മലപ്പുറം: കേരളത്തെ ഞെട്ടിച്ച കവളപ്പാറ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി. എടക്കര പോത്തുകല്ലിൽ ‘ഭൂദാനം നവകേരള ഗ്രാമം’ എന്ന ജില്ലാ ഭരണകൂടത്തിൻ്റെ പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാരിൻ്റെ പച്ചക്കൊടി. കവളപ്പാറയിലെ കുടുംബങ്ങളെ ഒരുകുടക്കീഴിൽ എത്തിക്കുന്നതാണ് ‘ഭൂദാനം നവകേരള ഗ്രാമം’ പദ്ധതി.
67 കുടുംബങ്ങൾക്കും 10 സെൻ്റ് ഭൂമിയിൽ വീടും, ശേഷിക്കുന്ന ഭൂമിയിൽ വായനാശാല, കമ്യൂണിറ്റി സെൻ്റര്‍ എന്നിവ ഒരുക്കാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്. ‘ഭൂദാനം നവകേരള ഗ്രാമം’ പദ്ധതിയുടെ ആകെ ചെലവ് 3.38 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ജൂണോടെ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടത്തിൻ്റെ ശ്രമം. പോത്തുകല്ലിലെ ഒമ്പത് ഏക്കര്‍ ഭൂമിയിൽ കെയര്‍ഹോം പദ്ധതി വഴിയാണ് വീടുകൾ നിര്‍മ്മിക്കുക.
2019 ഓഗസ്റ്റ് എട്ടിനാണ് കേരളത്തെ നടുക്കി കവളപ്പാറയിലെ മുത്തപ്പൻകുന്നിൽ ഉരുൾപ്പൊട്ടലുണ്ടായത്. 59 ജീവനുകള്‍ നഷ്ടപ്പെടുകയും 42 വീടുകളും മണ്ണിനടിയിലാകുകയും ചെയ്തിരുന്നു. നേരത്തെ, മരിച്ച 36 പേരുടെ ആശ്രിതര്‍ക്കു നാല് ലക്ഷം രൂപ വീതം നൽകാനായി 1.44 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
Post Your Comments