ന്യൂ ഡൽഹി : എന്‍ഡിഎ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന്റെ ഒത്തൊരുമയും ഐക്യവും ഇന്ന് മനസിലായെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തെ പരിഹസിക്കുകയിരുന്നു അദ്ദേഹം. ഇന്ന് ചേര്‍ന്ന യോഗത്തിലെ എസ്പി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി തുടങ്ങിയ പാര്‍ട്ടികളുടെ അസാന്നിധ്യമാണ് പരിഹാസത്തിന് കാരണം.
ആറ് പാര്‍ട്ടികള്‍ കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തില്ല. തൃണമുല്‍ കോണ്‍ഗ്രസ് യോത്തില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ പങ്കെടുക്കില്ലെന്ന് ബി.എസ്.പി നേതൃത്വവും യോഗം തുടങ്ങുന്നതിന് മുമ്പ് അറിയിച്ചു. സമാജ്വാദി പാര്‍ട്ടിയും പങ്കെടുത്തില്ല.ബി.എസ്.പി അധ്യക്ഷ മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും പ്രതിനിധികളെ അയയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതല്‍ തന്നെ ശക്തമായ പ്രക്ഷോഭ രംഗത്തുള്ള ഡി.എം.കെയും പങ്കെടുക്കാത്തതും കോൺഗ്രസ്സിനെ ഞെട്ടിച്ചുവെന്ന് റിപ്പോർട്ട്. ശിവസേനയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യോഗത്തില്‍ പങ്കെടുത്തില്ല. അതേസമയം യോഗത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് എ.എ.പി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞത്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് എന്‍.സി.പി നേതാവ് ശരദ് പവാര്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ജെ.എം.എം നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്, എല്‍.ജെ.ഡി നേതാവ് ശരത് യാദവ്, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുശ്വ, ആര്.ജെ.ഡി നേതാവ് മനോജ് ഝാ, നാഷണല്‍ കോണ്ഫറണ്സ് നേതാവ് ഹസ്നിന്‍ മസൂദി എന്നിവര്‍ പങ്കെടുത്തു.
അതേസമയം രാജ്യത്തിനു വേണ്ടി എന്താണ് ചെയ്യാൻ പോകുന്നതെന്ന് ജനങ്ങളോട് പറയാൻ ധൈര്യമുണ്ടോയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പാർട്ടി വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു വെല്ലുവിളി. എന്തുകൊണ്ടാണ് ഇന്ത്യൻ സന്പദ്വ്യവസ്ഥ ദുരന്തമായി മാറിയതെന്ന് യുവാക്കളോട് പറയാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ ചോദിച്ചു. പ്രധാനമന്ത്രിക്ക് ഇപ്പോൾ രാജ്യത്തെ യുവജനങ്ങളെ അഭിമുഖീകരിക്കാൻ ധൈര്യമില്ല. ഏതെങ്കിലും സർവകലാശാലയിൽ പോകാനോ പോലീസില്ലാതെ അവിടെ നിൽക്കാനോ അദ്ദേഹത്തിന് സാധിക്കില്ല. യുവാക്കളുടെ പ്രശ്നം പരിഹരിക്കുന്നതിന് പകരം രാജ്യത്തെ വ്യതിചലിപ്പിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. യുവാക്കളുടെ ശബ്ദം നിയമാനുസൃതമാണ്. അത് അടിച്ചമർത്താൻ പാടില്ല. ഇക്കാര്യങ്ങൾ സർക്കാർ ശ്രദ്ധിയ്ക്കണമെന്നും രാഹുൽ വ്യക്തമാക്കി.
Post Your Comments