തിരുവനന്തപുരം: ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നടപടിയെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഒരു സീറ്റ് വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ചുളുവില്‍ വാര്‍ഡുകള്‍ മാനദണ്ഡം മറികടന്ന് തങ്ങള്‍ക്കനുകൂലമാക്കാനുള്ള നിഗൂഡനീക്കമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് കെ സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഓര്‍ഡിനന്‍സില്‍ ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രി എസി മൊയ്തീനെ അറിയിക്കുകയായിരുന്നു. ഓര്‍ഡിനന്‍സിന്റെ ആവശ്യമെന്തെന്നും ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്ന് നിയമമാക്കണമെന്നുമായിരുന്നു ഗവര്‍ണറുടെ മറുപടി. പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭ ചേര്‍ന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ഗവര്‍ണര്‍ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്നറിയില്ലെന്ന് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. എന്നാല്‍ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്യാനില്ല. വാര്‍ഡ് വിഭജനമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു. സര്‍ക്കാരിന്റേത് നീതിപൂര്‍വമായ നിലപാടാണെന്നും തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സഭയില്‍ നിയമം പാസാക്കിയാലും ഒപ്പുവയ്ക്കേണ്ടത് ഗവര്‍ണറെന്നും മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments