാനിലേതിനേക്കാൾ മികച്ച ജീവിത സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്ന് പറഞ്ഞു. ഇവിടെയെത്തിയത് മുതൽ ജനങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അതാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Post Your Comments