വാഷിംഗ്ടണ്‍: ഇറാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും പരസ്യമായി വെല്ലുവിളിച്ചു. ഞാന്‍ പ്രസിഡന്‍റായിരിക്കുന്നിടത്തോളം കാലം അമേരിക്കയുടെ ശത്രുക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ഒഹായോയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ ശത്രുക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരിക്കലും മടിക്കില്ലെന്നും, തീവ്ര ഇസ്ലാമിക ഭീകരതയ്ക്കെതിരെ നടപടിയെടുക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇതുവരെ നമ്മള്‍ മറ്റു രാജ്യങ്ങളെ നിര്‍മ്മിക്കുകയായിരുന്നു. പക്ഷേ ഇപ്പോള്‍ നമ്മുടെ രാജ്യം പണിയാനുള്ള സമയമായി’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡമോക്രാറ്റുകളെ ലക്ഷ്യം വെച്ച അദ്ദേഹം ഉയര്‍ന്ന നികുതി, തുറന്ന അതിര്‍ത്തികള്‍, കുറ്റകൃത്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
ഇറാഖില്‍ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിനുശേഷം ഇരു രാജ്യങ്ങളിലും സംഘര്‍ഷങ്ങള്‍ രൂക്ഷമാണ്. ആദ്യം ഇറാനിയന്‍ റവല്യൂഷനറി ആര്‍മി കമാന്‍ഡര്‍ കാസെം സൊലൈമാനിയെ വധിച്ചു. തുടര്‍ന്ന് ഇറാന്‍ പ്രതികാര നടപടികളിലേക്ക് നീങ്ങി. ആദ്യം 22 ബാലിസ്റ്റിക് മിസെലുകള്‍ പ്രയോഗിക്കുകയും ബാഗ്ദാദിലെ യുഎസ് എംബസിയ്ക്ക് സമീപം തുടര്‍ച്ചയായി ആക്രമണം നടത്തുകയും ചെയ്തു.
മുന്‍വിധികള്‍ കൂടാതെ ഇറാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ആര്‍മി കമാന്‍ഡര്‍ ജനറല്‍ കാസെം സൊലൈമാനിയെ വധിച്ചത് സ്വയം പ്രതിരോധത്തിനുള്ള നടപടിയാണെന്ന് ഐക്യരാഷ്ട്ര സഭയ്ക്ക് അയച്ച കത്തില്‍ യുഎസ് വ്യക്തമാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ പൗരന്മാരെയും താല്‍പ്പര്യങ്ങളെയും സംരക്ഷിക്കാന്‍ സൊലൈമാനിയുടെ വധം അനിവാര്യമായിരുന്നു എന്ന് യുഎസ് വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ് സൈനിക താവളങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണത്തെ ‘അമേരിക്കക്കാരുടെ ചെകിടത്ത് അടിക്കുക’ എന്നാണ് ഇറാനിലെ പരമോന്നത നേതാവ് അലി ഖംനായി പറഞ്ഞത്. അമേരിക്കന്‍ സൈനികരെ മിഡില്‍ ഈസ്റ്റില്‍ നിന്ന് തുരത്തിയോടിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും ഖംനായി പറഞ്ഞു.
ഇറാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് എക്യരാഷ്ട്ര സുരക്ഷാ സമിതിക്ക് (യുഎന്‍എസ്‌സി) അയച്ച കത്തില്‍ യുഎസ് അംബാസഡര്‍ കെല്ലി ക്രാഫ്റ്റ് സൂചിപ്പിച്ചു. ആഗോള സമാധാനത്തിന്‍റെയും സുരക്ഷയുടെയും ലക്ഷ്യങ്ങള്‍ കണക്കിലെടുത്ത് ഞങ്ങള്‍ അതിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments