ലക്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രിയങ്ക ഗാന്ധി മൗനം പാലിക്കുന്നതിനെതിരെയാണ് മായാവതി ആഞ്ഞടിച്ചത്. മരിച്ച കുട്ടികളുടെ അമ്മമാരെ സന്ദര്‍ശിക്കാന്‍ പ്രിയങ്കക്ക് സമയമില്ലെന്നും എന്നാല്‍ ഉത്തര്‍പ്രദേശിലെത്തി നിരന്തരം മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും മായാവതി പറഞ്ഞു.
രാജസ്ഥാനിലെ ശിശു മരണങ്ങളില്‍ പ്രതിഷേധം അറിയിക്കാതെ വരാണസിയിലെ കുഞ്ഞിന്റെ പേരില്‍ ആശങ്ക അറിയിച്ച പ്രിയങ്കയെ വിമര്‍ശിച്ച് ഇതിനു മുന്‍പും മായാവതി രംഗത്തെത്തിയിരുന്നു.രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ അമ്മമാരുടെ കണ്ണീരൊപ്പാന്‍ പ്രിയങ്കക്ക് സമയമില്ല. പ്രിയങ്ക ഒരു അമ്മയായിട്ടു പോലും ഇതിന് തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്. കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ 100 കുട്ടികളാണ് മരിച്ചത്.
വിഷയത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിലപാട് നിരുത്തരവാദപരമാണ്. പ്രിയങ്ക ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയം ലക്ഷ്യം വെച്ചാണെന്നും അത് യുപിയിലെ ജനങ്ങള്‍ മനസിലാക്കണമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. മറ്റ് പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും തെറ്റു പറ്റിയാല്‍ അത് തിരുത്താന്‍ അവര്‍ തയ്യാറാകാറില്ലെന്നും മായാവതി വിമര്‍ശിച്ചു.
Post Your Comments