Latest NewsKeralaNews

‘ജീവന്‍ നൂല്‍പ്പാലത്തില്‍ ഇട്ടു അമ്മാനമാടുന്ന അവസ്ഥ, ഇരുളുന്നതും വെളുക്കുന്നതും അറിയാതെ ദിനങ്ങള്‍ കൊഴിഞ്ഞു’ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ മോഹന്റെ കുറിപ്പ് വായിക്കേണ്ടത്

നമ്മുടെ പെണ്മക്കളെ , ചങ്കുറ്റത്തോടെ വളര്‍ത്തു ..അവരുടെ തിരഞ്ഞെടുപ്പുകള്‍ തെറ്റാതെ ഇരിക്കട്ടെ .. സൈക്കോപത്തിന്റെ ഇരകളായി അവരുടെ ശരീരം കീറി മുറിക്കപ്പെടാതെ ഇരിക്കട്ടെ… കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ മോഹന്റെ വരികളാണ്. സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പെണ്‍മക്കളെ എങ്ങനെ വളര്‍ത്തണമെന്ന് ഓരോ മാതാപിതാക്കളോടും തന്റെ കുറിപ്പിലൂടെ സംസാരിക്കുകയാണ് സൈക്കോളജിസ്റ്റ്.

കുറിപ്പ് വായിക്കാം

ഇമേജ് നോക്കണം ..!
ഇങ്ങനെ തുറന്നു എഴുതരുത് ..
പലരും പറയാറുണ്ട് ..
എന്റെ കാഴ്ചപ്പാട് , നിലപാട് മറ്റൊന്നാണ് ..ആർക്കെങ്കിലും ജീവിതം
തിരുത്താൻ ഞാൻ ഒരു കാരണം ആയാലോ !
ജീവിതത്തിന്റെ നിർണ്ണായക വഴി എന്നത് കൗമാരം ആണ്, അവിടെ നിങ്ങളുടെ മക്കളെ കരുത്തർ ആക്കുക..
പ്രണയത്തിലും, വിവാഹത്തിലും അവരുടെ തിരഞ്ഞെടുപ്പ് പരാജയം ആകാതിരിക്കട്ടെ..
മറ്റൊരാളുടെ കത്തിയിൽ, അല്ലേൽ പകയിൽ ഒടുങ്ങേണ്ടതല്ല ജീവിതം..
കൗൺസിലർ ആയ എന്റെ അനുഭവങ്ങൾ മുന്നില് വരുന്ന ക്ലയന്റ് ന്റെ മുന്നില് തുറക്കാൻ ഞാൻ മടിക്കാറില്ല.. ❤

——————————————————————–
..കുട്ടികാലത്തെ സഹപാഠികൾക്കു , ഇന്നത്തെ കലയുടെ രീതികൾ അതിശയം ആണെന്ന് അവരിൽ പലരും എന്നോട് പറഞ്ഞിട്ടുണ്ട് .
സ്കൂൾ ജീവിതത്തിൽ ,
ഞാൻ ഒറ്റയാൾ പട്ടാളം ആയിരുന്നു ..
എന്റേതായ വ്യക്തിത്വം ഇല്ലാത്ത , ആരെയും സ്വാധീനിക്കാൻ കഴിയാത്ത വായിൽ വരുന്നത് ഒക്കെ വിളിച്ചു പറയുന്ന ഒരു കുട്ടി ..
വീട്ടിൽ എന്നെ വളർത്താൻ അമ്മയ്ക്കു യാതൊരു പാടും ഇല്ലായിരുന്നു
കാരണം , സ്വിച്ച് ഇട്ടാൽ മാത്രം ചലിക്കുന്ന ഒരു ബൊമ്മ ആയിരുന്നു ഞാൻ ..
വിവാഹത്തോടെ നീ കുരുത്തംകെട്ടവൾ ആയെന്നു ‘അമ്മ സങ്കടം പറയും ..

ബസ്സിൽ കേറിയിട്ടില്ല , സ്വന്തമായി ഉടുപ്പ് ഇസ്തിരി ഇട്ടിട്ടില്ല ,സ്വന്തമായി മുടി മെടഞ്ഞിട്ടില്ല ., കഴിച്ചു കഴിഞ്ഞു ചോറ്റു പാത്രം കഴുകിയിട്ടില്ല , തനിച്ചു റോഡ് മുറിച്ചു അപ്പുറത്തെ വശത്ത് എത്തിയിട്ടില്ല ,കടയിൽ പോയി സാധനം വാങ്ങാനോ ബാക്കി വാങ്ങണം എന്നോ അറിയാത്ത ഒരാൾ ..

വീട്ടിൽ രാവിലെ എഴുന്നേൽക്കുമ്പോൾ , ‘അമ്മ കട്ടിലിൽ കൊണ്ട് തരുന്ന ജ്യൂസും വൈകുന്നേരങ്ങളിൽ മിക്കവാറും കുടിക്കുന്ന മട്ടൻ സൂപ്പും ഒക്കെ എന്റെ ശാരീരിക ആരോഗ്യം ഇന്നും നില നിർത്തി പോകുന്നു ..
ഇത്രയും ബലമുള്ള പല്ലോ എന്ന് ഡോക്ടർ അതിശയിക്കുമ്പോൾ ,
മുടങ്ങാതെ കുടിച്ച റാഗിയുടെ മണം ഇപ്പോഴും മൂക്കിൽ ഇരച്ചു കേറും ..

അതൊക്കെ ‘അമ്മ എങ്ങനെ ഉണ്ടാക്കുന്നു എന്നത് അന്നൊന്നും ഞാൻ കണ്ടിട്ടില്ല ..
കഴിച്ചു പാത്രം അടുക്കളയിൽ കൊണ്ട് വെയ്ക്കുക , മേശപ്പുറം തുടയ്ക്കുക മാത്രമായിരുന്നു ആകെ ഭാരിച്ച പണി ..
അതും ഒപ്പമിരുന്നു കഴിക്കുന്നവർ പോയിട്ടും തീർന്നില്ല എങ്കിൽ മാത്രം..

പഠിക്കാൻ ഇരിക്കുമ്പോൾ ,
ഇടയ്ക്കു ഒന്ന് മുങ്ങാൻ , സ്കൂളിൽ ടീച്ചർ നോട് ചോദിക്കും പോലെ അമ്മയോട്അ നുവാദം ചോദിച്ചു , ബാത്‌റൂമിൽ പോകും ..
എത്ര നേരം എന്ന് വെച്ച് അവിടെ ഇരിക്കും ?
പിന്നെയും മുങ്ങാൻ , അമ്മയോട് പറയും ..
ഒന്ന് തുപ്പിയിട്ടു വരാം എന്ന് പറയും ..
ഇറയത്ത് ഇറങ്ങി നിന്ന് ഇല്ലാത്ത തുപ്പൽ വലിച്ചു നീട്ടും ,അമ്മയുടെ വിളി വരും വരെ ..
അതിലൊക്കെ ആയിരുന്നു എന്റെ കള്ളത്തരങ്ങൾ ..
ബന്ധുവായ സീതയുടെ മാർക്കിന് ഒപ്പം എത്തിക്കാൻ അമ്മ എന്നെ കുത്തിയിരുന്നു പഠിപ്പിച്ചു..
എന്നിട്ടും ഞാൻ ഉഴപ്പിന്റെ ഉസ്താദ് ആയിരുന്നു..

വിവാഹം കഴിഞ്ഞു മാർക്കറ്റിൽ പോയി മീൻ വാങ്ങിയപ്പോൾ ,
എനിക്ക് കൊടുമുടി കേറിയ സന്തോഷം ആയിരുന്നു ..
മീന്റെ മണം ആയിരുന്നില്ല എന്റെ മൂക്കിൽ ..
സ്വാതന്ത്ര്യത്തിന്റെ രുചി ആയിരുന്നു ..
നിന്നെ ഞാൻ ഇങ്ങനെ ആണോ വളർത്തിയത് എന്ന് എന്റെ അച്ഛൻ സങ്കടത്തോടെ അരിശപ്പെട്ടപ്പോഴും ഞാൻ സത്യത്തിൽ വളരെ സന്തോഷവതി ആയിരുന്നു ..

വിവാഹജീവിതത്തിലെ ഇരുപതു വര്ഷം എന്നത് ഒട്ടും സുഖകരമായിരുന്നില്ല .
ഷിബു എന്ന പേരിനു അവകാശി ഇന്ന് ഞാൻ അല്ല എങ്കിലും ,
ഇപ്പോഴും പലരും പേര് കല ഷിബു എന്ന് തന്നെ പറയാറുണ്ട് ..
അതെന്റെ അഭിമാനപ്രശ്നം ആയി ഇപ്പോൾ.
മറ്റൊരാളുടെ അവകാശിയെ ഞാൻ തട്ടിയെക്കുക ..
ഇന്നലെ കൂടി ഞാൻ തിരുത്തി .., എന്റെ പേരിൽ ഇനിയും ഷിബു വെയ്ക്കരുത് ..

പറഞ്ഞു വന്നത് , എന്തിന്റെ പേരിൽ ആണെങ്കിലും എന്റെ വിവാഹ ജീവിതം എനിക്ക് ഉണ്ടാക്കി തന്നത് ഒരു പുതിയ വ്യക്തിത്വം ആയിരുന്നു ..
അറിയാത്ത ലോകത്ത് , അറിയാത്ത കാര്യങ്ങൾ ഒക്കെ എന്നെ ഒരുപാടു സ്വാധീനിച്ചു .
ഔദ്യോഗിക മേഖലയിൽ കൂടുതൽ ശ്രദ്ധചെലുത്തിയത് ,വ്യക്തി ജീവിതത്തിലെ സങ്കടങ്ങൾ ഒഴിവാക്കാൻ ആയിരുന്നു ..
ജീവൻ നൂൽപ്പാലത്തിൽ ഇട്ടു അമ്മാനമാടുന്ന അവസ്ഥ .
ഇരുളുന്നതും വെളുക്കുന്നതും അറിയാതെ ദിനങ്ങൾ കൊഴിഞ്ഞു .
എത്ര വലിയ സംഘര്ഷങ്ങള്ക്കു ഇടയിലും ,
അവിടെ എന്റെ കാലുകളിൽ ചങ്ങല ഇട്ടില്ല എന്നത് കൊണ്ട് ,മുന്നോട്ടു നീങ്ങാനും ഇന്ന് ജീവിതത്തിന്റെ പകുതിക്കു ഒറ്റ ആയപ്പോൾ പിടിച്ചു നിൽക്കാനും എനിക്ക് കരുത്ത് നൽകി ..
അതൊരു ചില്ലറ കാര്യം അല്ല .
ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ തെറ്റിപോകാൻ എന്റെ കാഴ്ച്ചപ്പാടുകൾ ഒരു പ്രധാന കാരണം ആയിരുന്നു ..
അത് കൊണ്ട് തന്നെ ,
സംഭവിച്ചതിനു ഒന്നിനും ആരെയും കുറ്റം പറയാൻ നിൽക്കാതെ ഒഴിഞ്ഞതും ..

അച്ഛൻ പറഞ്ഞ പ്രകാരം വിവാഹജീവിതത്തിലെ അവസാനനീക്കങ്ങൾ നടപ്പിലാക്കിയില്ല എന്നത് കൊണ്ട് ,
ഞാൻ ഇന്ന് കുടുംബത്തിനും കാലത്തിനും നിരക്കാത്ത നിഷേധി ആയ ഒരുവൾ ആണ് ..
എനിക്ക് അതിനു എന്റേതായ കാരണങ്ങൾ ഉണ്ട് ..
അതിലൊന്ന് വീണ്ടും പറയുന്നു ..
വിവാഹം തന്ന സ്വാതന്ത്ര്യം എന്നിലെ ചിന്തകളും കാഴ്ചപ്പാടുകളും ഒരുപാടു വളർത്താൻ സഹായിച്ചു ..
ഇപ്പോ എനിക്ക് എന്റെ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി അല്ലേൽ എത്തുമായിരുന്നില്ല ..
വിവാഹം കഴിഞ്ഞു ഇത്രയും വര്ഷം ആയി , എന്നിട്ടു വീണ്ടും അച്ഛന്റെ തണലിൽ ജീവിക്കാൻ എന്റെ അഭിമാനം അനുവദിച്ചില്ല ..
പ്രതിസന്ധികളിൽ തുണയായി ഉദ്യോഗം എന്റെ ബലം ആയിരുന്നു ..
ഒറ്റ സുഹൃത്ത് പോലും കൗമാരത്തിൽ എന്റേതായി ഇല്ലായിരുന്ന എനിക്ക് ചുറ്റും കൂട്ടുകാരുടെ ഇടിച്ചു കേറ്റം ആയിരുന്നു കഴിഞ്ഞ കാലങ്ങൾ ..
ഒരാളുടെ വ്യക്തിത്വം എന്നത് അയാളുടെ സുഹൃത്തുക്കളുടെ ഗുണമേന്മ ആണ് .
എന്റെ ജീവിതം ഇപ്പൊ നീങ്ങുന്നത് അങ്ങനെ തന്നെയാണ് ..

എന്റെ മകളോട് , കോളേജിലെ എന്റെ മക്കളോട് ഇപ്പോഴും ഞാൻ ചൂണ്ടി കാട്ടുന്ന ചില ഉദാരണങ്ങൾ ഉണ്ട് ..
അവർക്കു ചുറ്റിലും ഉള്ള , അവർക്കു താല്പര്യം ഉളള കഥകൾ ..
അവരെ സ്വാധീനിക്കാൻ അതൊക്കെ ആണല്ലോ എളുപ്പവും ..

കൗമാരത്തിൽ ഞാൻ അസൂയയോടെ നോക്കിയ രണ്ടു പെൺകുട്ടികൾ ആയിരുന്നു വിജയലക്ഷ്മിയും ഫാത്തിമയും ..

കുരുത്തക്കേടിനു കയ്യും കാലും വെച്ച സുന്ദരികൾ, എന്നാലോ
പഠിക്കാൻ ബഹുകേമികൾ ..!
കന്യാസ്ത്രീകളുടെ സ്കൂളിൽ ആയിരുന്നിട്ടു കൂടി ,അവർക്കു സാധിക്കുന്ന ചട്ടമ്പിത്തരങ്ങൾ അവൾ ചെയ്തു .,.
അടുത്തടുത്ത വീട്ടിൽ ആയിരുന്നിട്ടു കൂടി വിജയലക്ഷ്മിയുടെ വീട്ടിൽ ഞാൻ പോയിട്ടില്ല ..
സ്കൂളിലേയ്ക്ക് നടന്നു പോകുന്ന വിജയലക്ഷ്മിയും സഹോദരൻ വിജയ്ബാബുവും എന്റെ അതിശയം ആയിരുന്നു .
വിജയ ബാബു എന്ന ഇന്നത്തെ ചുള്ളൻ സിനിമാക്കാരന്റെ അഭിനയത്തേക്കാൾ , അയാളുടെ ജീവിത വഴികൾ ആണ് എന്റെ ആരാധനയും ബഹുമാനവും ..
സ്വയം ഉയർന്നു വന്ന മനുഷ്യൻ ..
അവരോടു അടുപ്പമുള്ള കൂട്ടുകാരി ആയിരുന്നില്ല ഞാൻ .
അത് കൊണ്ടാകും ,ആ വളർച്ച നന്നായി കാണാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് ..
അവരുടെ വീടുകളിൽ അവർക്കു നൽകുന്ന സ്വാതന്ത്രം എന്റെ അതിശയങ്ങളിൽ ഒന്നായിരുന്നു ..
പഠിക്കാൻ ആരും പറയില്ല ..
മാർക്കുകൾ, പരീക്ഷ പേപ്പറുകൾ ഒന്നും പുറകെ നടന്നു ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല ..
കൂട്ടുകാരുടെ ഇടയിൽ ജീവിക്കുന്നു ..
ശെരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് അവർക്കു അങ്ങനെ ഉണ്ടായതാണ് എന്ന് തോന്നാറുണ്ട് ..

കുശുമ്പും കള്ളത്തരവും ഇല്ലാത്ത ഫാത്തിമയും വിജയലക്ഷിമിയും
വളർന്നു ഇന്നും ഉറ്റ സുഹൃത്തുക്കളായി , ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും ഒരേ പോലെ അടിച്ചു പൊളിച്ചു പോകുന്നു ..

വിജയ ലക്ഷ്മിയും ഫാത്തിമയും കഴിഞ്ഞാൽ , പിന്നെ ഇന്ദു ..
തഹസിൽദാർ ആയ അവൾ, എന്നെ ഒരുപാട് സ്വാധീനിച്ച ഒരാൾ ആയിരുന്നു .
അതെന്റെ മുപ്പത്കളിൽ എത്തിയ സുഹൃത്താണ് ..
അധികം അടുപ്പം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയണം ..
എന്നാൽ ഇല്ലേ എന്ന് ചോദിച്ചാൽ , മറ്റാരെക്കാളും എന്റെ ചിന്തകളെ മാറ്റിമറിച്ചു എന്ന് പറയണം .
.
ചങ്കുറ്റത്തോടെ , നിർഭയം കാര്യങ്ങൾ പറയാനുള്ള ആർജ്ജവം അവളുമായുള്ള സംഭാഷണങ്ങളിൽ നിന്നും ഞാൻ ചുരണ്ടി എടുത്തത് ആണ് ..
അവൾ പറയുക അല്ലാതെ , പ്രവർത്തിക്കുക ഇല്ല എന്നത് വേറെ ഒരു കാര്യം ..
പക്ഷെ ഞങ്ങൾ തമ്മിലുള്ള സംസാരങ്ങളും അനുഭവങ്ങളും എന്റെ നാക്കിന്റെ കെട്ടഴിച്ചു ..

എന്താണ് ഞാൻ പറയാൻ ശ്രമിക്കുന്നത് എന്നാൽ ,
ഭൂമിയിൽ ചവിട്ടി നിന്ന് കുട്ടികൾ വളരട്ടെ ..
അവർ സ്വയം പ്രാപ്തർ ആകട്ടെ ..
പ്രണയം എന്നത് ഒരു തിരഞ്ഞെടുപ്പ് ആണ് ..
അവിടെ നമ്മുടെ ചിന്തകളും ആശയങ്ങളും സുപ്രധാന പങ്കു വഹിക്കുന്ന കാര്യങ്ങളും !

വിവാഹജീവിതം ജാതകം നോക്കാതെ തിരഞ്ഞെടുത്തത് കാരണം ,
അതൊഴിഞ്ഞപ്പോൾ ഞാൻ ഒരു ജ്യോത്സ്യനെ കണ്ടു .
എന്റെ തള്ളവിരലിൽ പിടിച്ചു അയാൾ പറഞ്ഞു ..
നോക്ക് , നിങ്ങള്ക്ക് commanding power ഇല്ല ..
നേതാവ് ആകാൻ ഉള്ള ആർജ്ജവം ഇല്ല ..
ജാതകവും ശനിയും ചൊവ്വയും എന്തോ ആകട്ടെ ..
എന്റെ തള്ളവിരലിൽ ആണ് നേതൃത്വ പാടവം സ്ഥിതി ചെയ്യുന്നത് എങ്കിൽ ,
ആജ്ഞാശക്തി എന്നിൽ ഇനിയും വന്നു ചേരേണ്ടതാണ് ..

ജീവിതത്തിൽ പിച്ച വെച്ച് നടന്നു തുടങ്ങിയിട്ടേ ഉള്ളു ..
ഇനിയും ഒറ്റയ്ക്ക് റോഡ് മുറിച്ചു കടക്കാനുള്ള ആർജ്ജവം ആയിട്ടില്ല ..
സ്വന്തമായി കറന്റ് ബില്ല് അടയ്ക്കാൻ പോകുമ്പോൾ , ബാങ്കിൽ പോകുമ്പോൾ , ഒക്കെ വലിയ കാര്യമാണ് എനിക്ക് ..
അഭിമാനത്തോടെ ഫ്ലാറ്റിന്റെ ചില്ലറ പണികൾ നടത്തുമ്പോൾ ഇടയ്ക്കു ഞാൻ ഒന്ന് കണ്ണാടിയിൽ നോക്കും .
സ്മാർട്ട് ബോയ് ..!
എന്നൊന്ന് സ്വയം തോളിൽ തട്ടും ..

അമ്മയും മകളും മാത്രമായ ഈ ജീവിതത്തിൽ ,
അവൾക്കു ഞാൻ ഒരു ശക്തി ആണെന്ന് പറയുമ്പോൾ അതൊരു നിസ്സാര കാര്യം അല്ല..
ഈ കാലങ്ങളിൽ ,
നിന്നെ തുണയ്ക്കുന്ന പുരുഷൻ ആളാരാണ് എന്ന ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട് ..എന്നിലെ സ്ത്രീത്വം ഏറ്റവും മുറിപ്പെട്ടത് അപ്പോഴാണ് .

ഒറ്റപെട്ടു ഒരു വർഷമായി ..
തുണ എന്നത് എന്റെ ആത്മാഭിമാനവും തന്റേടവും മാത്രമാണ് .. ..
നമ്മുടെ പെണ്മക്കളെ ,
ചങ്കുറ്റത്തോടെ വളർത്തു ..
അവരുടെ തിരഞ്ഞെടുപ്പുകൾ തെറ്റാതെ ഇരിക്കട്ടെ ..
സൈക്കോപത്തിന്റെ ഇരകളായി അവരുടെ ശരീരം കീറി മുറിക്കപ്പെടാതെ ഇരിക്കട്ടെ ..

ഞാൻ മഴ നനഞ്ഞതാണ് ..
എനിക്ക് മഴയെ പറ്റി കവിത എഴുതാൻ ആകും .
ശരീരത്തിൽ കുത്തി പരിക്കേൽപ്പിച്ചില്ല ..
പക്ഷെ ആത്മാവിന്റെ രോദനം എന്റെ ശരീരത്തെ ബാധിച്ച കാലങ്ങൾ ഉണ്ടായിരുന്നു ..
ആരോടൊക്കെയോ ഉള്ള വാശിയിൽ തിരഞ്ഞെടുത്ത വിവാഹം ആയിരുന്നു എന്റേത് ..
കാഴ്ചപ്പാടുകൾ അന്യമായിടത്ത് ഞാൻ എന്റെ ജീവിതം പന്താടി..

കഴിഞ്ഞ ഇരുപതു വർഷങ്ങൾ …..
മനസ്സിനേറ്റ മുറിപ്പാടുകൾ അസാധ്യവും അസഹ്യവും ആയിരുന്നു .
ഉണങ്ങുന്നേ ഉള്ളു ..
ചിലത് വൃണങ്ങൾ ആയി പഴുത്ത് ദുർഗന്ധം വമിക്കുന്ന അവസ്ഥ എത്തിയതാണ് ..
അതിലൊക്കെ ഞാൻ പിടിച്ചു നിന്നത് ,
ജീവിതം ജീവിച്ചു തന്നെ തീർക്കും എന്ന വാശിയിലും ..

ദയവായി ഇത് വായിക്കുന്നവർ കരയുന്ന എമോജി ഇടരുത് ..
എങ്കിൽ ഞാൻ ഉദ്ദേശിച്ചത് അല്ല നിങ്ങള്ക്ക് വേണ്ടത് എന്നാണ് മനസ്സിലാക്കുക..

shortlink

Related Articles

Post Your Comments

Related Articles


Back to top button