കട്ടപ്പന: വ്യത്യസ്തനാമൊരു വൈദ്യുതി മന്ത്രിയെ… എന്നുതുടങ്ങിയതാണ് പാട്ട്. ഇടയ്‌ക്കെപ്പേഴൊ അത് ബാര്‍ബറാം ബാലനെ… എന്നായി. ഇതോടെ, കടലകൊറിച്ച് പാട്ട് ആസ്വദിച്ചുകൊണ്ടിരുന്ന മണിയാശാന്‍ ഒന്നമ്പരന്നു. വണ്ടന്‍മേട് 33 കെ.വി.സബ്സ്റ്റേഷന്റെ ഉദ്ഘാടന വേദിയില്‍ വൈദ്യുതിമന്ത്രി എം.എം.മണിയെ പുകഴ്‌ത്തിക്കൊണ്ട് കുടുംബശ്രീ പ്രവര്‍ത്തകരാണ് ‘കഥ പറയുമ്പോള്‍’ എന്ന സിനിമയിലെ ഗാനം അനുകരിച്ച് ഇത് പാടിയത്. പാട്ടും മന്ത്രിയുടെ ഭാവമാറ്റവും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വിശിഷ്ടാതിഥിയായി മന്ത്രി വേദിയില്‍ ഇരുപ്പായതോടെ നാല് കുടുംബശ്രീ പ്രവര്‍ത്തകരാണ് മൈക്കിന് മുന്നിലെത്തി മന്ത്രിയെ കയ്യിലെടുക്കാനായി ഗാനാലാപനം തുടങ്ങിയത്. ‘വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയെ…സത്യത്തില്‍ നമ്മള്‍ തിരിച്ചറിഞ്ഞല്ലോ…’എന്നായിരുന്നു പാരഡിയുടെ തുടക്കം.പാട്ട് ആരംഭിച്ചപ്പോള്‍ മന്ത്രിയും ആസ്വദിച്ച് തലയാട്ടി താളംപിടിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പാരഡി ഗാനം മുന്നോട്ടുപോയപ്പോള്‍ നാലു ഗായികമാരില്‍ ഒരാള്‍ക്കുണ്ടായ നാവുപിഴയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
മന്ത്രിയെ പുകഴ്ത്തുന്നതിനിടയില്‍ സിനിമാഗാനത്തിലെ വരിയും ഇടയ്ക്ക് കയറുകയായിരുന്നു, ‘ഹൃദയം തുറക്കുന്ന സ്‌നേഹവുമായി നമ്മുടെ മന്ത്രിയാം വൈദ്യുതി മന്ത്രി. ജനങ്ങളെ സ്‌നേഹിക്കുന്ന മന്ത്രിയാം നമ്മുടെ മന്ത്രി…വൈദ്യുതി മന്ത്രിക്ക് അഭിനന്ദനം. ..വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ…’
മന്ത്രിയും വേദിയിലും സദസിലുമുള്ളവര്‍ തലയറഞ്ഞു ചിരിക്കാൻ തുടങ്ങി.ഇതോടെ, ബാക്കി മൂന്നുപേര്‍ വേദിയില്‍നിന്ന് ഇറങ്ങിയോടി. എന്നാല്‍, ഗാനംതെറ്റിച്ച വനിത ധൈര്യം വീണ്ടെടുത്ത് മുഴുവനും പാടിത്തീര്‍ത്തു. ഒടുവില്‍, ബഹുമാനപ്പെട്ട മന്ത്രി ക്ഷമിക്കണം. എനിക്ക് പാട്ടിന്റെ വരികള്‍ തെറ്റിപ്പോയെന്ന് പറഞ്ഞ് കൈകള്‍കൂപ്പി ക്ഷമ ചോദിച്ച് അവര്‍ വേദിവിട്ടു. പാട്ടും, പാട്ട് തെറ്റിയപ്പോഴുള്ള മന്ത്രിയുടെ ഭാവവും സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്. വീഡിയോ കാണാം: video courtesy :manorama TV
Post Your Comments