KeralaLatest NewsNews

മരടിലെ നാലു ഫ്ലാറ്റുകളുടെ തലേവര മാറ്റിയ സുപ്രീംകോടതി വിധി നടപ്പിലായി, ഹിമാലയൻ ദൗത്യത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ചത് രണ്ട് യുവ ഐഎഎസ് ഉദ്യോഗസ്ഥർ, കൈക്കൂലി നൽകി കെട്ടിപൊക്കിയാൽ പിന്നെ ഒന്നും ചെയ്യാനാവില്ലെന്ന ഉദ്യോഗസ്ഥരുടെയും ഫ്ലാറ്റ് നിർമാതാക്കളുടെയും അഹന്ത മരടിൽ പൊട്ടിതകരുമ്പോൾ…

മരടിലെ നാലു ഫ്ലാറ്റ് സമുച്ചയങ്ങളുടെ തലേവര മാറ്റിയ ജസ്റ്റീസ് അരുൺ മിശ്രയുടെ ആ വിധി വരുന്നത് 2019 മേയ് 8 ന്. ഫ്ലാറ്റ് നിർമാതാക്കൾക്കും ഉടമകൾക്കും അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ തീരദേശ അതോരിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉടമകൾക്കും നി‍ർമാതാക്കൾക്കും തിരിച്ചടി നൽകി ഒരു മാസത്തിനകം ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. പുനഃപരിശോധനാ ഹർജികളെല്ലാം സുപ്രീംകോടതി തള്ളി. സംസ്ഥാന സർക്കാരും പ്രതിസന്ധിയിലായി. ചീഫ് സെക്രട്ടറി കോടതിയുടെ ശകാരം കേട്ടു. അതോടെ രണ്ടും കൽപ്പിച്ച് സംസ്ഥാന സർക്കാർ രംഗത്തിറങ്ങി.

 

ഫ്ലാറ്റ് പൊളിക്കൽ നടപടികളുടെ ചുമതല ഫോർട്ട് കൊച്ചി സബ് കളക്ടറായ സ്നേഹിൽ കുമാർ സിങിനെ ഏൽപ്പിച്ചു. മരട് നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകിയായിരുന്നു സ്നേഹിലിന്‍റെ നിയമനം. കട്ട സപ്പോർട്ടുമായി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസും കൂടെനിന്നു. അതോടെ നടപടികൾക്ക് വേഗം കൈവന്നു. ഫ്ലാറ്റ് ഉടമകൾ സമരം തുടങ്ങി. നിരാഹാര സമരവും, പന്തം കൊളുത്തി സമരവുമൊക്കെ അരങ്ങേറി. പിന്തുണയുമായി രാഷ്ട്രീയ നേതാക്കൾ ഫ്ലാറ്റുകളിലേയ്ക്ക് ഒഴുകി. എന്നാൽ അവർക്കൊക്കെ ആശ്വാസ വാക്കുകൾ പറയാൻ മാത്രമേ കഴിഞ്ഞൊള്ളൂ. മരട് നഗര സഭയും സബ് കളക്ടർ സ്നേഹിൽ കുമാറും തമ്മിൽ പല തവണ തർക്കങ്ങളുണ്ടായി.

 

ആശങ്കയുമായി പരിസരവാസികളും രംഗത്തെത്തിയത് കാര്യങ്ങൾ സങ്കീ‍ർണമാക്കി. എന്നാൽ പൊളിക്കാൻ ഉറച്ച് തന്നെയായിരുന്നു ജില്ലാ ഭരണകൂടം. ഫ്ലാറ്റ് ഉടമകൾക്ക് ഒഴിഞ്ഞ്  പോകാൻ കാണിച്ച് നോട്ടീസ് നൽകിയതോടെ പൊളിക്കുന്ന നടപടികൾക്ക് വേഗമേറി. എതിർപ്പുയർന്നെങ്കിലും വേറെ വഴിയില്ലെന്ന് മനസിലായതോടെ ഉടമകൾ നിറകണ്ണുകളോടെ തങ്ങളുടെ കിടപ്പാടം ഒഴി‍ഞ്ഞ് തുടങ്ങി. പൊളിക്കാൻ കോൺട്രാക്ട് എടുത്ത കമ്പനികൾ ഫ്ലാറ്റുകൾ ഏറ്റെടുത്തു. പിന്നെ എല്ലാം മുറ പോലെ നടന്നു. 2020 താംമാണ്ട് ജനുവരി 12 ന് അനധികൃതമായി നിർമിച്ച നാലു ഫ്ലാറ്റുകളും നിലംപൊത്തി. നിയമം ലംഘിക്കുന്നവർക്കും കൂട്ട് നിൽക്കുന്നവർക്കും ഒരു പാഠമായി മരട് ഫ്ലാറ്റുകൾ എന്നും ചരിത്രത്തിൽ ഓർമിക്കപ്പെടും.

 

കേരളത്തിന് പരിചയമില്ലാത്ത സ്ഫോടനത്തിലൂടെ കെട്ടിടങ്ങൾ തകർക്കുന്ന രീതി ആദ്യം ആശങ്ക പരത്തിയെങ്കിലും, നാലു ഫ്ലാറ്റുകളും തകർന്ന് വീണപ്പോൾ ജനം ഒന്നിച്ച് എഡിഫൈസ് കമ്പനിയ്ക്കും ഉത്കർഷ് മേഹ്ത്ത ഉൾപ്പെടെയുള്ള വിദഗ്ദർക്കും കൈയ്യടിച്ചു. അതു പോലെ തന്നെ മുന്നിൽ നിന്ന് നയിച്ച യുവ ഐഎഎസ് ഓഫീസർമാരായ എസ്. സുഹാസും, സ്നേഹിൽ കുമാർ സിങും അഭിനന്ദനമർഹിക്കുന്നു. ഒപ്പം വലിയ ഒരു മുന്നറിയിപ്പ് കൂടിയാണ് മരടിൽ ഈ ദിവസങ്ങളിൽ മുഴങ്ങി കേട്ട സൈറനുകളും, സ്ഫോടന ശബ്ദങ്ങളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button