തിരുവനന്തപുരം : കാന്‍സറിനെ തുരത്തും മഞ്ഞള്‍… ‘കാന്‍സര്‍ ചികിത്സയ്ക്ക് മഞ്ഞള്‍’ വിദ്യ . കേരളത്തിലെ പ്രമുഖ ആശുപത്രിയ്ക്ക് യു.എസ് പേറ്റന്റ് നല്‍കി. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ആശുപത്രിയ്ക്കാണ് കാന്‍സര്‍ ചികിത്സ രംഗത്ത് അത്യപൂര്‍വ ബഹുമതി ലഭിച്ചത്. കാന്‍സര്‍ ബാധിച്ച കോശങ്ങളെ നീക്കം ചെയ്ത ശേഷം സമീപ കോശങ്ങളിലേക്കു പടരാതിരിക്കാനുള്ള കുര്‍ക്കുമിന്‍ വേഫര്‍ സാങ്കേതിക വിദ്യയ്ക്കാണ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു യുഎസ് പേറ്റന്റ് ലഭിച്ചത്.
മഞ്ഞളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന കുര്‍ക്കുമിന്‍ ഉപയോഗിച്ചു ശ്രീചിത്രയിലെ ഡോ.ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ച സാങ്കേതിക വിദ്യയ്ക്കാണു പേറ്റന്റ്. സാങ്കേതിക വിദ്യ വ്യാവസായിക അടിസ്ഥാനത്തില്‍ കൈമാറാന്‍ തയാറായതായി ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെയായിരുന്നു ഗവേഷണം.
കുര്‍ക്കുമിന്‍, ഹ്യൂമന്‍ പ്ലാസ്മ, ആല്‍ബുമിന്‍, ഫൈബ്രിനോജന്‍ എന്നീ പ്രോട്ടീനുകള്‍ ചേര്‍ത്തു കനംകുറഞ്ഞ പാളികളുടെ (വേഫര്‍) രൂപത്തിലാക്കിയാണു ചികിത്സയ്ക്ക് ഉപയോഗിക്കുക. കാന്‍സര്‍ ബാധിച്ച ഭാഗങ്ങളില്‍ ശസ്ത്രക്രിയയ്ക്കു ശേഷം ഈ വേഫര്‍ പതിക്കുമ്പോള്‍ ടിഷ്യു ഫ്‌ലൂയിഡ് വഴി കുര്‍ക്കുമിന്‍ കാന്‍സര്‍ ബാധിത കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടും. കുര്‍ക്കുമിന്‍ കാന്‍സറിനെ പ്രതിരോധിക്കുമെന്നു നേരത്തെ തെളിയിക്കപ്പെട്ടിരുന്നു. പക്ഷേ, ഇതു കാന്‍സര്‍ ബാധിത ശരീര ഭാഗങ്ങളിലെത്തിക്കുകയെന്നതായിരുന്നു വെല്ലുവിളി.
ശസ്ത്രക്രിയ കഴിഞ്ഞ ഭാഗങ്ങളിലെ രക്തസ്രാവം കുറയ്ക്കാനും ഫൈബ്രിനോജന്‍ ഉപകരിക്കും.ഇനിയുഎസ് പേറ്റന്റ് ലഭിച്ചതോടെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഈ സാങ്കേതികവിദ്യ മരുന്നു ഗവേഷണ സ്ഥാപനങ്ങള്‍ക്കു കൈമാറും.
Post Your Comments