ചെങ്ങന്നൂര്‍: തൊഴില്‍ മേളയ്ക്കെത്തി ജോലിക്ക് യോഗ്യതനേടി മടങ്ങിയ ചെറുപ്പക്കാര്‍ക്ക് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. എം.സി. റോഡില്‍ നടന്ന അപകടത്തില്‍ കാരയ്ക്കാട് ഇടത്തിലേത്ത് ജനിഭവനില്‍ എം.കെ. ജയന്റെ മകന്‍ അമ്പാടി ജയന്‍ (20), ഹരിപ്പാട് ഏവൂര്‍ ശ്രീരാഗത്തില്‍ ഭാസിയുടെ മകന്‍ അഭിരാജ് ഭാസി (19) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ എം.സി. റോഡില്‍ ആശുപത്രി ജങ്‌ഷന് സമീപമാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ബൈക്കില്‍ തട്ടിയാണ് അപകടം.
തിരുവല്ലയില്‍നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന രാഹുലും സുജിത്തും സഞ്ചരിച്ച ബൈക്കിന്റെ ഹാന്‍ഡിലില്‍ അമ്പാടിയും അഭിരാജും സഞ്ചരിച്ച ബൈക്ക് തട്ടി. നിയന്ത്രണം വിട്ട രണ്ട് ബൈക്കുകളും മറിഞ്ഞുവീണ് റോഡിലൂടെ കുറച്ചുദൂരം നിരങ്ങിനീങ്ങിയാണ് നിന്നത്. അമ്പാടി എതിരേവന്ന കാറിന് അടിയിലേക്കും പിന്നിലിരുന്ന അഭിരാജ് മുന്നില്‍ പോയ കെ.എസ്.ആര്‍.ടി.സി. ബസിന്റെ അടിയിലേക്കും തെറിച്ചുവീണു. കൊല്ലം സ്വദേശികളായ സുജിത്ത്, രാഹുല്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലാണ് തട്ടിയത്. അപകടത്തില്‍ ഇരുവര്‍ക്കും പരിക്കുണ്ട്.
കാലിന് സാരമായ പരിക്കേറ്റ രാഹുലിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സുജിത്തിനെ തിരുവല്ലയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.വാഹനങ്ങള്‍ ശരീരത്തില്‍ കയറിയിറങ്ങിയില്ലെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ മരണം സംഭവിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അമ്പാടി ധരിച്ചിരുന്ന ഹെല്‍മെറ്റ് അപകടത്തില്‍ തകര്‍ന്നിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ 100 മീറ്റര്‍ അടുത്തുള്ള ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ ഇരുവരെയും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ.യില്‍ പൂര്‍വവിദ്യാര്‍ഥികളായ ഇരുവരും എം.സി.ഇ.എ. (മെക്കാനിക്കല്‍ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് അപ്ലയന്‍സസ്) ആണ് പഠിച്ചത്. ഒരേക്ലാസില്‍നിന്ന് ഒരുവര്‍ഷം മുന്നേ പഠിച്ചിറങ്ങിയ ഇവര്‍ക്ക് ചില്ലറ ജോലികളൊക്കെ തരപ്പെട്ടെങ്കിലും മെച്ചപ്പെട്ട ശമ്പളമുള്ള ജോലിക്ക് കാത്തിരിക്കുകയായിരുന്നു. മനസ്സിനിണങ്ങിയ ജോലിക്ക് യോഗ്യതനേടിയ വിവരമറിഞ്ഞ് മടങ്ങവേയാണ് അപകടം സംഭവിക്കുന്നത്.
അമ്പാടിയുടെ അച്ഛന്‍ ജയന്‍ പെയിന്റിങ് തൊഴിലാളിയാണ്. അമ്മ: സ്മിത. സഹോദരങ്ങള്‍: പാര്‍വതി (ബി.എസ്‌സി., നഴ്‌സിങ്), ആദിത്യന്‍ (ഒന്നാം ക്ലാസ്). അഭിരാജിന്റെ അച്ഛന്‍ ഭാസി കൂലിപ്പണിക്കാരനാണ്. അമ്മ: രാഗിണി. സഹോദരന്‍: അനുരാജ്.
Post Your Comments