ദില്ലി: സംഘപരിവാർ തിട്ടൂരങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് ജെഎൻയു ക്യാംപസ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമര നായികയും ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റുമായ ഐഷി ഘോഷിനെ പിണറായി വിജയൻ കേരള ഹൗസിൽ വച്ച് സന്ദർശിച്ചു. രക്തസാക്ഷി സഫ്ദർ ഹാഷ്മിയെക്കുറിച്ച് സുധാൻവാ ദേശ്പാണ്ഡെ എഴുതിയ “ഹല്ലാ ബോൽ” എന്ന പുസ്തകവും ഐഷിക്ക് പിണറായി വിജയൻ സമ്മാനിച്ചു.
മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ.
സംഘപരിവാർ തിട്ടൂരങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്തെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാല ഐതിഹാസികമായ പ്രതിരോധ സമരത്തിലാണ്. പരിവാർ ക്യാംപസിനകത്തുകയറി അഴിഞ്ഞാടി. മുഷ്ക്കുകൊണ്ട് ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയുടെ പ്രതിരോധത്തെ തീർത്തുകളയാമെന്നായിരുന്നു സംഘപരിവാറിന്റെ വ്യാമോഹം.
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് ക്യാംപസ് കാഴ്ചവെച്ചത്. JNU വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും SFI നേതാവുമായ ഒയ്‌ഷി ഘോഷാണ് ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നൽകിയത്. പൊട്ടിയ തലയുമായി വീണ്ടും സമരരംഗത്തേക്ക് വരികയായിരുന്നു ഒയ്ഷി. ചികിത്സാർത്ഥം ആശുപത്രിയിൽ പോയ ഒയ്ഷി കേരളാ ഹൗസിലെത്തി. രക്തസാക്ഷി സഫ്ദർ ഹാഷ്മിയെക്കുറിച്ച് സുധാൻവാ ദേശ്പാണ്ഡെ എഴുതിയ “ഹല്ലാ ബോൽ” എന്ന പുസ്തകം ഒയ്ഷിക്കുനൽകി.
ജെ.എൻ. യുവിലെ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെൺകുട്ടിയുടെ കണ്ണുകളിലുണ്ട്. നീതിക്ക് വേണ്ടിയുള്ള സമരത്തിന് എല്ലാവിധ ആശംസകളും.
കേരള പ്രതിനിധി എ. സമ്പത്ത്, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Post Your Comments