Latest NewsNewsIndia

ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക്; തൽക്കാലം വീട്ടുതടങ്കലില്‍ തന്നെ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തൽക്കാലം വീട്ടുതടങ്കലില്‍ തന്നെ തുടരുമെന്ന് റിപ്പോർട്ട്. എന്നാൽ നിലവിൽ പാർപ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍നിന്ന് മറ്റൊരു സർക്കാർ കെട്ടിടത്തിലേക്ക് മാറ്റും. ഗുപ്കര്‍ റോഡിലെ സര്‍ക്കാര്‍ വസതിയിലേക്കാണ് അദ്ദേഹത്തെ മാറ്റുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം,മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്രാന്‍സ്‌പോര്‍ട് ലെയ്‌നിലുള്ള അതിഥി മന്ദിരത്തില്‍ വീട്ടുതടങ്കലില്‍ തുടരും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരിയില്‍ നടത്താനിരിക്കുന്ന ഇന്ത്യാ സന്ദര്‍ശനം അടക്കമുള്ളവയുടെ പശ്ചാത്തലത്തിലാണ് ഒമര്‍ അബ്ദുള്ളയെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രമന്ത്രിമാരുടെ പ്രതിനിധി സംഘവും കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്.

മുമ്പ് ഫാറൂഖ് അബ്ദുള്ളയെയും മകന്‍ ഒമര്‍ അബ്ദുളളയെയും ഉപാധികളോടെ മോചിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് തത്കാലം വിട്ടുനില്‍ക്കണം എന്നതടക്കമുള്ള വ്യവസ്ഥകളോടെ മോചിപ്പിക്കാന്‍ നീക്കമുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിലാക്കിയത്. ഇവര്‍ക്കൊപ്പം മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും കരുതല്‍ തടങ്കലിലാക്കിയിരുന്നു.

ALSO READ: ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങി; സംസ്ഥാനം സന്ദർശിക്കാൻ കേന്ദ്ര മന്ത്രിമാരുടെ സംഘം എത്തുന്നു

ഇരുവരെയും ബ്രിട്ടനിലേക്ക് പോകാന്‍ അനുവദിക്കുമെന്നും വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാണോയെന്ന് ആരായാന്‍ അധികൃതര്‍ ഇരുവരെയും സമീപിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button