സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2018 ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്ക്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയശാസ്ത്രസാഹിത്യം, ശാസ്ത്ര പത്രപ്രവർത്തനം, എന്നീ വിഭാഗങ്ങളിലെ കൃതികളാണ് അവാർഡിന് അർഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
ബാലശാസ്ത്ര സാഹിത്യത്തിനുള്ള 2018-ലെ പുരസ്‌കാരത്തിന് പി. ഒ. ചാക്കോ അർഹനായി. അദ്ദേഹത്തിന്റെ ‘ചിന്നന്റെ മക്കൾ’ എന്ന പുസ്തകത്തിനാണ് അവാർഡ്. കോട്ടയം ജില്ലയിലെ നെടുമണി സെന്റ് അൽഫോൻസാ യു.പി സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്നു അദ്ദേഹം. കോട്ടയം നെടുംകുന്നം സ്വദേശിയാണ്. ഗണിതം ബുക്സ്, നെടുംകുന്നം പ്രസിദ്ധീകരിച്ച പുസ്തകമാണിത്.
രഞ്ജിത് ചിറ്റാടയും, മനു മുകുന്ദനും ചേർന്ന് രചിച്ച തൃശൂർ സമത പ്രസിദ്ധീകരിച്ച ‘ആമസോൺ: നരഭോജികൾ കാടേറുമ്പോൾ’ എന്ന പുസ്തകത്തിനാണ് ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള അവാർഡ്. തൃശൂർ മറ്റം സ്വദേശിയും സൗണ്ട് എഞ്ചിനീയറിംഗ് ബിരുദദാരിയുമാണ് രഞ്ജിത് ചിറ്റാട. തൃശ്ശൂർ ചൊവ്വല്ലൂർ സ്വദേശിയായ മനു മുകുന്ദൻ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ശാസ്ത്ര പത്രപ്രവർത്തന പുരസ്‌കാരത്തിന് നിഖിൽ നാരായണൻ അർഹനായി. മാതൃഭൂമി, ഡി.സി ബുക്സ് എമർജിങ് കേരള മാസികകളിൽ പ്രസിദ്ധീകരിച്ച വ്യത്യസ്ത ലേഖനങ്ങൾക്കാണ് അവാർഡ്്. ബാംഗ്ലൂർ കോഗ്‌നിസന്റ് കമ്പനിയിൽ അസോസിയേറ്റ് ഡയറക്ടറാണ് നിഖിൽ നാരായണൻ. ജനപ്രിയ ശാസ്ത്രസാഹിത്യം, ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം എന്നീ വിഭാഗങ്ങളിൽ ഒരു കൃതിയും അവാർഡിന് അർഹമായില്ല. പ്രൊഫ. സി. പി. അരവിന്ദാക്ഷൻ അധ്യക്ഷനായ അവാർഡ് നിർണയ സമിതിയാണ് അർഹരെ തെരഞ്ഞെടുത്തത്. ജനുവരി 25 ന് പാലക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നടക്കുന്ന മുപ്പത്തിരണ്ടാമതു കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും.
Post Your Comments