ന്യൂഡല്‍ഹി: ആലപ്പുഴ ജില്ലയിലെ വേമ്പനാട് തീരത്ത് സ്ഥിതി ചെയ്യുന്ന കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി. മരടിലെ ഫ്‌ലാറ്റുകള്‍ക്ക് പിന്നാലെയാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച കേരളത്തിലെ മറ്റൊരു റിസോര്‍ട്ട് കൂടി പൊളിച്ചു കളയാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്.
കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ കാപികോ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. തീരദേശ നിയമം ലംഘിച്ച പണിത പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ആര്‍. എഫ് നരിമാന്‍ അധ്യക്ഷന്‍ ആയ ബെഞ്ച് ആണ് കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയണമെന്ന് വിധിച്ചിരിക്കുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ച് നീക്കണം എന്ന് 2013 ല്‍ ആണ് ഇപ്പൊള്‍ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് കെ.എം ജോസഫിന്റെ നേതൃത്വത്തില്‍ ഉള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു. അക്കാലത്ത് വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ആ റിപ്പോര്‍ട്ടിലാണ് കാപികോ, വാമികോ റിസോര്‍ട്ടുകളുടെ അനധികൃത നിര്‍മ്മാണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നത്. ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് ഇതില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍നടപടിയാാണ് 2018ല്‍ കേരള ഹൈക്കോടതി കാപികോ വാമികോ റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്. കാപികോ റിസോര്‍ട്ട് പൊളിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയും സ്വീകരിച്ച നിലപാട്.
Post Your Comments