USALatest NewsNewsInternational

ഇന്ത്യാക്കാരന്‍ ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് ചെയര്‍മാനായി നിയമിതനായി

മയാമി / കോട്ടയം•അമേരിക്കയിലെ ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്‌സിന്റെ ചെയര്‍മാനായി ഇന്ത്യാക്കാരന്‍ നിയമിതനായി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്‍ഗീസാണ് ഈ പദവിയില്‍ നിയമിതനായത്. ഇദംപ്രഥമമായിട്ടാണ് ഒരു ഇന്ത്യന്‍ വംശജന്‍ ഫ്‌ളോറിഡ സംസ്ഥാന എന്‍ജനീയറിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ നിയമിതനാകുന്നത്. ബോര്‍ഡിന്റെ വൈസ് ചെയര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് പുതിയ നിയമനം. അമേരിക്കക്കാരനായ സി കെവിന്‍ ഫ്‌ലെമിംഗ് ആണ് പുതിയ വൈസ് ചെയര്‍. ഒരു വര്‍ഷമാണ് നിയമന കാലാവധി. ഫ്‌ളോറിഡാ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് ബാബു വര്‍ഗീസിനെ ബോര്‍ഡിലേയ്ക്ക് നിയമിക്കുകയും തുടര്‍ന്ന് ഫ്‌ലോറിഡാ സെനറ്റ് ഈ നിയമനത്തിന് അംഗീകാരം നല്‍കുകയുമായിരുന്നു.

1917ല്‍ ഫ്‌ളോറിഡ സംസ്ഥാന നിയമനിര്‍മ്മാണ സമിതിയാണ് സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് രൂപീകരിച്ചത്. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം. ഫ്‌ളോറിഡയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാല്‍പതിനായിരം എഞ്ചിനീയറിംഗ് ലൈസന്‍സികളുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും ഈ ബോര്‍ഡിനു അധികാരമുണ്ട്.

1984ല്‍ കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയ ബാബു വര്‍ഗീസ് അമേരിക്കയില്‍ നിന്നും എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. അമേരിക്കയിലെ 18 സംസ്ഥാനങ്ങളില്‍ എഞ്ചിനീയറിംഗ് ലൈസന്‍സുള്ള ഇദ്ദേഹം ഡിസൈന്‍ ചെയ്തു പൂര്‍ത്തീകരിച്ച വലിയ ഷോപ്പിംഗ് മാളുകള്‍, ഹൈ റെയ്‌സ് ബില്‍ഡിംഗുകള്‍, ക്രൂസ് ടെര്‍മിനലുകള്‍, എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍ തുടങ്ങിയവയുണ്ട്. ഫോര്‍ട്ട് ലൗ സര്‍ഡേയില്‍ എയര്‍പോര്‍ട്ടിലെ ഒന്നുമുതല്‍ നാലുവരെയുള്ള ഡിപ്പാര്‍ച്ചര്‍ ഏരിയായിലെ പെഡസ്ട്രിയല്‍ കനോപിയുടെ നിര്‍മ്മാണം, ബഹാമസിലെ നാസ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വികസനം, ന്യൂ ഓര്‍ലിയന്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഹാംഗര്‍, ഓര്‍ലാന്റോ യൂണിവേഴ്‌സല്‍ സ്റ്റുഡിയോവിലെ റിസോര്‍ട്ടുപാര്‍ക്കുകളും മയാമിലെ ഷോപ്പിംഗ് കേന്ദ്രമായ പാഠകോര്‍ട്ട്, ടെന്നസി യൂണിവേഴിസിറ്റിയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി വേയ്സ്റ്റ് റ്റു എനര്‍ജി ഫെസിലിറ്റികളുടെ സ്ട്രക്ച്ചറല്‍ ഡിസൈനുകളും നിര്‍വ്വഹിച്ചു. വിവിധ കോടതികളില്‍ ഫോറന്‍സിക് എഞ്ചിനീയറിംഗ് വിദഗ്ദ്ധനായും പ്രവര്‍ത്തിച്ചുവരുന്നു.

അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധി സ്‌ക്വയര്‍ സൗത്ത് ഫ്‌ളോറിഡായിലെ ഫാല്‍ക്കണ്‍ ലീയ പാര്‍ക്കില്‍ ഡിസൈന്‍ ചെയ്തു പൂര്‍ത്തീകരിച്ചതും ഇദ്ദേഹമാണ്. പാലായില്‍ പാലാ നഗരസഭ മൂന്നാനി ലോയേഴ്‌സ് ചേംബര്‍ റൂട്ടില്‍ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ നിര്‍മ്മിക്കുന്ന ഗാന്ധി സ്‌ക്വയറിന്റെ രൂപകല്‍പ്പന നിര്‍വഹിക്കുന്നതും ബാബു വര്‍ഗീസാണ്. 2019-ലെ കമ്മ്യൂണിറ്റി സര്‍വ്വീസിനായുള്ള ”ഗര്‍ഷോം” പ്രവാസിരത്‌ന അവാര്‍ഡ് ഈ എഞ്ചിനീയറിനെ തേടി എത്തിയിരിക്കുന്നു.

ഫ്‌ളോറിഡയിലും കേരളത്തിലുമായി എണ്‍പതോളം എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്ന ആപ്‌ടെക് എഞ്ചിനീയറിംഗ് ഇന്‍ കോര്‍പ്പറേഷന്റെ പ്രസിഡന്റും പ്രിന്‍സിപ്പല്‍ എഞ്ചിനീയറുമാണ്.

തൃശൂര്‍ അയ്യന്തോള്‍ കരേരകാട്ടില്‍വറീത് സെലീന ദമ്പതികളുടെ മകനാണ്. ഭാര്യ ആഷ. മക്കള്‍: എഞ്ചിനീയര്‍മാരായ ജോര്‍ജ്, ആന്‍മേരി, വിദ്യാര്‍ത്ഥിയായ പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button