സേലം: തമിഴ്‌നാട് സേലത്താണ് കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ മാതാവിന് മുടിമുറിച്ച് വില്‍ക്കേണ്ട അവസ്ഥ വന്നത്. മുപ്പത്തിയൊന്നുകാരിയായ പ്രേമയാണ് മക്കളുടെ വിശപ്പ് മാറ്റാന്‍ 150 രൂപയ്ക്ക് തലമുടി മുറിച്ച് വിറ്റത്. ഏഴുമാസം മുമ്പായിരുന്നു പ്രേമയുടെ ഭര്‍ത്താവ് സെല്‍വന്‍ കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഇതോടെ പട്ടിണിയും സാമ്പത്തിക ബാധ്യതയുംമൂലം കുടുംബം കഷ്ടപ്പെടുകയായിരുന്നു.പണമാവശ്യപ്പെട്ട് ബന്ധുക്കളേയും അയല്‍ക്കാരേയുമൊക്കെ സമീപിച്ചിരുന്നെങ്കിലും പ്രേമയെ സഹായിക്കാന്‍ ആരും തയ്യാറല്ലായിരുന്നു. ഇതോടെയാണ് തലമുടി മുറിച്ച് പണം വാങ്ങാമെന്ന് പ്രേമ തീരുമാനിക്കുന്നത്.
വെള്ളിയാഴ്ചയായിരുന്നു പെന്നാംപെട്ട് തെരുവിലൂടെ മുടി ആവശ്യപ്പെട്ട് കൊണ്ട് നടക്കുന്നയാള്‍ പ്രേമയുടെ ശ്രദ്ധയില്‍പ്പെടുന്നത്. വിഗ് ഉണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു അയാള്‍ തലമുടിക്കായി തെരുവിലെത്തിയത്.150 രൂപയ്ക്കായിരുന്നു പ്രേമ മുടിവിറ്റത്. ഇതില്‍ 100 രൂപയ്ക്ക് പ്രേമ ഭക്ഷണസാധനങ്ങള്‍ വാങ്ങിച്ചു. ബാക്കി പൈസയെടുത്ത് കടയിലേക്ക് പോയ പ്രേമ കടക്കാരനോട് ആവശ്യപ്പെട്ടത് കീടനാശിനി നല്‍കാനായിരുന്നു. എന്നാല്‍, ഇതില്‍ സംശയം തോന്നിയ കടക്കാരന്‍ കീടനാശിനി നല്‍കാതെ പ്രേമയെ മടക്കി അയച്ചു.മക്കളെ പോറ്റാന്‍ കഷ്ടപ്പെടുകയും കടം വാങ്ങിച്ച പണം ആവശ്യപ്പെട്ട ആളുകള്‍ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങിയതോടെ പ്രേമയും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു.
അഞ്ചും മൂന്നും രണ്ടും വയസ്സുള്ള മൂന്ന് മക്കളാണ് പ്രേമയ്ക്കുള്ളത്. ഇഷ്ടിക ചൂളയിലായിരുന്നു പ്രേമയും ഭര്‍ത്താവ് സെല്‍വും ജോലി ചെയ്തിരുന്നത്. ചെറുകിട സംരംഭം തുടങ്ങുന്നതിനായി രണ്ടര ലക്ഷത്തിലധികം രൂപ പലരില്‍നിന്നുമായി സെല്‍വന്‍ കടം വാങ്ങിച്ചിരുന്നു. എന്നാല്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ സെല്‍വന്‍ ജീവിതം അവസാനിപ്പിക്കുകയുമായിരുന്നു. പ്രേമയുടെ സ്ഥിതി പുറത്ത് അറിഞ്ഞതോടെ നിരവധി ആളുകള്‍ സഹായത്തിനായി എത്തിയിട്ടുണ്ട്.
Post Your Comments