തിരുവനന്തപുരം: ആരും കണാതെ റെയില്‍വേ ട്രാക്കില്‍ രാത്രിയില്‍ മാലിന്യം തള്ളാമെന്ന് കരുതിയതാ പക്ഷേ പണി പാളി. അവസാനം തള്ളിയവരെക്കൊണ്ട് മാലിന്യം തിരികെ വാരിച്ച് റെയില്‍വേ സംരക്ഷണ സേന. തിരികെ വാരിച്ചത് മാത്രമല്ല കേസും പിഴത്തുകയും ചുമത്തിയിട്ടുണ്ട്. ഹോട്ടലുകളില്‍ നിന്നുള്‍പ്പെടെ മാലിന്യം ശേഖരിച്ചു വഴിയില്‍ തള്ളുന്ന സംഘമാണു കഴിഞ്ഞ ദിവസം ആര്‍പിഎഫിന്റെ പിടിയിലായത്.
റെയില്‍വേ ട്രാക്കുകളിലും മറ്റ് പൊതുസ്ഥങ്ങളിലും ഇത്‌പോലെ മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയാണ്. തുടര്‍ച്ചയായി ശുചീകരണം നടത്തിയിട്ടും മാലിന്യം നിറച്ച ചാക്കുകള്‍ അടുത്ത ദിവസങ്ങളില്‍ റെയില്‍വേ ട്രാക്കില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം തേടി ആര്‍പിഎഫ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെ ആദ്യം ബൈക്കിലെത്തിയ ഒരാള്‍ പരിസരം നിരീക്ഷിച്ചു മടങ്ങി.കുറച്ച് കഴിഞ്ഞ് വാനിലെത്തിയ സംഘം ചാക്കുകളിലാക്കിയ മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു. മറഞ്ഞു നിന്ന ആര്‍പിഎഫിന്റെ വലയില്‍ ഇവര്‍ കുടുങ്ങുകയും ചെയ്തു. എന്നാല്‍ പെലീസിനെ കണ്ട് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബൈക്കുകളില്‍ ആര്‍പിഎഫ് സംഘം പിന്തുടര്‍ന്ന് ഇവരെ പിടികൂടി.
കരിമഠം സ്വദേശികളായ ഷമീര്‍ (24), ഷമീര്‍ (33), സജിത് (24), അരുണ്‍ (21) എന്നിവരാണ് പിടിയിലായത്. യാത്രക്കാരുടെ സുരക്ഷ, നിരോധിത സ്ഥലത്ത് കടന്നു കയറല്‍, ആരോഗ്യത്തിനു ഹാനികരമാകും വിധം പ്രവര്‍ത്തിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 25,000 രൂപ പിഴയും ഈടാക്കി.
Post Your Comments