തിരുവനന്തപുരം: ജലസേചന വകുപ്പിലെ 653 സുപ്രധാന ഫയലുകള്‍ കാണാനില്ല. മേജര്‍, മൈനര്‍ പദ്ധതികളെ സംബന്ധിക്കുന്ന വര്‍ക്‌സ് ഡിവിഷനിലെ ഫയലുകളാണ് കാണാതായത്. 2018 സെപ്റ്റംബറില്‍ കാണാതായ ഫയലുകളെക്കുറിച്ചു മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയെങ്കിലും അങ്ങനെയൊരു കേസ് അവിടെയില്ലെന്ന് എസ്‌ഐ പറയുന്നു. 2018 സെപ്റ്റംബര്‍ എട്ടിനും പത്തിനുമിടയിലാണ് മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ പദ്ധതികളെ സംബന്ധിക്കുന്ന ഫയലുകള്‍ കാണാതായത്.
മ്യൂസിയം റോഡിലെ ഓഫിസിന്റെ രണ്ടാം നിലയില്‍ നിന്നു ഫയലുകള്‍ അപ്രത്യക്ഷമായതായി പൊലീസില്‍ പരാതി നല്‍കിയത് 2018 സെപ്റ്റംബര്‍ 26ന്. ഫയല്‍ നഷ്ടപ്പെട്ടുവെന്ന് അറിയാമെങ്കിലും പൊലീസ് കണ്ടെത്തിയോ എന്ന് അറിയില്ലെന്നു ജല സേചന വകുപ്പിന്റെ ഭരണച്ചുമതലയുള്ള ചീഫ് എന്‍ജിനീയറും പറഞ്ഞു. പൊലീസ് ഇതുവരെ അന്വേഷണം നടത്തുകയാ ഓഫിസിലെ സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നു ജീവനക്കാര്‍ പറയുന്നു.
ഇക്കാര്യത്തില്‍ ജലസേചന വകുപ്പും പൊലീസും ഗുരുതരമായ വീഴ്ച വരുത്തിയതായി ഭരണ പരിഷ്‌കരണവകുപ്പ് റിപ്പോര്‍ട്ടിലും പറയുന്നു. ജലസേചന പദ്ധതികള്‍ക്കു പുറമേ ജീവനക്കാരുടെ സ്ഥലം മാറ്റം, പ്രമോഷന്‍ എന്നിവ സംബന്ധിച്ച ഫയലുകളും ഇതില്‍ പെടുമെന്നു റിപ്പോര്‍ട്ടിലുണ്ട്. പല പ്രമോഷനുകളും ചട്ടം ലംഘിച്ചാണെന്ന പരാതി നിലനില്‍ക്കെയാണ് ഫയലുകള്‍ കാണാതാകുന്നത്.
Post Your Comments