ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം കസ്റ്റഡിയിലായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗിനെ കുറിച്ച് പുറത്തുവന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍.
ദേവീന്ദര്‍ സിംഗ് തീവ്രവാദികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി അവരെ സഹായിക്കുകയായിരുന്നുവെന്ന് ജമ്മു കശ്മീര്‍ പോലീസ്. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് 12 ലക്ഷം രൂപയാണ് ദേവീന്ദര്‍സിംഗ് ഭീകരരോട് ആവശ്യപ്പെട്ടതെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായി.
കശ്മീര്‍ താഴ് വരയില്‍ ഭീകരര്‍ക്കെതിരെയുള്ള പ്രവര്‍ത്തനം സുരക്ഷാസേന വര്‍ധിപ്പിച്ച ഘട്ടങ്ങളില്‍ അഞ്ചു പ്രാവശ്യം ഇതേ രീതിയില്‍ ഭീകരരെ സുരക്ഷിത സ്ഥലത്തേക്ക് കടത്തുന്നതില്‍ ദേവീന്ദര്‍സിംഗ് സഹായിച്ചതായും പോലീസ് പറഞ്ഞു.
അതേസമയം ഭീകരവാദികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗിനേയും തീവ്രവാദിയായി കണക്കാക്കുമെന്ന് പോലീസ് പറഞ്ഞു. സര്‍വീസിലിരിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യുന്ന രീതിയിലല്ല, തീവ്രവാദിയെന്ന നിലയിലാകും ദേവീന്ദര്‍ സിംഗിനെ വിചാരണ ചെയ്യുക എന്നാണ് പോലീസ് പറഞ്ഞത്.
ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡെപ്യൂട്ടി സൂപ്പര്‍ ഇന്റന്‍ഡായി ജോലി ചെയ്ത് വരികയായിരുന്ന ദേവീന്ദര്‍ സിംഗ് കഴിഞ്ഞ വര്‍ഷം രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ ഉദ്യോഗസ്ഥനാണ്.
Post Your Comments