KeralaLatest NewsNews

മൂന്നാം ക്ലാസിലെ കുരുന്നുകളുടെ കത്തിന് പിന്നാലെ ചികിത്സ, ഒപ്പം മന്ത്രിയുമെത്തി: മനം നിറഞ്ഞ് അശ്വിന്‍ മധുവിന്റെ മാതാപിതാക്കള്‍

തിരുവനന്തപുരം•കൊല്ലം വെസ്റ്റ് കല്ലട ഗവ. എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന 33 വിദ്യാര്‍ത്ഥികള്‍ സഹപാഠിയായ അശ്വിന്‍ മധുവിന് വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് എഴുതിയ കത്തിന് ഫലം കണ്ടിരിക്കുകയാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബത്തിലുള്ളതും സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ചതുമായ അശ്വിന്‍ മധുവിന്റെ ചികിത്സ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് സാമൂഹ്യ സുരക്ഷമിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രിയിലെത്തി അശ്വിനെ കണ്ടു. ഒപ്പം അശ്വിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും കത്തെഴുതാന്‍ നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥിനി ആര്‍. നിളയെ അഭിനന്ദിക്കുകയും ചെയ്തു.

ഒരു കൂട്ടം കുട്ടികളുടെ നല്ല മനസാണ് അശ്വിന് വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് കാരണമായതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പി.എം.ആര്‍. വിഭാഗം മേധാവി ഡോ. അബ്ദുള്‍ ഗഫൂര്‍, ഡോ. സുരേഷ്, ഡോ. സഖറിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും തുടര്‍ ചികിത്സയും നടക്കുന്നത്. ചികിത്സ, തെറാപ്പി, മരുന്നുകള്‍, സഹായ ഉപകരണങ്ങള്‍, ആവശ്യമെങ്കില്‍ സര്‍ജറി എന്നിവ വി കെയര്‍ പദ്ധതി വഴി സൗജന്യമായി കുട്ടിക്ക് ചെയ്തു കൊടുക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബര്‍ പകുതിയോടെയാണ് മൂന്നാം ക്ലാസിലെ കുട്ടികള്‍ കൂട്ടുകാരന് വേണ്ടി മന്ത്രിക്ക് കത്തെഴുതിയത്. എഴുന്നേറ്റ് നില്‍ക്കാനോ, നടക്കാനോ, സംസാരിക്കാനോ കഴിയില്ല. രണ്ട് വയസുകാരന്റെ വളര്‍ച്ച മാത്രമാണുള്ളത്. ജനിച്ചപ്പോള്‍ താഴെ വീണതാണ് അശ്വിന്‍ മധു ഈ അവസ്ഥയിലെത്താന്‍ കാരണം. നല്ല ചികിത്സ കിട്ടിയാല്‍ പഴയ രീതിയില്‍ ആകുമെന്നാണ് അശ്വിന്റെ അമ്മയും അധ്യാപകരും പറയുന്നത്. അതിനാല്‍ ആരോഗ്യ മന്ത്രി ഇടപെട്ട് നല്ല ചികിത്സ നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ കത്തെഴുതിയത്. വിദ്യര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരുടെ കത്തുമുണ്ടായിരുന്നു.

ഈ കത്ത് കിട്ടിയ ഉടനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രശ്‌നത്തിലിടപെട്ടു. സ്‌കൂളിലെ ഹെഡ്മിസ്ട്രസുമായി സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി. തൊട്ടടുത്ത ദിവസം സാമൂഹ്യ സുരക്ഷാ മിഷന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. ഡയാന കുട്ടിയുടെ വീട്ടിലെത്തി പരിശോധിച്ചു. സെറിബ്രല്‍ പാള്‍സി ബാധിച്ച അശ്വിനെ മികച്ച ചികിത്സയിലൂടെയും തെറാപ്പിയിലൂടെയും മെച്ചപ്പെടുത്താനാകുമെന്ന് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.എം.ആറില്‍ എത്തിച്ചത്.

മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, സാമൂഹ്യ സുരക്ഷ മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button